Wednesday, October 16, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints OctoberOctober 09: വിശുദ്ധനായ കർദ്ദിനാൾ ജോണ്‍ ഹെൻറി ന്യൂമാൻ

October 09: വിശുദ്ധനായ കർദ്ദിനാൾ ജോണ്‍ ഹെൻറി ന്യൂമാൻ

19-മത്തെ നൂറ്റാണ്ടിലെ ഒരു ക്രിസ്തീയ പണ്ഡിതനായിരുന്ന ജോണ്‍ ഹെൻറി ന്യൂമാൻ ലണ്ടനിൽ 1801 ലാണ് ജനിച്ചത്. തന്റെ യൌവനത്തിൽ അപാരമായ ആത്മീയാന്വോഷണ ത്വര പ്രകടമാക്കിയ ഇദ്ദേഹം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രം പഠിക്കുവാൻ ചേർന്നു. ക്രമേണ അദ്ദേഹം ഒരു ആംഗ്ലിക്കൻ പുരോഹിതനും, ഓറിയൽ കോളേജിലെ പ്രഗൽഭ അംഗവും, ഇംഗ്ലണ്ടിലെ കത്തോലിക്കാ വിശ്വാസത്തിന്റെ വേരുകളെ കുറിച്ച് പഠിക്കുന്ന ഓക്സ്ഫോർഡ് പ്രസ്ഥാനത്തിന്റെ നേതാവുമായി. 1842-ൽ ‘ക്രിസ്ത്യൻ സിദ്ധാന്തങ്ങളുടെ പുരോഗതി’ എന്ന തന്റെ ലേഖനമെഴുതി കൊണ്ടിരിക്കെ അദ്ദേഹം കത്തോലിക്ക വിശ്വാസത്തിലാകൃഷ്ടനായി.

1845-ൽ അദ്ദേഹം കത്തോലിക്കാ സഭയിൽ ചേരുകയും 1847 ജൂണ്‍ 1ന് റോമിൽ വെച്ച് കത്തോലിക്ക പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. പൗരോഹിത്യ സ്വീകരണത്തെ തുടർന്ന് പിയൂസ് ഒമ്പതാമന്‍ പാപ്പയുടെ പ്രോത്സാഹനത്തോടെ വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമത്തിൽ ഇംഗ്ലണ്ടിൽ ഒരു മത പ്രഘോഷണ സംഘം സ്ഥാപിച്ചു. 1852-ൽ അയർലണ്ടിലെ ഡബ്ലിനിലെ കത്തോലിക്കാ യൂനിവേഴ്സിറ്റിയുടെ റെക്ടർ നിയമിതനായി. 1854 വരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചിരുന്നു. 1879 -ൽ പാപ്പാ ലിയോ പതിമൂന്നാമൻ അദ്ദേഹത്തെ കർദ്ദിനാൾ ആയി നിയമിച്ചു.

1890-ൽ അദ്ദേഹം എഡ്ഗ്ബാസ്റ്റണ്‍ ഒറേറ്ററിയിൽ വച്ചു മരണമടഞ്ഞു. അദ്ദേഹത്തിന്റെ നാമകരണ നടപടികൾ 1958-ൽ ആരംഭിച്ചു. നട്ടെല്ലിൽ രോഗം ബാധിച്ച ഡീൻ ജാക്ക് സുള്ളിവൻ എന്നയാളുടെ രോഗം കർദ്ദിനാൾ ന്യൂമാന്‍റെ അത്ഭുതകരമായ മാധ്യസ്ഥം നിമിത്തം ഭേദമായത് ബെനഡിക്ട് പതിനാറാമൻ പാപ്പാ 2009 ജൂലൈയിൽ അംഗീകരിച്ചു. തുടര്‍ന്നു 2010 സെപ്റ്റംബർ 19ന് ബർമിംഹാമിനടുത്തുള്ള ക്രോഫ്റ്റൻ പാർക്കിൽ വച്ച് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി.

പരിഷ്കൃത സമൂഹത്തിന് മുന്നിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുന്നതിൽ വഹിച്ച പങ്കിനെപ്പറ്റി മാത്രമല്ല പാവപ്പെട്ടവരോടും, രോഗികളോടും, തടവറകളിൽ കഴിയുന്നവരോടും ഇദ്ദേഹം കാണിച്ച കരുണയും പാപ്പായുടെ പ്രത്യേക ശ്രദ്ധക്ക് കാരണമായി. 2019 ഒക്ടോബർ 13ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. ഇദ്ദേഹത്തിന്റെ നാമഹേതുക തിരുന്നാൾ ഇംഗ്ലണ്ടിലും വെയിൽസിലും പ്രത്യേകമായി ആഘോഷിക്കുന്നുണ്ട്.

ഇതര വിശുദ്ധര്‍

1. പേട്രിയര്‍ക്കോ അബ്രഹാം

2. സലെര്‍ണാ ആര്‍ച്ചു ബിഷപ്പായിരുന്ന അല്‍ഫാനൂസ്

3. സിറിയായിലെ അന്ത്രോണിക്കൊസും ഭാര്യ അത്തനെഷ്യായും

4. ദേവൂസു ദേദിത്ത്

5. ഡോമ്നിസൂസ്

6. ഉമ്പ്രിയായിലെ ജെമിനൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...