ജീവചരിത്രം
ചാവറ കുടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ചാവറയച്ചൻ ജനിച്ചത്. പ്രാദേശിക വിവരമനുസരിച്ച്, ജനിച്ചിട്ട് 8-മത്തെ ദിവസം ആലപ്പുഴ ഇടവക പള്ളിയായ ചേന്നങ്കരി പള്ളിയില്‍ വച്ച് ഈ ബാലനെ മാമോദീസാ മുക്കി. 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ കുര്യാക്കോസ് ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ഒരു ആശാന്റെ കീഴില്‍ വിവിധ ഭാഷകളും, ഉച്ചാരണ ശൈലികളും, പ്രാഥമിക ശാസ്ത്രവും പഠിച്ചു. ഒരു പുരോഹിതനാകണമെന്ന ആഗ്രഹത്തില്‍ നിന്നുണ്ടായ പ്രചോദനത്താല്‍ വിശുദ്ധന്‍, സെന്റ് ജോസഫ് പള്ളിയിലെ വികാരിയുടെ കീഴില്‍ പഠനം ആരംഭിച്ചു.
1818-ല്‍ കുര്യാക്കോസിനു 13 വയസ്സ് പ്രായമുള്ളപ്പോള്‍ അദ്ദേഹം മല്‍പ്പാന്‍ തോമസ് പാലക്കല്‍ റെക്ടറായിരുന്ന പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്നു. 1829 നവംബര്‍ 29ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ച് പൗരോഹിത്യ പട്ടം സ്വീകരിക്കുകയും, ചേന്നങ്കരി പള്ളിയില്‍ വെച്ച് ആദ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം അദ്ദേഹം കുറച്ചുകാലം സുവിശേഷ വേലകളുമായി കഴിഞ്ഞുകൂടി; എന്നിരുന്നാലും, പഠിപ്പിക്കുവാനും, മല്‍പ്പാന്‍ തോമസ് പാലക്കലിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ജോലികള്‍ ചെയ്യുവാനുമായി അദ്ദേഹം സെമിനാരിയില്‍ തിരിച്ചെത്തി. അങ്ങിനെ മല്‍പ്പാന്‍മാരായ തോമസ് പോരൂക്കരയുടെയും, തോമസ് പാലക്കലിന്റെയും നേതൃത്വത്തില്‍ തദ്ദേശീയമായ ഒരു സന്യാസ സഭ സ്ഥാപിക്കുവാനുള്ള ശ്രമത്തില്‍ ചാവറയച്ചനും പങ്കാളിയായി.
ഈ സന്യാസ സഭയുടെ ആദ്യത്തെ ആത്മീയ ഭവനത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നതിനായി 1830-ല്‍ അദ്ദേഹം മാന്നാനത്തേക്ക് പോയി. 1831 മെയ് 11ന് ഇതിന്റെ തറകല്ലിടല്‍ കര്‍മ്മം നടത്തുകയും ചെയ്തു. തന്റെ ഗുരുക്കന്മാരായ രണ്ടു മല്‍പ്പാന്‍മാരുടേയും മരണത്തോടെ ചാവറയച്ചൻ നായകത്വം ഏറ്റെടുത്തു. 1855-ല്‍ തന്റെ പത്ത് സഹചാരികളുമൊത്ത് “കുര്യാക്കോസ് ഏലിയാസ് ഹോളി ഫാമിലി” എന്ന പേരില്‍ ഒരു വൈദീക സമൂഹത്തിന് രൂപം കൊടുത്തു. 1856 മുതല്‍ 1871-ല്‍ ചാവറയച്ചൻ മരിക്കുന്നത് വരെ ഈ സഭയുടെ എല്ലാ ആശ്രമങ്ങളുടേയും പ്രിയോര്‍ ജെനറാള്‍ ഇദ്ദേഹം തന്നെ ആയിരുന്നു.
1861-ല്‍ മാര്‍പാപ്പയുടെ ആധികാരികതയും, അംഗീകാരവും ഇല്ലാതെയുള്ള മാര്‍ തോമസ് റോക്കോസിന്‍റെ വരവോടു കൂടി കേരള സഭയില്‍ ഒരു മതപരമായ ഒരു ഭിന്നത ഉടലെടുത്തു. തുടര്‍ന്നു വരാപ്പുഴ മെത്രാപ്പോലീത്ത വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയെ സീറോമലബാര്‍ സഭയുടെ വികാരി ജെനറാള്‍ ആയി നിയമിച്ചു. കേരള സഭയെ തോമസ് റോക്കോസ് ശീശ്മയില്‍ നിന്നും രക്ഷിക്കുവാനായി ചാവറയച്ചൻ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളെ പ്രതി പില്‍ക്കാല സഭാ നേതാക്കളും, കത്തോലിക്കാ സമൂഹം പൊതുവെയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
കത്തോലിക്കാ സഭയിലെ സി.എം.ഐ. (Carmelites of Mary Immaculate) എന്ന സന്യാസ സഭയുടെ സ്ഥാപക പിതാക്കന്‍മാരില്‍ ഒരാളും, ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ 1871 ജനുവരി 3ന് ആണ് മരിച്ചത്. വിശുദ്ധനായ സന്യാസിയുടെ എല്ലാ പരിമളവും അവശേഷിപ്പിച്ചിട്ടാണ് വിശുദ്ധന്‍ പോയത്. 1986 ഫെബ്രുവരി 8 ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍ പാപ്പാ വിശുദ്ധനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അദ്ദേഹം മരിച്ച സ്ഥലമായ കൂനമ്മാവില്‍ നിന്നും മാന്നാനത്തേക്ക് കൊണ്ടു വരികയും വളരെ ഭക്തിപൂര്‍വ്വം അവിടത്തെ സെന്റ്. ജോസഫ് ആശ്രമത്തില്‍ സൂക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദൈവീകതയും തന്റെ മാധ്യസ്ഥം അപേക്ഷിക്കുവര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുന്നതിനാലും മാന്നാനം ഒരു തീര്‍ത്ഥാടക കേന്ദ്രമായി മാറി. എല്ലാ ശനിയാഴ്ചകളിലും ആയിരകണക്കിന് ജനങ്ങള്‍ വിശുദ്ധന്റെ കബറിടത്തില്‍ വരികയും വിശുദ്ധ കുര്‍ബ്ബാനയിലും നൊവേനയിലും പങ്കെടുക്കുകയും ചെയ്യുന്നു. ആണ്ടുതോറും ഡിസംബര്‍ 26 തൊട്ടു ജനുവരി 3വരെ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ വളരെ ഭക്തിപൂര്‍വ്വം ആഘോഷിച്ചു വരുന്നു.
സി.എം.ഐ സഭയുടെ സ്ഥാപക പിതാക്കന്‍മാരും തേജോമയന്‍മാരായ പോരൂക്കര തോമസ് മല്‍പ്പാന്‍, പാലക്കല്‍ തോമാ മല്‍പ്പാന്‍, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ, ബ്രദര്‍ ജേക്കബ് കണിയന്തറ തുടങ്ങിയ പ്രതിഭാശാലികളോട് കേരള സമൂഹം കടപ്പെട്ടിരിക്കുന്നു. തന്റെ ഗുരുക്കന്‍മാരും മല്‍പ്പാന്‍മാരുമായിരുന്ന പോരൂക്കര തോമസ്, പാലക്കല്‍ തോമാ എന്നിവരെപോലെ ചാവറയച്ചനും ഒരു വലിയ ദാര്‍ശനികനായിരുന്നു.
പുരുഷന്‍മാര്‍ക്കായുള്ള ആദ്യത്തെ ഏതദ്ദേശീയ സന്യാസസഭ (CMI), ആദ്യത്തെ സംസ്കൃത സ്കൂള്‍, കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ മുദ്രണ ശാല (മര പ്രസ്സ്), സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ സന്യാസിനീ സഭ (CMC) തുടങ്ങിയവയും, ആദ്യമായി കിഴക്കന്‍ സിറിയന്‍ പ്രാര്‍ത്ഥനാ ക്രമത്തെ വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിച്ചതും അദ്ദേഹമാണ്. കൂടാതെ 1862-ല്‍ മലബാര്‍ സഭയില്‍ ആദ്യമായി ആരാധനക്രമ പഞ്ചാംഗം തയാറാക്കിയതും ചാവറയച്ചനാണ്. ഈ അടുത്ത കാലം വരെ ആ പഞ്ചാംഗം ഉപയോഗത്തില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ സുറിയാനി ഭാഷയിലുള്ള അച്ചടി സാധ്യമാക്കിയത് അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ മൂലമാണ്. മാന്നാനത്ത് മലയാളത്തിലുള്ള ആദ്യത്തെ പ്രാര്‍ത്ഥനാ പുസ്തകം അച്ചടിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
മാന്നാനത്തെ ആദ്യത്തെ ആത്മീയ ഭവനം കൂടാതെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം ആശ്രമങ്ങളും സ്ഥാപിക്കുകയും, പുരോഹിതരെ പഠിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമായി സെമിനാരികളും, പുരോഹിതര്‍ക്കും, ജനങ്ങള്‍ക്കും ആണ്ടുതോറുമുള്ള ധ്യാനങ്ങള്‍, 40 മണിക്കൂര്‍ ആരാധന, രോഗികള്‍ക്കും അഗതികള്‍ക്കുമായുള്ള ഭവനം, ക്രിസ്ത്യാനികളാകുവാന്‍ തയാറെടുക്കുന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ, പൊതുവിദ്യാഭ്യാസത്തിനായി സ്കൂളുകള്‍ തുടങ്ങിയവ, കുര്യാക്കോസ് ഏലിയാസ് ചാവറയുടെ നേതൃത്വത്തില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം.
ഇതിനു പുറമേ, 1866-ല്‍ വൈദികനായ ലിയോപോള്‍ഡ് ബെക്കാറോ OCD യുടെ സഹകരണത്തോടു കൂടി അദ്ദേഹം സ്ത്രീകള്‍ക്കായി ‘മദര്‍ ഓഫ് കാര്‍മ്മല്‍’ (CMC) എന്ന പേരില്‍ ഒരു സന്യാസിനീ സമൂഹത്തിന് രൂപം നല്‍കി. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനു വഴിതെളിയിച്ചവരില്‍ ഒരാളാണ് വിശുദ്ധ ചാവറയച്ചൻ. കത്തോലിക്കാ സഭയുടെ ‘ഓരോ പള്ളിയോടു ചേര്‍ന്ന്‍ പള്ളികൂടം’ എന്ന ആശയം നടപ്പിൽ വരുത്തുന്നതിൽ ഈ വിശുദ്ധന്‍ മുഖ്യ പങ്കു വഹിച്ചു. അതുകൊണ്ടാണ് കേരളത്തിലെ സ്കൂളുകള്‍ “പള്ളികൂടം” (പള്ളിയോടനുബന്ധിച്ച് വിദ്യാഭ്യാസത്തിനുള്ള സ്ഥലം) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
തന്‍റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കിടക്കും പദ്യങ്ങളും, ഗദ്യങ്ങളുമായി ചില ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ക്കായി രചിക്കുവാന്‍ ചാവറയച്ചന് കഴിഞ്ഞിട്ടുണ്ട്. “ഒരു നല്ല പിതാവിന്റെ ചാവരുള്‍” എന്ന അദ്ദേഹത്തിന്റെ ക്രിസ്തീയ കുടുംബങ്ങള്‍ക്കായിട്ടുള്ള ഉപദേശങ്ങള്‍ ലോകമെങ്ങും പ്രായോഗികവും ഇപ്പോഴും പ്രസക്തവുമാണ്. പ്രാര്‍ത്ഥനയും, ദാനധര്‍മ്മങ്ങളും ഒഴിവാക്കാതിരുന്ന അദ്ദേഹത്തിന്റെ നിരവധിയായ മതപരവും, സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്കിടക്കും തനിക്ക് ചുറ്റും ആത്മീയത പരത്തുവാന്‍ വിശുദ്ധന് കഴിഞ്ഞിരുന്നു, അതിനാല്‍ ചാവറയച്ചന്റെ ആദ്യകാലങ്ങളില്‍ തന്നെ അദ്ദേഹത്തെ ഒരു ദൈവീക മനുഷ്യനായി പരാമര്‍ശിച്ചു തുടങ്ങിയിരുന്നു.
“ദൈവം നല്കിയ മക്കളെ വിശുരായി ദൈവത്തിനേല്പിക്കാത്ത മാതാപിതാക്കന്മാർക്കു വിധി ദിവസം ഭയാനകമായിരിക്കും” വിശുദ്ധ ചാവറയച്ചന്റെ ഈ വാക്കുകൾ ഓരോ മാതാപിതാക്കളും ഓർത്തിരിക്കേണ്ടതാണ്.
വിശുദ്ധീകരണ നടപടികള്‍
1871-ലാണ് വിശുദ്ധ ഏലിയാസ് കുര്യാക്കോസ് ചാവറ മരിച്ചത്. എന്നിരുന്നാലും 1936 ലാണ് CMI സഭയുടെ പൊതുസമ്മേളനത്തില്‍ ചാവറയച്ചന്റെ വിശുദ്ധ പദവിക്കായുള്ള മാര്‍ഗ്ഗങ്ങളേപ്പറ്റി ചര്‍ച്ച ചെയ്തത്. വാസ്തവത്തില്‍ 1926-ല്‍ മാത്രമാണ് സീറോമലബാര്‍ സഭയുടെ പുരോഹിത സമ്പ്രദായത്തിന്റെ ഭരണഘടന നിലവില്‍ വന്നത്. ഇതിനു ശേഷം മാത്രമാണ് വിശുദ്ധ പദവിയേ കുറിച്ചുള്ള ആശയം ചൂട്പിടിച്ചത്. റവ. ഫാ. വലേരിയന്‍ പ്ലാത്തോട്ടം മതിയാകുംവിധം വലിപ്പത്തില്‍ വിശുദ്ധന്റെ ഒരു ജീവചരിത്ര രേഖ ഏഴുതുകയും, 1939-ല്‍ പ്രസിദ്ധീകരിച്ചു.
വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിച്ചവര്‍ക്ക് ലഭിച്ച അത്ഭുതകരമായ സഹായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. താന്‍ രോഗാവസ്ഥയിലായിരിക്കെ വിശുദ്ധ ചാവറയച്ചൻ രണ്ടു പ്രാവശ്യം തന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടുവെന്നും തന്റെ വേദനയില്‍ നിന്നും ആശ്വാസം നല്‍കിയെന്നും, 1936-ല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം 1953-ല്‍ പരിശുദ്ധ സഭയോട് വിശുദ്ധീകരണ നടപടികള്‍ തുടങ്ങണം എന്നപേക്ഷിച്ചുകൊണ്ടു റോമിലേക്ക് ഒരപേക്ഷ അയച്ചു. 1955-ല്‍ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയായ മാര്‍ മാത്യു കാവുകാട്ടച്ചന് രൂപതാ തലത്തിലുള്ള നടപടികള്‍ ആരംഭിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടു റോമില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചു.
ആദ്യ പടിയായി മാര്‍ മാത്യു കാവുകാട്ട്, ആരെങ്കിലൂടെയും പക്കല്‍ ചാവറയച്ചനെ സംബന്ധിച്ച എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ മെത്രാന്റെ പക്കല്‍ സമര്‍പ്പിക്കണമെന്നും, ഈ ഉദ്യമത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു ഒരു ഔദ്യോഗിക അറിയിപ്പ് നല്‍കി. അതിനു ശേഷം 1957-ല്‍ ചരിത്രപരമായ പഠനങ്ങള്‍ക്കായി ഒരു കമ്മീഷനെ നിയമിച്ചു. 1962-ല്‍ രണ്ടു സഭാ കോടതികള്‍ ഇതിനായി നിലവില്‍ വരുത്തി, ഇതില്‍ ആദ്യ കോടതിയുടെ ചുമതല ചാവറയച്ചന്റെ എഴുത്തുകളും രേഖകളും സൂക്ഷ്മമായി പരിശോധിക്കുകയും, രണ്ടാമത്തെ കോടതിയുടെ ചുമതല ക്രിസ്തീയ നായക ഗുണങ്ങള്‍ നിറഞ്ഞ ഒരു ജീവിതമാണോ ചാവറ പിതാവ് നയിച്ചിരുന്നതെന്ന് അന്വോഷിക്കുകയായിരുന്നു. 1969-ല്‍ മൂന്നാമതായി ഒരു കോടതി സ്ഥാപിച്ച്, അനൌദ്യോഗികമായിട്ടുള്ള പൊതു വണക്കം വിശുദ്ധ ഏലിയാസ് ചാവറക്ക് നല്‍കിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയും ചെയ്തു.
1970-ല്‍ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ആന്റണി പടിയറ എല്ലാ കോടതികളുടേയും പ്രവര്‍ത്തനം ഔദ്യോഗികമായി ഉപസംഹരിച്ചു. ഈ രേഖകളെല്ലാം റോമിലെ ആചാരങ്ങളുടെ ചുമതലയുള്ള പരിശുദ്ധ സഭക്ക് അയച്ചു കൊടുത്തു. സഭ 1978-ല്‍ പതിമൂന്ന് അംഗങ്ങളുള്ള ഒരു സമിതി രൂപീകരിക്കുകയും, വിശുദ്ധീകരണ നടപടികള്‍ക്കുള്ള തങ്ങളുടെ അനുവാദം നല്‍കുകയും ചെയ്തു. ഇതിനിടക്ക്, ദൈവശാസ്ത്രഞ്ജന്‍മാരുടെ സമിതി ചാവറയച്ചൻ നന്മ നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രഖ്യാപിച്ചു. 1980 മാര്‍ച്ച് 15ന് വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശുദ്ധീകരണത്തിനുള്ള നാമനിര്‍ദ്ദേശം പരിശുദ്ധ സഭക്ക് മുന്‍പാകെ സമര്‍പ്പിച്ചു. വിശുദ്ധീകരണ നടപടികള്‍ക്ക് ചുമതലയുള്ള പരിശുദ്ധ നിര്‍ദ്ദേശക സമിതി ചാവറയച്ചന്റെ പുണ്യ പ്രവര്‍ത്തികളുടെ രേഖകള്‍ പരിശോധിച്ചു.
ഒരു തുടക്കമെന്ന നിലയില്‍ 1983 നവംബര്‍ 23ന് മെത്രാന്‍മാരുടേയും, ഉപദേഷ്ടാക്കളായ പുരോഹിതരുടേയും കൂടിക്കാഴ്‌ചയില്‍ ഇക്കാര്യം അവതരിപ്പിക്കുകയും, 1984 മാര്‍ച്ച് 27ന് കര്‍ദ്ദിനാള്‍മാരുടെ കൂടികാഴ്ചയില്‍ ഇതേ സംബന്ധിച്ച് കൂടുതലായ പഠനങ്ങള്‍ നടത്തുകയും ചെയ്തു. ചാവറയച്ചന്റെ ദൈവീകവും, ധാര്‍മ്മികവുമായ മൂല്യങ്ങള്‍ക്കനുസൃതമായ ജീവിതത്തേയും, പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വ്യക്തമായ തെളിവുകളില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും, ഈ വിവരങ്ങളടങ്ങുന്ന ഒരു വ്യക്തമായ റിപ്പോര്‍ട്ട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടു.
അവസാനം, വിശുദ്ധന്റെ പുണ്യപ്രവര്‍ത്തികളെ അംഗീകരിച്ചു കൊണ്ട് പരിശുദ്ധ നിര്‍ദ്ദേശക സമിതി സമര്‍പ്പിച്ച രേഖകളില്‍ പാപ്പാ തന്റെ ഔദ്യോഗിക മുദ്ര ചാര്‍ത്തുകയും, 1984 ഏപ്രില്‍ 7ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ധന്യനായ ചാവറയച്ചന്റെ മധ്യസ്ഥതയാല്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു രോഗശാന്തിയെ വിദഗ്ദരായ ഡോക്ടര്‍മാര്‍ പരിശോധിച്ചതിനു ശേഷം അത് ഒരു ‘അത്ഭുത’ മെന്ന് കണ്ടെത്തി. ഈ കണ്ടെത്തലിനെ പരിശുദ്ധ സമിതി സ്വീകരിക്കുകയും ചെയ്തു. ഇത് ചാവറയച്ചനെ ‘വാഴ്ത്തപ്പെട്ടവന്‍’ എന്ന പദവിക്കര്‍ഹനാക്കി. തുടര്‍ന്ന്‍ 1986 ഫെബ്രുവരി 8 ശനിയാഴ്ച പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കോട്ടയത്തെ നാഗമ്പടം മൈതാനത്ത് വെച്ച് ധന്യനായ ദൈവ ദാസന്‍ കുര്യാക്കോസ് ഏലിയാസ് ചാവറയേയും, അല്‍ഫോന്‍സാ മുട്ടത്തുപാടത്തിനേയും “വാഴ്ത്തപ്പെട്ടവര്‍” ആയി പ്രഖ്യാപിച്ചു.
പിന്നീട് 2014 നവംബര്‍ 23ന് ഫ്രാന്‍സിസ് പാപ്പ വാഴ്ത്തപ്പെട്ട ചാവറ പിതാവിനെ ‘വിശുദ്ധന്‍’ ആയി പ്രഖ്യാപിച്ചു.
റോമില്‍ അംഗീകരിക്കപ്പെട്ട അത്ഭുതം
ചാവറയച്ചന്റെ മാധ്യസ്ഥം വഴിയായി, 1960 ഏപ്രിലില്‍ ശ്രീ ജോസഫ് മാത്യു പെണ്ണപറമ്പിലിന്റെ കാലിലെ ജന്മനാലുള്ള അസുഖം ഭേതമായത് ഒരു അത്ഭുതമാണെന്ന്‍ റോം അംഗീകരിച്ചു.
ജനനം മുതലേ തന്റെ രണ്ടു കാലിലും മുടന്തുമായിട്ടാണ് ജോസഫ് ജനിച്ചത്. ജോസഫിന്റെ കുടുംബം ദരിദ്രരാണെങ്കിലും ദൈവഭക്തിയുള്ളവരായിരുന്നു. തന്റെ കാലുകളുടെ മുടന്ത് വകവെക്കാതെ ജോസഫ് സ്കൂളില്‍ പോകുവാന്‍ തുടങ്ങി. അവന്റെ മൂത്ത സഹോദരി എപ്പോഴും അവന്റെ കൂടെ ഉണ്ടാകുമായിരുന്നു. ജോസഫിന് 7 വയസ്സുള്ളപ്പോഴാണ് അവന്റെ കുടുംബം ചാവറയച്ചന്റെ മാധ്യസ്ഥതയാല്‍ നിരവധി പേര്‍ക്ക് രോഗ ശാന്തി ലഭിച്ചിട്ടുള്ളതായി അറിയുവാന്‍ ഇടയായത്. ആ നിമിഷം മുതല്‍ അവര്‍ ജോസഫിന്റെ കാലുകളുടെ അസുഖം ഭേതമാക്കുന്നതിനു വേണ്ടി ചാവറയച്ചന്റെ മദ്ധ്യസ്ഥം വളരെയേറെ ഭക്തിയോടും വിശ്വാസത്തോടും കൂടി അപേക്ഷിക്കുവാന്‍ തുടങ്ങി. പക്ഷെ ഇക്കാലയളവിലൊന്നും അവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും തങ്ങളുടെ പ്രാര്‍ത്ഥന തുടരുകയും ചെയ്തു. ഒരു മാസത്തിനു ശേഷം ജോസഫും അവന്റെ സഹോദരിയും സ്കൂളിലേക്ക് പോകുമ്പോള്‍, കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ഭക്തിയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ പതിവായി ചെയ്യുന്ന പോലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനോട് തന്റെ കാലുകളിലെ അസുഖം ഭേതമാക്കുവാനും, 1 സ്വര്‍ഗ്ഗസ്ഥനായ പിതാവും, 1 നന്മനിറഞ്ഞ മറിയവും, 1 പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും ..ചൊല്ലുവാന്‍ അവന്റെ സഹോദരി അവനോടാവശ്യപ്പെട്ടു.
അങ്ങിനെ അവര്‍ രണ്ടുപേരും പ്രാത്ഥിച്ചുകൊണ്ടു നടക്കുമ്പോള്‍ പെട്ടെന്ന് തന്നെ ജോസഫിന് തന്റെ വലത് കാല്‍ വിറക്കുന്നതായി അനുഭവപ്പെട്ടു. ജോസഫ് ഉടനേ തന്നെ തന്റെ വലത്കാല്‍ നിലത്തുറപ്പിച്ചുകൊണ്ടു പതിയെ നടക്കുവാന്‍ ശ്രമിച്ചു, അത്ഭുതമെന്ന് പറയട്ടേ അവന്റെ വലത് കാലിലെ അസുഖം ഭേതമായി. കുറച്ച് ദിവസങ്ങളോളം നടക്കുമ്പോള്‍ അവനു വേദന അനുഭവപ്പെട്ടിരുന്നു, പിന്നീട് വേദനയും ഇല്ലാതായി.
അവന്റെ ഒരു കാലിലെ അസുഖം ഭേതമായത് അവന്റെ കുടുംബത്തിനു വളരെയേറെ സന്തോഷവും പ്രതീക്ഷയും നല്‍കി. കൂടുതല്‍ ഉത്സാഹത്തോടും, ഭക്തിയോടും കൂടി അവന്റെ ഇടത്കാലിലെ മുടന്ത് കൂടി ഭേതമാക്കുവാന്‍ വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. 1960 ഏപ്രില്‍ 30ന് രാവിലെ ജോസഫിന് തന്റെ ഇടത് കാലില്‍ വേദന അനുഭവപ്പെട്ടു തുടങ്ങി, എന്നിരുന്നാലും അവന്‍ ആ വേദന വകവെക്കാതെ തന്റെ സഹോദരിയുടെ കൂടെ അവരുടെ മൂത്ത സഹോദരന്റെ വീട്ടിലേക്ക് പോയി.
പോകുന്ന വഴിക്ക്, അവന്റെ ഇടത് കാലിലെ വിരലുകള്‍ നേരെയാവുകയും, ക്രമേണ അവന്റെ കാലും സുഖം പ്രാപിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ രണ്ടു കാലും നിലത്ത് കുത്തി അവനു സാധാരണ പോലെ നടക്കുവാന്‍ സാധിച്ചു. ഇത് ചാവറയച്ചറെ മാദ്ധ്യസ്ഥം മൂലമാണ് സംഭവിച്ചതെന്നാണ് ജോസഫ് വിശ്വസിക്കുന്നത്. ജോസഫിന്റെ അത്ഭുതകരമായ ഈ രോഗശാന്തി 1984-ല്‍ വിശുദ്ധീകരണ നടപടികള്‍ക്കായി റോമില്‍ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തപ്പോള്‍ ജോസഫിന് 31 വയസ്സായിരുന്നു പ്രായം.
മരിയ ജോസ് കൊട്ടാരത്തിലിന്റെ- ഉടനടിയും, സ്ഥിരവും, പൂര്‍ണ്ണവുമായ രോഗശാന്തി
വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശുദ്ധീകരണത്തിനു പരിഗണിച്ച ഒരത്ഭുതമാണ് മരിയ ജോസ് കൊട്ടാരത്തില്‍ എന്ന് പേരായ പെണ്‍കുട്ടിയുടെ കോങ്കണ് പൂര്‍ണ്ണമായും സുഖപ്പെട്ടത്. കൊട്ടാരത്തില്‍ വീട്ടില്‍ ജോസ് തോമസിന്റെയും മറിയകുട്ടിയുടേയും ഏറ്റവും ഇളയ മകളായിരുന്നു അവള്‍. അവള്‍ക്ക് മുകളില്‍ രണ്ടു സഹോദരന്മാര്‍: ഏറ്റവും മൂത്ത ജോര്‍ജ്ജ്, പാലാ അതിരൂപതക്ക് കീഴിലുള്ള സെമിനാരിയിലെ പഠിതാവും, രണ്ടാമത്തവനായ ഫെബിന്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും.
2005 ഏപ്രില്‍ 5ന് കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായിലാണ് മരിയ ജനിച്ചത്. പാലായിലെ സെന്റ്. തോമസ് കത്രീഡല്‍ പള്ളിയില്‍ വെച്ചാണ് അവളെ മാമോദീസ മുക്കിയത്. അവള്‍ക്ക് ജന്മനാ തന്നെ കോങ്കണ്ണ് (alternating esotropia) ഉണ്ടായിരുന്നു, അവളുടെ മാതാപിതാക്കളും, 4, 5 മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അവളെ അറിയുന്നവര്‍ക്കെല്ലാം ഇക്കാര്യം അറിയാമായിരുന്നു.
അവളുടെ കണ്ണുകള്‍ പരിശോധിച്ച 5 പേര്‍ അടങ്ങുന്ന വിദഗ്ദരായ ഡോക്ടര്‍മാരുടെ സംഘം ഇത് കോങ്കണ്ണ് ആണെന്ന് ഉറപ്പിക്കുകയും, ശസ്ത്രക്രിയ മാത്രമേ ഇതിനു പരിഹാരമുള്ളൂ എന്ന് അറിയിച്ചു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ അവളുടെ കുടുംബം ശസ്ത്രക്രിയ ഒഴിവാക്കിയിട്ട് ദൈവത്തിലേക്ക് തിരിയുകയും, വിശുദ്ധ ചാവറ പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു.
ഒക്ടോബര്‍ 9ന് മറിയക്കുട്ടി വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ മുറിയും, കബറിടവും സന്ദര്‍ശിച്ചു, പിന്നീട് ഒക്ടോബര്‍ 12ന് മരിയയും അവളുടെ മാതാപിതാക്കളും കബറിടം സന്ദര്‍ശിക്കുകയും, വളരെ ഭക്തിപൂര്‍വ്വം അവളുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒക്ടോബര്‍ 16ന് പ്രാര്‍ത്ഥനക്ക് ശേഷം, എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും നിലനില്‍ക്കുന്ന ആചാരമനുസരിച്ച് ‘ഈശോ മിശിഖാക്ക് സ്തുതി’ പറയുവാന്‍ അവള്‍ തന്റെ മാതാപിതാക്കളുടെ അരികത്ത് ചെന്നപ്പോള്‍ അവളുടെ മാതാപിതാക്കള്‍ കുട്ടി നേരെ നോക്കുന്നതും, അവളുടെ കണ്ണുകള്‍ സുഖമായതും ശ്രദ്ധിച്ചു. വിശുദ്ധ ചാവറ പിതാവിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മാന്നാനത്ത്, ചാവറയച്ചന്റെ കബറിടത്തില്‍ വെച്ച് അദ്ദേഹത്തിലൂടെ ദൈവത്തിന് സമര്‍പ്പിച്ച പ്രാര്‍ത്ഥനകളും, കൂടാതെ തങ്ങളുടെ കുടുംബ പ്രാര്‍ത്ഥനകളും മൂലമാണ് ഈ രോഗശാന്തി ഈ രോഗശാന്തി ലഭിച്ചതെന്നു അവളുടെ മാതാപിതാക്കളും, പ്രത്യകിച്ച് അവളുടെ അമ്മയായ മറിയക്കുട്ടിയും, മുഴുവന്‍ കുടുംബവും, ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിക്കുന്നു.
അതേതുടര്‍ന്ന്‍ കുട്ടിയെ അവര്‍ വിവിധ ഡോക്ടര്‍മാരുടെ പക്കല്‍ പരിശോധനക്കായി കൊണ്ടു പോയെങ്കിലും, അവരെല്ലാവരും തന്നെ തങ്ങളുടെ അറിവിലുള്ള വൈദ്യ ശാസ്ത്രപരമായ അറിവുകള്‍ക്ക് വിവരിക്കാനാവാത്ത വിധമുള്ള രോഗശാന്തിയാണിതെന്ന്‍ ഉറപ്പിച്ചു പറഞ്ഞു. കൂടാതെ, ഈ കുട്ടിയുടെ കണ്ണുകള്‍ ഒരു തരത്തിലുള്ള വൈദ്യ ശാസ്ത്രപരമായ ചികിത്സകള്‍ക്കും, ശസ്ത്രക്രിയക്കും വിധേയമായിട്ടില്ലെന്നും ഈ പരിശോധനകളില്‍ നിന്നു തെളിഞ്ഞു. അതിനാല്‍, ഒരു ശസ്ത്രക്രിയയും കൂടാതെ പെട്ടെന്നുള്ളതും, പൂര്‍ണ്ണവും സ്ഥിരമായിട്ടുമുള്ള രോഗം സൌഖ്യമാണിതെന്ന്‍ ഡോക്ടര്‍മാര്‍ അറിയിച്ചതോടെ, ദൈവശാസ്ത്രജ്ഞ്ജന്‍മാരായ വിദഗ്ദരും ഈ അത്ഭുതകരമായ സുഖപ്പെടുത്തല്‍ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ മാധ്യസ്ഥതയാല്‍ നടന്നതാണെന്ന് സ്ഥിരീകരിച്ചു.
അപ്രകാരം 2014 മാര്‍ച്ച് 18ന് കര്‍ദ്ദിനാള്‍മാരുടെ കൂടിക്കാഴ്ചയില്‍ വച്ച് പരിശുദ്ധ നാമനിര്‍ദ്ദേശക സമിതി അംഗീകരിക്കുകയും ഇത് 2014 നവംബര്‍ 23ലെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് നയിക്കുകയും ചെയ്തു.
ഇതര വിശുദ്ധര്‍
1. ആന്തെരോസു പാപ്പാ
2. സിലീസിയായിലെ അത്തനേഷ്യസും സോസിമൂസും
3. ഫ്ലാന്‍റേഴ്സിലെ ബെര്‍ത്തീലിയാ
4. ബോബ്ബിയോയിലെ ബ്ലിറ്റമുണ്ട്
5. ഹെല്ലസ് പോന്തിലെ സിറിനൂസ്, പ്രീമൂസു, തെയോജെനസ്
6. പാദുവായിലെ ദാനിയേല്‍