1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരൻ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ പിതാവ് 1941-ലും മരണമടഞ്ഞു. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് വിശുദ്ധൻ ആദ്യ കുർബാന സ്വീകരിച്ചത്. സ്ഥൈര്യലേപനം സ്വീകരിച്ചത് പതിനെട്ടാമത്തെ വയസ്സിലുമാണ്.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം 1938-ൽ കാർകോവിലെ ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ ചേർന്നു. 1939-ൽ നാസികൾ സർവ്വകലാശാല അടച്ചപ്പോൾ, ജർമ്മനിയിലേക്ക് നാടുകടത്താതിരിക്കുവാനും ജീവിത ചിലവിനുമായി അദ്ദേഹം ഒരു ഖനിയിലും പിന്നീട് സോൾവെയ് കെമിക്കൽ കമ്പനിയിലും (1940-1944) ജോലി ചെയ്തു. പൗരോഹിത്യ ജീവിതത്തിനായി താൻ വിളിക്കപ്പെട്ടു എന്ന തോന്നലുണ്ടായ വിശുദ്ധൻ ആഡം സ്റ്റെഫാൻ സപിയെഹ മെത്രാപ്പോലീത്തയുടെ ഉപദേശ പ്രകാരം കാർകൊവിലെ ക്ലാൻഡെസ്റ്റിൻ ആശ്രമത്തിൽ ചേർന്ന് തന്റെ പഠനം തുടർന്നു.
യുദ്ധത്തിന് ശേഷം 1946 നവംബർ 1നു കാർകോവിൽ വെച്ച് പുരോഹിത പട്ടം സ്വീകരിക്കുന്നത് വരെ കാരൾ പുതുതായി തുറന്ന സെമിനാരിയിലും ജാഗേല്ലോനിയൻ സർവ്വകലാശാലയിലെ ദൈവശാസ്ത്ര വിദ്യാലയത്തിലും തന്റെ പഠനം തുടർന്നു. ഇതിനിടെ കർദ്ദിനാൾ സപിയെഹ ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നേടുന്നതിനായി കരോള്‍ ജോസഫിനെ 1948-ൽ റോമിലേക്കയച്ചു. കുരിശിന്റെ വിശുദ്ധ ജോണിന്റെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാവുന്ന വിശ്വാസം എന്ന വിഷയത്തിലാണ് വിശുദ്ധന്‍ തന്റെ പ്രബന്ധം എഴുതിയത്.
റോമിൽ വിദ്യാർത്ഥിയായിരിക്കെ വിശുദ്ധൻ തന്റെ അവധിക്കാലങ്ങൾ ഫ്രാൻസിലെയും, ബെൽജിയത്തിലെയും, ഹോളണ്ടിലെയും പോളണ്ട് അഭയാർത്ഥികൾക്കിടയിൽ പ്രേഷിത പ്രവർത്തനം നടത്തിയായിരുന്നു ചിലവഴിച്ചത്. 1948-ൽ ഫാ. കരോള്‍ പോളണ്ടിലേക്ക് തിരിച്ച് വരികയും കാർകോവിനടുത്തുള്ള നീഗൊവിയിലെ ഇടവക പള്ളിയുടെ സഹ വികാരിയായി ചുമതലയേല്‍ക്കുകയും ചെയ്തു. പിന്നീട് നഗരത്തിലെ വിശുദ്ധ ഫ്ലോരിയാൻ പള്ളിയിലും അദ്ദേഹം സേവനമനുഷ്ടിച്ചു. 1951 വരെ അദ്ദേഹം യൂണിവേഴ്സിറ്റി ചാപ്പൽ പുരോഹിതനായി സേവനമനുഷ്ടിച്ചു.
പിന്നീട് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനങ്ങളിൽ മുഴുകി. 1953-ൽ മാക്സ് ഷെല്ലെർ വികസിപ്പിച്ച സാന്മാര്‍ഗിക വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ക്രിസ്തീയ സാന്മാര്‍ഗികത പാകുന്നതിലുള്ള സാധ്യതകൾ എന്ന തന്റെ പ്രബന്ധം ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ സമർപ്പിച്ചു. പിന്നീട് അദ്ദേഹം കാർകോവിലെ സെമിനാരിയിൽ ധാർമ്മിക ദൈവശാസ്ത്ര പ്രൊഫസ്സറും ലുബ്ലിനിലെ ദൈവശാസ്ത്ര അധ്യാപകനുമായി തീർന്നു.
1958 ജൂലൈ 4ന് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പാ ഫാ. കരോളിനെ കാർകോവിലെ സഹായക മെത്രാനായി നിയമിച്ചു. 1958 സെപ്റ്റംബർ 28ന് യുജെനിയൂസ് ബാസിയാക് മെത്രാപ്പോലീത്ത വിശുദ്ധനെ കാർകോവിലെ വാവെൽ ഭദ്രാസനപ്പള്ളിയിൽ നിയമിച്ചു. 1964 ജനുവരി 13ന് പോൾ ആറാമൻ മാർപാപ്പാ അദ്ദേഹത്തെ കാർകോവിലെ മെത്രാനായി നിയമിച്ചു. 1967 ജൂണ്‍ 26ന് കർദ്ദിനാൾ ആയി ഉയർത്തി.
ഇതിനിടെ വിശുദ്ധന്‍ രണ്ടാം വത്തിക്കാൻ കൗണ്‍സിലിൽ പങ്കെടുക്കുകയും (1962- 1965) അജപാലന ഭരണഘടനയുടെ നിർമ്മാണത്തിൽ കാര്യമായ പങ്ക് വഹിക്കുകയും ചെയ്തു. തന്റെ പാപ്പാ സ്ഥാനലബ്ദിക്ക് മുൻപുണ്ടായ മെത്രാന്മാരുടെ അഞ്ചു സുന്നഹദോസുകളിലും വിശുദ്ധൻ പങ്കെടുത്തിരുന്നു. 1978 ഒക്ടോബർ 26ന് കർദ്ദിനാൾ കരോള്‍ വൊജ്‌ട്ടിലയെ മാർപാപ്പയായി തിരഞ്ഞെടുത്തു. ഒക്ടോബർ 22ന് ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേരില്‍ അദ്ദേഹം ആഗോള സഭയുടെ അജപാലക ദൗത്യം ആരംഭിച്ചു.
ഇറ്റലിയില്‍ ഏതാണ്ട് 146 ഓളം പ്രേഷിത സന്ദര്‍ശനങ്ങള്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. റോമിന്റെ മെത്രാന്‍ എന്ന നിലക്ക് ഇപ്പോഴത്തെ 322 റോമന്‍ ഇടവകകളില്‍ 317-ലും പാപ്പാ സന്ദര്‍ശനം നടത്തിയിരുന്നു. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമി എന്ന നിലയിലും, തീക്ഷ്ണമായ അജപാലന ഔത്സുക്യം കൊണ്ടും അദ്ദേഹം നടത്തിയ രാജ്യാന്തര അപ്പോസ്തോലിക യാത്രകള്‍ ഏതാണ്ട് 104-ഓളം വരും. അദ്ദേഹത്തിന്റെ എഴുത്തുകളില്‍ 14 ചാക്രികലേഖനങ്ങളും, 15 അപ്പസ്തോലിക ഉപദേശങ്ങളും, 11 അപ്പോസ്തോലിക ഭരണഘടനാ നിര്‍ദ്ദേശങ്ങളും, 45 അപ്പോസ്തോലിക കത്തുകളും ഉള്‍പ്പെടുന്നു.
വിശുദ്ധന്‍ 5 പുസ്തകങ്ങളുടെ രചനയും നടത്തിയിട്ടുണ്ട് : ക്രോസിംഗ് ദി ത്രെഷോള്‍ട് ഓഫ് ഹോപ് (ഒക്ടോബര്‍ 1994); ഗിഫ്റ്റ് ആന്‍ഡ് മിസ്റ്ററി, ഓണ്‍ ദി ഫിഫ്റ്റീന്‍ത് ആന്നിവേഴ്സറി ഓഫ് മൈ പ്രീസ്റ്റ്ലി ഓര്‍ഡിനേഷന്‍ (നവംബര്‍ 1996); റോമന്‍ ട്രിപറ്റിക്ക്, മീഡിയേഷന്‍സ് ഇന്‍ പോയട്രി (മാര്‍ച്ച് 2003); റൈസ്, ലെറ്റ് അസ് ബി ഓണ്‍ യുവര്‍ വേ (മാര്‍ച്ച് 2004), മെമ്മറി ആന്‍ഡ് ഐഡന്‍ന്റിറ്റി (ഫെബ്രുവരി 2005) എന്നിവയാണ് അവ.
ആഗോള സഭയുടെ തലവെനെന്ന നിലയില്‍ അദ്ദേഹം ഏതാണ്ട് 147-ഓളം നാമകരണങ്ങള്‍ നടത്തി. ഒമ്പത് പ്രാവശ്യമായി 231-ഓളം കര്‍ദ്ദിനാള്‍മാരെയും അദ്ദേഹം തിരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍മാരുടെ 6-ഓളം സഭാ സമ്മേളനങ്ങളില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. 1978 മുതല്‍ മെത്രാന്മാരുടെ ഏതാണ്ട് 15-ഓളം സുനഹദോസുകള്‍ നടത്തി. 6 സാധാരണ യോഗങ്ങളും (1980, 1983, 1987, 1990, 1994, 2001), ഒരു പ്രത്യേക പൊതു യോഗവും (1985) കൂടാതെ 8 പ്രത്യേക യോഗങ്ങളും (1980, 1991, 1994, 1995, 1997, 1998 (2), 199) വിശുദ്ധന്‍ വിളിച്ചു കൂട്ടി.
1981 മെയ് 3ന് സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വച്ചുണ്ടായ ഒരു വധ ശ്രമത്തില്‍ നിന്നും പരിശുദ്ധ അമ്മയുടെ സഹായത്താലാണ് വിശുദ്ധന്‍ രക്ഷപ്പെട്ടത്. നീണ്ട ആശുപത്രി വാസത്തിനിടക്ക് തന്നെ വധിക്കുവാന്‍ ശ്രമിച്ച ആള്‍ക്ക് അദ്ദേഹം മാപ്പ് നല്‍കി. ധീരമായ ഇത്തരം നടപടികളിലൂടെ വിശുദ്ധന്‍ തനിക്ക് ലഭിച്ചിട്ടുള്ള അജപാലന വരദാനങ്ങളെ കൂടുതല്‍ അനുഗ്രഹദായകമാക്കി. ധാരാളം പുതിയ രൂപതകള്‍ സ്ഥാപിക്കുവാനും സഭാ ഇടയ ലേഖനങ്ങള്‍, ലത്തീന്‍ കത്തോലിക്കര്‍ക്കും, പൗരസ്ത്യ ദേശത്തെ പള്ളികള്‍ക്കുമുള്ള തിരുസഭാ നിയമങ്ങള്‍ നിലവില്‍ വരുത്താനും അദ്ദേഹം പ്രയത്നിച്ചു. ഉയിര്‍പ്പിന്റെ വര്‍ഷം, മരിയന്‍ വര്‍ഷം, വിശുദ്ധ കുര്‍ബ്ബാനയുടെ വര്‍ഷം തുടങ്ങിയവയും കൂടാതെ എ.ഡി. 2000 ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചതും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്.
ലോക യുവജന ദിനം തുടങ്ങിയത് മൂലം ധാരാളം യുവാക്കളെയും യുവതികളെയും സഭയിലേക്ക് ആകര്‍ഷിക്കുവാന്‍ വിശുദ്ധനു കഴിഞ്ഞു. ഏതാണ്ട് ഒരു കോടി എഴുപത്തിയാറു ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ് അദ്ദേഹം തന്‍റെ ബുധനാഴ്ച തോറും ഉള്ള പൊതു പ്രസംഗത്തിലൂടെ (ഏതാണ്ട് 1,160 ഓളം പ്രസംഗങ്ങള്‍) അഭിസംബോധന ചെയ്തത്. പ്രത്യേക അവസരങ്ങളിലെ അഭിസംബോധനകളും മതപരമായ ചടങ്ങുകളിലെ പ്രസംഗങ്ങളും മേല്‍പ്പറഞ്ഞ കണക്കില്‍പ്പെടുകയില്ല (80 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ജൂബിലി വര്‍ഷമായ 2000 ത്തില്‍ മാത്രം എത്തിയത്).
ഇറ്റലിയിലും ലോകം മുഴുവനുമായി നടത്തിയിട്ടുള്ള പ്രേഷിത സന്ദര്‍ശനങ്ങളില്‍ ദശലക്ഷകണക്കിന് വിശ്വാസികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുമായി എണ്ണമറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയുമായിട്ടും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഏതാണ്ട് 38 ഔദ്യോഗിക സന്ദര്‍ശനങ്ങളും, 738 പൊതു യോഗങ്ങളും വിവിധ രാഷ്ട്രത്തലവന്‍മാരുമായും, 246 പൊതു യോഗങ്ങള്‍ പ്രധാനമന്ത്രിമാരുമായും അദ്ദേഹം നടത്തിയിട്ടുണ്ട്.
2005 ഏപ്രില്‍ 2നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ഈ ലോകത്തോട് വിട പറഞ്ഞു. ഏപ്രില്‍ 8ന് സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വച്ച് വിശുദ്ധന്റെ സംസ്കാര ചടങ്ങുകള്‍ നടത്തുകയും സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ കല്ലറയില്‍ അടക്കുകയും ചെയ്തു. 2011 മെയ് 1നു ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രിൽ 27ന് ഫ്രാൻസിസ് മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.
ഇതര വിശുദ്ധര്‍
1.ഫ്രീജിയായിലെ അബെര്‍സിയൂസു
2. അലക്സാണ്ടറും ഹെരാക്ലിയൂസും
3. മാച്ചെറാക്കിലെ ബെനഡിക്റ്റ്
4. ഫ്രെഞ്ചു രാജകുമാരനായ ബെര്‍ത്താരിയൂസ്
5. ഉര്‍സുളായുടെ ഒരു കൂട്ടുകാരിയായ കൊര്‍ഡുളാ