Wednesday, October 16, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints DecemberDecember 06: മിറായിലെ വിശുദ്ധ നിക്കോളാസ്

December 06: മിറായിലെ വിശുദ്ധ നിക്കോളാസ്

മിറായിലെ മെത്രാന്‍ ആയിരുന്ന വിശുദ്ധ നിക്കോളാസ് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരില്‍ ഒരാളാണ്. വളരെയേറെ സന്തോഷവാനും, തടിച്ചുകൊഴുത്തവനും, കുട്ടികള്‍ക്ക് വാഗ്ദാനങ്ങളും ധാരാളം സമ്മാനങ്ങളുമായി ക്രിസ്തുമസിന് തൊട്ടു മുന്‍പിലത്തെ രാത്രിയില്‍ വരുന്ന തൂവെള്ള താടിയുള്ള സാന്താ ക്ലോസായി അമേരിക്കയില്‍ ഇദ്ദേഹത്തിന്റെ സ്മരണ ഇപ്പോഴും നിലനിര്‍ത്തുന്നു. കുട്ടികളുടെ വിശുദ്ധനെന്ന നിലയിലാണ് ഇദ്ദേഹത്തെ പ്രധാനമായും കണക്കാക്കുന്നത്. നാവികരും, കച്ചവടക്കാരും, പലഹാരങ്ങള്‍ ഉണ്ടാക്കുന്നവരും, സഞ്ചാരികളും, പണയത്തിന്‍മേല്‍ കടംകൊടുക്കുന്നവരും ഇദ്ദേഹത്തെ വിളിച്ചപേക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്നു. വിശുദ്ധ നിക്കോളാസിനെ വിശുദ്ധ ആന്‍ഡ്ര്യുവിനൊപ്പം റഷ്യയിലെ സഹ-മാധ്യസ്ഥരില്‍ ഒരാളായി കണക്കാക്കി ആദരിക്കുന്നു.

മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ഏഷ്യാ മൈനറില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ലിസിയായിലെ മിറായിലെ മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധന്റെ അമ്മാവന്‍. അദ്ദേഹം വിശുദ്ധനെ അടുത്തുള്ള ആശ്രമാധിപതിയായി നിയമിച്ചു. മെത്രാപ്പോലീത്തയായിരുന്നു അമ്മാവന്‍റെ മരണത്തോടെ വിശുദ്ധന്‍ അടുത്ത മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. തന്റെ മരണം വരെ വിശുദ്ധന്‍ ഈ പദവിയില്‍ തുടര്‍ന്നു. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായ മതപീഡനത്തില്‍ ക്രിസ്തീയ തത്വങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന കുറ്റം ചുമത്തി വിശുദ്ധനെ കാരാഗൃഹത്തിലടച്ചു. എന്നാല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് മോചിതനാവുകയും ചെയ്തു.

ഇദ്ദേഹത്തെ കുറിച്ച് വളരെ മനോഹരമായ പല കഥകളും നിലവിലുണ്ട്. അതിലൊന്ന്: പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുണയുമായി ബന്ധപ്പെട്ടിരിക്കുന്നു. പടാരായിലെ നിര്‍ധനനായ ഒരു മനുഷ്യന് തന്റെ കന്യകകളായ മൂന്നു പെണ്മക്കളെ കെട്ടിച്ചുവിടാന്‍ യാതൊരു നിവൃത്തിയുമില്ലാതെ വിഷമിച്ചു, അവസാനം അവരെ തെരുവ് വേശ്യകളാക്കുവാന്‍ നിര്‍ഭാഗ്യവാനായ ആ മനുഷ്യന്‍ തീരുമാനിച്ചു. ഈ മനുഷ്യനെ കുറിച്ചറിഞ്ഞ വിശുദ്ധ നിക്കോളാസ് രഹസ്യമായി മൂന്ന്‍ സ്വര്‍ണ്ണകിഴികള്‍ ജനലിലൂടെ ആ മനുഷ്യന്റെ കുടിലിലേക്കിട്ടു. അങ്ങിനെ ആ പെണ്‍കുട്ടികളെ കെട്ടിച്ചയക്കുവാന്‍ വേണ്ട സ്ത്രീധനം അവര്‍ക്ക് രഹസ്യമായി നല്‍കി. പണയത്തിന്‍മേല്‍ കടംകൊടുക്കുന്നവരുടെ അടയാള ചിഹ്നമായ മൂന്ന് സ്വര്‍ണ്ണ ഗോളങ്ങളുടെ ഉത്ഭവത്തിനു പിന്നില്‍ ഈ കഥയില്‍ പരാമര്‍ശിക്കുന്ന മൂന്ന്‍ സ്വര്‍ണ്ണ കിഴികളാണെന്ന് പറയപ്പെടുന്നു.

ഏതാണ്ട് 345 നോടടുത്ത് ഡിസംബര്‍ 6ന് വിശുദ്ധന്‍ മരണമടഞ്ഞു. വിശുദ്ധന്റെ ഭൗതീകശരീരം മിറായിലുള്ള ഒരു ദേവാലയത്തില്‍ അടക്കം ചെയ്തു. 1087 വരെ ഇത് അവിടെ ഉണ്ടായിരുന്നു. പിന്നീട് ഇറ്റലിയിലെ ഒരു തീരദേശ പട്ടണമായ ബാരിയിലെ നാവികര്‍ ഈ ഭൗതീകാവശിഷ്ടങ്ങള്‍ പിടിച്ചടക്കുകയും ഇവ തങ്ങളുടെ പട്ടണത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതിനോടകം തന്നെ വിശുദ്ധനോടുള്ള ഭക്തി യൂറോപ്പിലും കൂടാതെ ഏഷ്യയിലും പരക്കെ വ്യാപിച്ചു. പാശ്ചാത്യലോകത്ത് ഇത് ഒരു മതനവീകരണത്തിനു തന്നെ തുടക്കം കുറിച്ചു. വിശുദ്ധന്റെ ഇടപെടല്‍ നിമിത്തം ധാരാളം അത്ഭുതപ്രവര്‍ത്തികള്‍ നടക്കപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. ബാരിയിലെ ‘സാന്‍ നിക്കോളാ’ ദേവാലയത്തില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ നിന്നും ഔഷധമൂല്യമുള്ള ‘മന്നാ ഡി. എസ്. നിക്കോളാ’ എന്നറിയപ്പെടുന്ന ഒരു തരം തൈലം ഒഴുകികൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു.

ഡച്ചിലെ പ്രൊട്ടസ്റ്റ്ന്റുകാര്‍ ന്യൂ ആംസ്റ്റര്‍ഡാമില്‍ വിശുദ്ധനെ കുറിച്ച് വളരെ പ്രശസ്തമായ മറ്റൊരു കഥ പ്രചരിപ്പിച്ചു. ഈ കഥയില്‍ വിശുദ്ധന്‍ ഒരു മാജിക്ക്കാരനോ അല്ലെങ്കില്‍ ഒരു അത്ഭുത പ്രവര്‍ത്തകനോ ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്‌. സാന്താ ക്ലോസ് എന്ന സങ്കല്പം ഈ കഥയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. എന്നാല്‍ കത്തോലിക്ക വിശ്വാസികള്‍ ഇദ്ദേഹത്തെ ഒരു വിശുദ്ധനായും, വളരെ നല്ല വിശ്വാസിയായും കൂടാതെ മിറായിലെ മെത്രാപ്പോലീത്തയായുമാണ് ആദരിച്ച് വരുന്നത്. ഗ്രീസ്, റഷ്യ, നേപ്പിള്‍സ്, സിസിലി, ലോറൈന്‍ കൂടാതെ ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ, ബെല്‍ജിയം എന്നിവിടങ്ങളിലെ പല നഗരങ്ങളിലും ഈ വിശുദ്ധനെ മാധ്യസ്ഥ-വിശുദ്ധനായി കരുതി ആദരിച്ച് വരുന്നു.

ഇതര വിശുദ്ധര്‍

1. ബിഥീനിയായിലെ അബ്രഹാം

2.റോമന്‍ കന്യകയായ അസെല്ലാ

3. ആഫ്രിക്കന്‍ രക്തസാക്ഷികളായ ഡയനീഷ്യ, ദത്തീവ,ലെയോന്‍സിയാ, ടെന്‍സിയൂസ്,

എമിലിയന്‍, ബോനിഫസ്

4. ബെല്‍ജിയത്തിലെ ജെറാര്‍‍ഡ്

5. ഹെമായി ആശ്രമത്തിന്‍റെ സ്ഥാപികയായ ജെര്‍ത്രൂദ് സീനിയര്‍

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...