Sunday, November 24, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints AugustAugust 05: രാജാവും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ഓസ്‌വാള്‍ഡ്

August 05: രാജാവും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ഓസ്‌വാള്‍ഡ്

നോര്‍ത്തംബ്രിയയിലെ ആഗ്ലോ-സാക്സണ്‍ രാജാവായിരുന്നു വിശുദ്ധ ഓസ്‌വാള്‍ഡ്. ഒരു തികഞ്ഞ ക്രിസ്തീയ വിശ്വാസിയായിരുന്ന ഓസ്‌വാള്‍ഡ് രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രകാരനായിരുന്ന ബെഡെയില്‍ നിന്നുമാണ് അറിവായിട്ടുള്ളത്‌. തന്റെ പ്രജകളുടെ ക്ഷേമത്തിന് അവരെ ദൈവത്തിന്റെ ആത്മീയമായ രാജ്യത്തേക്ക് കൊണ്ട് വരികയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് നന്നായി അറിയാമായിരുന്ന വിശുദ്ധന്‍ അവരോടൊപ്പം നിത്യ മഹത്വം പ്രാപിക്കുന്നതിന് അക്ഷീണം പരിശ്രമിച്ചു. ആ സമയത്താണ് ക്രൂരനും സ്വേച്ചാധിപതിയുമായ കാഡ്വല്ലാ, നോര്‍ത്തംബ്രിയന്‍ പ്രവിശ്യകളില്‍ തന്റെ ആക്രമണം അഴിച്ചു വിട്ടത്. ഭൂരിഭാഗം പ്രദേശങ്ങളെയെല്ലാം കത്തിച്ചു ചാമ്പലാക്കുകയും മുഴുവന്‍ ആളുകളേയും അദ്ദേഹം വാളിനിരയാക്കുകയും ചെയ്തു. അതേ തുടര്‍ന്ന്‍ വിശുദ്ധ ഓസ്‌വാള്‍ഡ് തന്നാല്‍ കഴിയുന്ന സൈന്യത്തെ ഒരുമിച്ചു കൂട്ടുകയും, യേശുവില്‍ ആശ്രയിച്ച് ശക്തനായ ശത്രുവിനെ നേരിടുന്നതിനായി ഇറങ്ങി തിരിക്കുകയും ചെയ്തു.

ഡെനിസ്-ബേണ്‍ എന്ന സ്ഥലത്ത് വെച്ചാണ് അദ്ദേഹം തന്റെ ശത്രുക്കളെ നേരിട്ടത്. ശത്രുപാളയത്തോട് അടുത്തപ്പോള്‍ ഭക്തനായ ആ രാജാവ് വളരെ ധൃതിയില്‍ മരം കൊണ്ട് ഒരു കുരിശുണ്ടാക്കി. അത് യുദ്ധഭൂമിയില്‍ സ്ഥാപിച്ചതിനു ശേഷം തന്റെ സൈനീകരോട് പറഞ്ഞു: “നമുക്കെല്ലാവര്‍ക്കും മുട്ടുകുത്തിനിന്ന് ഒരുമിച്ച് ശക്തനായ നമ്മുടെ ഏക ദൈവത്തോട് പ്രാര്‍ത്ഥിക്കാം, നാം നമ്മുടെ ജീവനേയും രാജ്യത്തേയും രക്ഷിക്കുവാന്‍ വേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്ന് അവിടുത്തേക്ക് അറിയാം.” അദ്ദേഹത്തിന്റെ നിര്‍ദേശം കേട്ടപാടെ എല്ലാ പടയാളികളും പ്രാര്‍ത്ഥനാനിരതരായി. കാരുണ്യവാനായ ദൈവം കാഡ്വല്ലായുടെ വലിയ സൈന്യത്തിന് മേല്‍ അത്ഭുതകരമായ രീതിയില്‍ വിശുദ്ധന്റെ സൈന്യത്തിന് വിജയം നേടികൊടുക്കുകയും, ആ യുദ്ധത്തില്‍ കാഡ്വല്ലാ കൊല്ലപ്പെടുകയും ചെയ്തു.

വിശുദ്ധന്‍ കുരിശ് നാട്ടിയ ആ സ്ഥലം പിന്നീട് ഹെവന്‍ ഫീല്‍ഡ് (Heaven’s field) എന്ന പേരിലാണ് അറിയപ്പെട്ടത്. ബെഡെയുടെ അഭിപ്രായത്തില്‍ അതിനു മുന്‍പ് ബെര്‍ണീസിയന്‍ രാജ്യത്ത് ഒരു ദേവാലയമോ കുരിശോ ഉള്ളതായി അറിവില്ലായിരുന്നു. ഈ കുരിശ് പില്‍ക്കാലത്ത് വളരെയേറെ പ്രസിദ്ധമായി, ഈ കുരിശിനെ ചുറ്റിപ്പറ്റി നിരവധി അത്ഭുതങ്ങള്‍ നടക്കുകയുണ്ടായി. ബെഡെ വിശുദ്ധന്റെ ജീവചരിത്രമെഴുതുന്നതിനും മുമ്പ് തന്നെ അവിടെ ഒരു ദേവാലയം ഉയര്‍ന്നിരുന്നു. ആ വിജയത്തെ തുടര്‍ന്ന്‍ വിശുദ്ധ ഓസ്‌വാള്‍ഡ് ദൈവത്തിനു നന്ദിപറയുകയും തന്റെ ആധിപത്യത്തിലുള്ള പ്രദേശങ്ങളില്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. കൂടാതെ ക്രിസ്തുവിനോടുള്ള ഭക്തി ആ പ്രദേശങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

അതിനായി തന്റെ സ്ഥാനപതികള്‍ മുഖാന്തിരം വിശുദ്ധന്‍ തന്റെ രാജ്യത്തേക്ക് ഒരു മെത്രാനേയും, സഹായികളെയും അയക്കുവാന്‍ സ്കോട്ട്ലാന്‍ഡിലെ രാജാവിനോടും മെത്രാന്‍മാരോടും ആവശ്യപ്പെട്ടു. ഹിജിലെ പ്രസിദ്ധമായ ആശ്രമത്തില്‍ നിന്നും എത്തിയ സന്യാസിയായിരുന്ന ഐഡാന്‍ ആണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഐഡാന്റെ സഭാകേന്ദ്രമായി ലിന്‍ഡിസ്ഫാര്‍ണെ ദ്വീപ്‌ വിശുദ്ധ ഓസ്‌വാള്‍ഡ് വിട്ടുനല്‍കി. അയര്‍ലണ്ടുകാരനായിരുന്ന ഐലാന്‍ഡേയുടെ ശുശ്രൂഷകളും, പ്രബോധനങ്ങളും വിശുദ്ധ ഓസ്‌വാള്‍ഡ് തന്നെയായിരുന്നു മറ്റുള്ളവര്‍ക്ക് തര്‍ജ്ജമ ചെയ്ത് വിവരിച്ചു കൊടുത്തിരുന്നത്.

വിശുദ്ധന്‍ തന്റെ ഭരണപ്രദേശങ്ങളില്‍ നിരവധി ദേവാലയങ്ങളും, ആശ്രമങ്ങളും പണികഴിപ്പിച്ചു. നശ്വരമായ തന്റെ രാജ്യം ഭരിക്കുന്നതിനൊപ്പം തന്നെ അനശ്വരമായ രാജ്യത്തിന് വേണ്ട ആന്തരികമായ തയ്യാറെടുപ്പുകളും വിശുദ്ധന്‍ നടത്തുന്നുണ്ടായിരുന്നു. വളരെ വിശാലമായൊരു സാമ്രാജ്യത്തിനധിപതിയായിരുന്നു വിശുദ്ധനെന്ന് ബെഡെ രേഖപ്പെടുത്തിയിരിക്കുന്നു. ഹിജിലെ ആശ്രമാധിപന്‍ വിശുദ്ധനെ ബ്രിട്ടണിലെ ചക്രവര്‍ത്തിയായിട്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്‌. അത്ര വലിയ രാജാവായിരുന്നിട്ട് പോലും വിശുദ്ധന്‍ തന്റെ എളിമ കൈവെടിഞ്ഞിരുന്നില്ല. ഒരിക്കല്‍ വിശുദ്ധന്‍ ഭക്ഷണം കഴിക്കുവാന്‍ തന്റെ തീന്‍മേശയിലിരിക്കുമ്പോള്‍ ദാനധര്‍മ്മങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ കൊട്ടാരത്തിന്റെ കവാടത്തില്‍ നിരവധിപേര്‍ ഭിക്ഷക്കായി നില്‍ക്കുന്നു എന്നറിയിച്ചു. ഉടനേ തന്നെ വിശുദ്ധന്‍ ഒരു വലിയ വെള്ളിപാത്രത്തില്‍ നിറയെ ഭക്ഷണമെടുത്ത് കൊടുത്തിട്ട് അതവര്‍ക്ക് വീതിച്ചു കൊടുക്കുവാന്‍ പറഞ്ഞു.

ഏതാണ്ട് എട്ടുവര്‍ഷത്തോളം വളരെ നല്ല രീതിയില്‍ വിശുദ്ധന്‍ തന്റെ രാജ്യം ഭരിച്ചു കഴിഞ്ഞപ്പോള്‍ മെര്‍സിയായിലെ വിജാതീയ രാജാവായിരുന്ന പെന്‍ഡാ വിശുദ്ധന്റെ പ്രദേശങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു. വിശുദ്ധന്റെ അമ്മാവനും, ദൈവ ഭക്തനുമായിരുന്ന എഡ്വിന്‍ രാജാവിനെ വധിച്ചതും പെന്‍ഡാ തന്നെയായിരുന്നു. വിശുദ്ധ ഓസ്‌വാള്‍ഡ് ഒരു ചെറിയ സൈന്യവുമായി പെന്‍ഡായെ നേരിടുകയും ആ യുദ്ധത്തില്‍ വിശുദ്ധന്‍ കൊല്ലപ്പെടുകയും ചെയ്തു. 642 ഓഗസ്റ്റ് 5-നു തന്റെ മുപ്പത്തി എട്ടാമത്തെ വയസ്സില്‍ മേസര്‍ഫീല്‍ഡ് എന്ന സ്ഥലത്ത് വെച്ചു വിശുദ്ധന്‍ വധിക്കപ്പെട്ടത്. ലങ്കാഷയറിലെ മിന്‍വിക്കിലാണ് ഈ സ്ഥലമെന്ന് കരുതപ്പെടുന്നു.

ശത്രു സൈന്യത്താല്‍ വളയപ്പെട്ടപ്പോള്‍ വിശുദ്ധന്‍ തന്റെ പടയാളികളുടെ ആത്മാക്കള്‍ക്ക് വേണ്ടി “ഓ ദൈവമേ അവരുടെ ആത്മാക്കളോട് കരുണയുള്ളവനായിരിക്കണമേ” എന്ന് പ്രാര്‍ത്ഥിച്ചത് പില്‍ക്കാലത്ത് പ്രസിദ്ധമായ വാക്യമായി തീര്‍ന്നിട്ടുണ്ട്. ക്രൂരനായ പെന്‍ഡാ വിശുദ്ധനെ കൊലപ്പെടുത്തിയതിനു ശേഷം അദ്ദേഹത്തിന്റെ ശിരസ്സും കൈകളും മുറിച്ച് കോലുകളില്‍ കുത്തിനിര്‍ത്തി. ഓസ്‌വാള്‍ഡിന്റെ പിന്‍ഗാമിയായിരുന്ന വിശുദ്ധന്റെ സഹോദരന്‍ അടുത്ത വര്‍ഷം തന്നെ അവ തന്റെ കൊട്ടാരത്തിലേക്ക് കൊണ്ട് പോവുകയും, ശിരസ്സ് ലിന്‍ഡിസ്ഫാര്‍യിണെയിലേക്ക് അയക്കുകയും, അത് പിന്നീട് വിശുദ്ധ കുത്ബെര്‍ട്ടിന്റെ ഭൗതീകശരീരത്തിന്റെ കൂടെ അടക്കം ചെയ്യുകയും ചെയ്തു.

ഇതര വിശുദ്ധര്‍

1. എദേസായിലെ അഡ്ഡെവിയും മാറിയും

2. ഓഗ്സ്ബാഗ്ഗിലെ അഫ്രാ

3. ഔട്ടൂണിലെ കാസിയന്‍

4. എമിഗ്ഡിയൂസ്

5. എവുസിഞ്ഞിയൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...