- തിരുസഭ ഏകമാകുന്നു.
- തിരുസഭ പരിശുദ്ധമാകുന്നു.
- തിരുസഭ ശ്ലൈഹികമാകുന്നു.
- തിരുസഭ സാര്‍വ്വത്രികമാകുന്നു (കാതോലികമാകുന്നു).
തിരുസഭയുടെ ലക്ഷണങ്ങൾ ‘ഏകം, പരിശുദ്ധം, ശ്ലൈഹികം, സാര്‍വ്വത്രികം’ എന്നിവയാണ്. ഈ നാല് ലക്ഷണങ്ങളും യേശുക്രിസ്തു സ്ഥാപിച്ച ഒരേയൊരു സഭയെക്കുറിച്ചുള്ള വിശ്വാസസത്യങ്ങളെയും അതിന്റെ ആന്തരികവും ബാഹ്യവുമായ സ്വഭാവത്തെയും വെളിപ്പെടുത്തുന്നു.
ഏകം (One):
രക്ഷകനായ യേശുക്രിസ്തു സ്ഥാപിച്ച ഏക രക്ഷാമാർഗ്ഗം എന്ന നിലയിൽ സഭ ഏകമാണ്. ഇത് കേവലം സംഖ്യാപരമായ ഐക്യമോ ഐകരൂപ്യമോ അല്ല, മറിച്ച് സഭയുടെ ആന്തരികവും അവിഭാജ്യവുമായ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്.
പരിശുദ്ധം (Holy):
പരമപരിശുദ്ധനായ ദൈവത്തോട് ഒരു സൃഷ്ടിക്കുള്ള ആഭിമുഖ്യമാണ് പരിശുദ്ധി. ഇത് വ്യക്തിപരമായും വസ്തുതാപരമായും മനസ്സിലാക്കാം, വിശ്വാസികളുടെ അനുദിന ജീവിതത്തിൽ പ്രതിഫലിക്കേണ്ട ഒന്നാണ് പരിശുദ്ധി.
ശ്ലൈഹികം (Apostolic):
അപ്പസ്തോലൻ എന്ന ഗ്രീക്കുപദവുമായി ബന്ധപ്പെട്ട “ശ്ലീഹാ” എന്ന സുറിയാനി പദത്തിൽ നിന്നാണ് ഇത് രൂപംകൊണ്ടത്. ശ്ലൈഹികം എന്നതുകൊണ്ട് ഇത് അപ്പസ്തോലന്മാരുടെ പഠനങ്ങളിലും പിന്തുടർച്ചയിലും അടിസ്ഥാനമുള്ളതാണെന്ന് മനസ്സിലാക്കാം.
സാര്‍വ്വത്രികം (Catholic):
കത്തോലിക്കാസഭ എന്ന വാക്കിന്റെ അർത്ഥം തന്നെ സാർവ്വത്രിക സഭ എന്നാണ്. ഇത് ലോകം മുഴുവനുമുള്ള എല്ലാവർക്കും ഉള്ളതും എല്ലാവർക്കും വേണ്ടിയുള്ളതുമാണെന്ന് സൂചിപ്പിക്കുന്നു.

തിരുവചനത്തിന്റെ എറ്റവും ആധികാരികവും അതി പുരാതനവുമായ വ്യാഖ്യാനം സഭയുടെ ആരാധനക്രമ പ്രാർത്ഥനകൾ ആണ്. നമ്മുടെ യാമ പ്രാർത്ഥനയിലെ ഗീതങ്ങളും പരിശുദ്ധ കുർബാനയിലെ പ്രോപ്രിയ പ്രാർത്ഥനകളും ഇതിനു മകുടോദാഹരങ്ങൾ ആണ്. (ചിത്രം ശ്രദ്ധിക്കുക)
ശ്ലീഹന്മാർ ആണ് തിരുസഭയുടെ അടിത്തറ. പത്രോസ് ശ്ലീഹയോടു ഈശോ പറഞ്ഞു, “നീ കേപ്പാ (പാറ) ആകുന്നു. ഈ കേപ്പമേൽ എന്റെ സഭ ഞാൻ പണിയും. പാതാള വാതിലുകൾ അതിനെതിരെ ബലപ്പെടുകയില്ല. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ നിനക്ക് ഞാൻ തരും” ( മത്തായി 16:18-19) പത്രോസ് ശ്ലീഹാ പന്ത്രണ്ട് ശ്ലീഹന്മാരുടെയും പ്രധിനിധി ആയാണ്, ഈശോ സജീവനായ ദൈവത്തിന്റെ പുത്രനായ മിശിഹാ ആണ് എന്നേറ്റു പറഞ്ഞത്. അദ്ദേഹത്തോട് ഈശോ അരുളി ചെയ്തത് ശ്ലീഹന്മാർ എല്ലാവരെയും സംബന്ധിച്ച് തികച്ചും വാസ്തവമാണ്. അവരുടെയെല്ലാവരുടെയും വിശ്വാസമാകുന്ന പാറമേൽ ആണ് കർത്താവിന്റെ സഭ അവിടുന്ന് സ്ഥാപിച്ചത്. പന്ത്രണ്ട് ശ്ലീഹന്മാരുടെയും നേതാവ് പത്രോസ് ശ്ലീഹാ ആയിരുന്നു. ഇന്നും അതുകൊണ്ടാണ് പത്രോസ് ശ്ലീഹായുടെ പിൻഗാമിയായ മാര്‍പ്പാപ്പ ആഗോള സഭയെ നയിക്കുന്നത് . തോമാ ശ്ലീഹായുടെ പിൻഗാമി ആയ നസ്രാണി സഭയുടെ തലവനും ലാറ്റിൻ സഭയുടെ തലവനും തിരുസഭയിൽ ഒരേ സ്ഥാനം ആണുള്ളത്. തോമാ ശ്ലീഹായും പത്രോസ് ശ്ലീഹായും ഇന്നുണ്ടായിരുന്നുവെങ്കിൽ എങ്ങനെ ആയിരിക്കുമോ അങ്ങനെ തന്നെ ആയിരിക്കണം പിൻഗാമികളുടെ സമീപനവും. ശിഷ്യഗണത്തിൽ സമന്മാരിൽ ഒന്നാമൻ പത്രോസ് ശ്ലീഹായാണ്.
കർത്താവ് സ്ഥാപിച്ചിരിക്കുന്ന തിരുസഭയുടെ ലക്ഷണങ്ങൾ ഇവയാണ്. സഭ ശ്ലൈഹികം ആണ്, സാർവ്വത്രികം ആണ്, ഏകമാണ്, പരിശുദ്ധം ആണ്. ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഒരേയൊരു സഭയെ ഇന്ന് ലോകത്തുള്ളൂ. അത് പരിശുദ്ധ കത്തോലിക്കാ സഭയാണ്. മിശിഹായാൽ സ്ഥാപിക്കപ്പെട്ട കത്തോലിക്കാ സഭ പരിശുദ്ധം ആണ്, ഏകം ആണ്, ശ്ലൈഹികം ആണ്, സാർവ്വത്രികം ആണ്. ശിഷ്യന്മാരുടെ കൂട്ടായ്മയിൽ ആണ് ഈശോ അവരുടെ വിശ്വാസമാകുന്ന പാറമേൽ തിരുസഭ സ്ഥാപിച്ചത്. ഈ ശ്ലൈഹിക കൂട്ടായ്മയിൽ നിന്ന് മാറി നിന്ന് ശ്ലീഹന്മാരായ പത്രോസിനോ തോമായിക്കോ യാക്കോബിനോ മറ്റൊരു സഭ വളർത്തി അത് കർത്താവിന്റെ സഭയാണ് എന്ന് വാദിക്കാൻ സാധിക്കില്ല. ഒരു ശരീരത്തിലെ എല്ലാ അവയവങ്ങളും ഏകോപനത്തോടെ പ്രവർത്തിച്ചാലേ കാര്യങ്ങൾ സുഗമമായി തീരു. കൈക്കും കാലിനും ശരീരത്തിൽ നിന്ന് മാറി നിന്ന് ഞാനാണ് എല്ലാം എന്ന് പറയാൻ ഒരിക്കലും സാധിക്കില്ല. കത്തോലിക്കാ സഭയുടെ ശിരസാണ് മിശിഹാ. എല്ലാ വ്യക്തിസഭകളും ഒരേ പ്രാധാന്യത്തോടെ കൂടിചേർന്ന് ഒന്നാകുമ്പോൾ അത് കത്തോലിക്കാ സഭയാകുന്നു. എല്ലാ സഭകളും അതിന്റെ ചൈതന്യവും പാരമ്പര്യവും തനിമയും സംരക്ഷിച്ചുകൊണ്ട് ഒന്നാകുമ്പോൾ ആണ് കത്തോലിക്കാ സഭ കൂടുതൽ മനോഹരമാകുന്നത്. 24 വ്യക്തിസഭകൾ അവരുടെ തനിമയും പാരമ്പര്യവും നിലനിര്‍ത്തി ഒരു പൂവിന്റെ ഇതളുകൾ പോലെ സംയോജിച്ച് വിരിഞ്ഞു നിൽക്കുന്ന മനോഹരമായ പുഷ്പമായ കത്തോലിക്കാ സഭയെ പോലെ വേറെ ഏതു സഭയുണ്ട് ഈ ലോകത്തിൽ?
കാത്തോലിക്കാ സഭ ശ്ലൈഹികം ആണ്, സാർവ്വത്രികം ആണ്, ഏകം ആണ്, പരിശുദ്ധം ആണ്. സത്യസഭയുടെ ലക്ഷണങ്ങൾ ആണ് ഇവയൊക്കെ. പത്രോസിന്റെ പിന്‍ഗാമിയായ മാർപാപ്പ ഈ സഭയുടെ അധ്യക്ഷനും ആണ്. ഈ സവിശേഷതകൾ എല്ലാം ഒരുപോലെ ഒത്തിണങ്ങിയ ഒരു മറ്റൊരു സാർവ്വത്രിക സഭ ലോകത്തില്ല.
ശിഷ്യന്മാരുടെ കൂട്ടത്തിൽ എറ്റവും മുതിർന്ന വ്യക്തി ആയിരുന്ന പത്രോസ് ശ്ലീഹാ ആയിരുന്നു ശിഷ്യ പ്രമുഖൻ. വേദപുസ്തകം ശ്രദ്ധയോടെ വായിച്ചാൽ ആർക്കും മനസിലാക്കാവുന്ന വളരെ ലളിതമായ ഒരു വസ്തുത ആണിത്. ഏതൊരു കൂട്ടായ്മക്കും ഒരു അധ്യക്ഷൻ അഥവാ coordinator വേണം. ഒരു ക്ലാസിൽ ആ ക്ലാസിലെ എല്ലാ വിദ്യാർത്ഥികളുടെയും പ്രതിനിധിയായി ഒരു prefect അഥവാ ലീഡർ ഉണ്ടായിരിക്കുന്നത് പോലെ തന്നെ. എന്നാൽ ഇദ്ദേഹത്തിനു coordinator എന്നതിൽ കവിഞ്ഞു യാതൊരു പ്രാധാന്യവും ലഭിക്കില്ല. മറ്റു വിദ്യാർത്ഥികളോട് തുല്യൻ തന്നെ ആണവൻ. പത്രോസ് ശ്ലീഹായും ഇത് പോലെ തന്നെ ആണ്. എല്ലാ ശിഷ്യന്മാരും തുല്യരാണ്. എന്നാൽ സമന്മാരിൽ ഒന്നാമൻ പത്രോസ് ശ്ലീഹാ ആണ്.
ഇന്ന് വ്യക്തി സഭകൾ തമ്മിലുള്ള വ്യത്യാസത്തെ കേവലം അനുഷ്ടാനങ്ങളിൽ (rites) ഉള്ള വ്യത്യാസമായി പലരും ചുരുക്കുന്നതിനെ ദൈവ ശാസ്ത്രജ്ഞൻമാർ എതിർക്കുന്നു. ആരാധനക്രമത്തിലെ വ്യത്യാസങ്ങൾ വിശ്വാസത്തിന്റെ പ്രബോധനത്തിലും ആധ്യാത്മികതയിലും ഉണ്ടായിരിക്കും എന്നത് ഉറപ്പാണ്. അതുകൊണ്ടാണ് വ്യക്തിസഭകളുടെ പൈതൃകമായി ആരാധനാക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം എന്നീ മെശിയാനികാ ജീവിതത്തിന്റെ എല്ലാ വശങ്ങളെ തന്നെയും കത്തോലിക്കാ സഭ ചൂണ്ടി കാട്ടിയത്. ഇങ്ങനെ വ്യത്യസ്ത പൈതൃകങ്ങൾ ഉള്ള സമൂഹങ്ങളെ സഭകൾ എന്ന് മാത്രമേ വിളിക്കാനാവു. സാർവ്വത്രികസഭ (കത്തോലിക്കാ സഭ) ഈ സഭാ സമൂഹങ്ങളുടെ കൂട്ടായ്മ ആണന്നു ഉള്ള അവബോധം രണ്ടാം വത്തിക്കാൻ കൗണ്‍സിൽ നമുക്ക് വീണ്ടെടുത്തു തരികയും ചെയ്തു.