വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ ഇന്ത്യയില്‍ നിന്നുമുള്ള വിശുദ്ധനാണ്. ഇന്നത്തെ മുംബൈ നഗരത്തിനുമപ്പുറമുള്ള ഒരു പടിഞ്ഞാറന്‍ തീരപ്രദേശ നഗരമാണ് വസായി. 1557 ഫെബ്രുവരി 5നാണ് ഗുണ്ടി സ്ലാവൂസ് ഗാര്‍ഷ്യാ എന്ന വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ ജനിച്ചത്. വിശുദ്ധന്റെ പിതാവ് ഒരു പോര്‍ച്ചുഗീസുകാരനും, ബാസെയിനിലെ കൊങ്കണ്‍ തീര നിവാസിയായായിരുന്നു വിശുദ്ധന്റെ മാതാവ്. ബാസെയിന്‍ കോട്ടയില്‍ നിന്നാണ് അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണ ദൗത്യം ആരംഭിച്ചത്. ജപ്പാനിലെ ഫ്രാന്‍സിസ്ക്കന്‍ സഭയുടെ സുപ്പീരിയര്‍ ആയിരുന്ന വിശുദ്ധ പീറ്റര്‍ ബാപ്റ്റിസ്റ്റയുടെ വലത്കരമായിരുന്നു വിശുദ്ധ ഗോണ്‍സാലോ. ബാസ്സെയിന്‍ കോട്ടക്ക് സമീപമുള്ള കോളേജില്‍ വെച്ച് വസായിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രശസ്ത ജെസ്യൂട്ട് വൈദികനായിരിന്ന ഫാ. സെബാസ്റ്റ്യന്‍ ഗോണ്‍കാല്‍വ്സ് വിശുദ്ധനെ പഠിപ്പിച്ചിട്ടുണ്ട്. 1564 മുതല്‍ 1572 വരെ ഏതാണ്ട് 8 വര്‍ഷത്തോളം അദ്ദേഹം ജെസ്യൂട്ട് വൈദികരുരുടെ കീഴില്‍ വിദ്യാഭ്യാസം ചെയ്തു.
പതിഞ്ചാമത്തെ വയസ്സില്‍ ഫാ. സെബാസ്റ്റ്യന്‍, വിശുദ്ധ ഗാര്‍ഷ്യായെ ജപ്പാനിലേക്ക് കൊണ്ടുപോയി. അദ്ദേഹം വളരെ വേഗം അവിടത്തെ ഭാഷ പഠിക്കുകയും, അദ്ദേഹത്തിന്റെ വിനയവും പെരുമാറ്റവും വാക്ചാതുര്യവും ‘സുവിശേഷ ഉപദേശി’ എന്നനിലയില്‍ തദ്ദേശീയര്‍ക്കിടയില്‍ അദ്ദേഹത്തെ വളരെയേറെ പ്രസിദ്ധനാക്കി. ഒരു വ്യവസായം തുടങ്ങുന്നതിനായി അദ്ദേഹം തന്റെ സുവിശേഷക ദൗത്യം ഉപേക്ഷിച്ച് അല്‍ക്കാവോയിലേക്ക് പോയി. അദ്ദേഹത്തിന്റെ കച്ചവടം പുരോഗമിക്കുകയും അധികം താമസിയാതെ വടക്ക്-കിഴക്കന്‍ ഏഷ്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ അദ്ദേഹം തന്റെ വ്യവസായ ശാഖകള്‍ തുടങ്ങുകയും ചെയ്തു.
ഒരു ജെസ്യൂട്ട് പുരോഹിതനാവുക എന്ന ഗോണ്‍സാലോയുടെ ചിരകാലാഭിലാഷം ഇനിയും പൂര്‍ത്തിയായിരിന്നില്ല. പിന്നീട് അദ്ദേഹം ഒരു അല്‍മായ സുവിശേഷകനായി ഫിലിപ്പീന്‍സിലെ മനിലയിലേക്ക് പോയി. അവിടെ വെച്ച് അദ്ദേഹം ഫ്രാന്‍സിസ്കന്‍ പുരോഹിതനായ ഫാ.പീറ്റര്‍ ബാപ്റ്റിസ്റ്റയേ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ സ്വാധീനഫലമായി ഉടനേതന്നെ ഒരു അല്‍മായ സഹോദരനായി സെറാഫിക് സഭയില്‍ ചേരുകയും ചെയ്തു. അവിടെ കുറച്ച്കാലം കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിനു ശേഷം അദ്ദേഹം ഫ്രാന്‍സിസ്കന്‍ സഭയിലെ ഫ്രിയാര്‍സ് മൈനര്‍ ആയി മനിലയില്‍ വെച്ച് അഭിഷിക്തനായി.
1592 മെയ് 26ന് ഫിലിപ്പീന്‍സിലെ സ്പാനിഷ് ഗവര്‍ണര്‍ ഗോണ്‍സാലോയെ ബാപ്റ്റിസ്റ്റക്കൊപ്പം ഒരു നയതന്ത്ര ദൗത്യവുമായി ജപ്പാനിലേക്ക് തിരികെ അയച്ചു. അവര്‍ നാല് വര്‍ഷക്കാലത്തോളം ജപ്പാനില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ജപ്പാനില്‍ യഥാര്‍ത്ഥ ഭരണം കയ്യാളുന്ന പട്ടാള അധികാരികള്‍ ഈ പ്രേഷിതരെ രാജ്യദ്രോഹികളെന്നു സംശയിക്കുകയും, 1596 ഡിസംബര്‍ 8ന് അവരെ മിയാക്കോ (ക്യോട്ടോ) യിലുള്ള അവരുടെ ആശ്രമത്തില്‍ വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കെ അവരേ പിടികൂടുകയും കയ്യാമം വെക്കുകയും തടവിലിടുകയും ചെയ്തു.
1597 ജനുവരി 3ന് വിശുദ്ധ ഗാര്‍ഷ്യാ ഉള്‍പ്പെടെ 26 പുരോഹിതന്‍മാരുടെ ഇടതു ചെവി അരിഞ്ഞു വീഴ്ത്തി. പുരോഹിതരുടെ വിശുദ്ധി മനസ്സിലാക്കിയ തദ്ദേശീയ ക്രിസ്ത്യാനികള്‍ അത് വളരെ ആദരപൂര്‍വ്വം ശേഖരിച്ചു വച്ചു. വിശുദ്ധ ഗാര്‍ഷ്യായെ ആയിരുന്നു ആദ്യമായി കുരിശില്‍ തറച്ചത്. മറ്റുള്ളവരുടെ നടുവിലായി ഇദ്ദേഹത്തിന്റെ കുരിശ് നാട്ടുകയും ചെയ്തു. ഫാ. ഗോണ്‍സാലോ ആദ്യം വരികയും നേരെ ഒരു കുരിശിനടുക്കല്‍ ചെന്നിട്ട്: “ഇതാണോ എന്റേത് ?” എന്ന് ചോദിച്ചു. “ഇതല്ലാ” എന്നായിരുന്നു അതിനുള്ള മറുപടി. അദ്ദേഹത്തെ മറ്റൊരു കുരിശിനടുക്കല്‍ കൊണ്ടുപോയി, വിശുദ്ധന്‍ അതിനു മുന്‍പില്‍ മുട്ടുകുത്തുകയും അതിനെ ആശ്ലേഷിക്കുകയും ചെയ്തു.
മറ്റുള്ളവരും ഒന്നിനു പുറകേ ഒന്നായി അപ്രകാരം ചെയ്യുവാന്‍ ആരംഭിച്ചു. “ഫാ. ഫിലിപ്പ് തന്റെ കുരിശിനെ ആശ്ലേഷിക്കുന്നത് ഒരു ഒരു കാഴ്ച തന്നെയായിരുന്നു.” ദൃക്സാക്ഷികളില്‍ ഒരാള്‍ പിന്നീട് പറഞ്ഞു. രണ്ടു കുന്തങ്ങള്‍ വിശുദ്ധന്റെ ശരീരത്തിലൂടെ അദ്ദേഹത്തിന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ട് കുത്തികയറ്റി. കുരിശില്‍ ആണികളാല്‍ തറക്കപ്പെടുമ്പോള്‍ ഫാ. ഗാര്‍ഷ്യ തന്റെ രക്തസാക്ഷിത്വ കിരീടം നേടികൊണ്ട് ദൈവത്തിനു സ്തുതിഗീതങ്ങള്‍ പാടുകയായിരുന്നു. അങ്ങനെ ഫെബ്രുവരി 5ന് നാഗസാക്കി മലനിരകളില്‍ വെച്ച് 26 സഹചാരികള്‍ക്കൊപ്പം വിശുദ്ധ ഗാര്‍ഷ്യ കുരിശില്‍ രക്തസാക്ഷിത്വം വഹിച്ചു.
1627-ല്‍ ഗാര്‍ഷ്യയും അദ്ദേഹത്തിന്റെ സഹചാരികളായ രക്തസാക്ഷികളേയും ഉര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഫെബ്രുവരി 5നാണ് ഈ രക്തസാക്ഷികളുടെ തിരുനാള്‍ ദിനം. 1629-ല്‍ മുഴുവന്‍ കത്തോലിക്കാ സഭയിലും ഇവരെ ആദരിക്കുന്ന പതിവ് അനുവദനീയമാക്കി. 1862 ജൂണ്‍ 8ന് ഗോണ്‍സാലോ ഗാര്‍ഷ്യായെ പിയൂസ് ഒമ്പതാമന്‍ പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു. 1942-ലാണ് വസായിയിലെ ഗോണ്‍സാലോ ഗാര്‍ഷ്യ ദേവാലയം പണികഴിപ്പിച്ചത്. 1957-ല്‍ ഈ ദേവാലയം നവീകരിക്കുകയും ചെയ്തു. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ വിശുദ്ധന്റെ ആദരണാര്‍ത്ഥം ഈ ദേവാലയത്തില്‍ ഒരാഴ്ചകാലം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷിക്കാറുണ്ട്. ഈ ദേവാലയമാണ് വസായിയിലെ ഏറ്റവും ഉയരമുള്ള ദേവാലയം. ഗോവന്‍ പുരോഹിതനായിരിന്ന ലൂയിസ് കൈതാന്‍ ഡിസൂസയാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. വസായിയില്‍ ക്രിസ്തുമസിന് ശേഷമുള്ള വേലിയിറക്കത്തോടടുത്ത ഞായറാഴ്ചയാണ് പരമ്പരാഗതമായി വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചു വരുന്നത്.
ഇതര വിശുദ്ധര്‍
1. മൊയിസ്റ്റാക് ആശ്രമത്തിലെ ആബട്ട് ആയിരുന്ന അമാന്തൂസ്
2. ഔവേണിലെ അന്തോലിയന്‍
3. സെസെരയായിലെ ഡൊറോത്തി
4. സ്പെയിന്‍കാരനായ വേദാസ്ത്
5. ഓസ്‌തീയ ബിഷപ്പായ ജെറാള്‍ഡ്