Sunday, November 24, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints MarchMarch 04: വിശുദ്ധ കാസിമിര്‍

March 04: വിശുദ്ധ കാസിമിര്‍

പോളണ്ടിലെ രാജാവായിരുന്ന കാസിമിര്‍ നാലാമന്റേയും, ഓസ്ട്രിയായിലെ ആല്‍ബെര്‍ട്ട് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ മകളായിരുന്ന എലിസബത്തിന്റേയും പതിമൂന്ന്‍ മക്കളില്‍ മൂന്നാമത്ത മകനായിരുന്നു വിശുദ്ധ കാസിമിര്‍. തന്റെ ചെറുപ്പത്തില്‍ തന്നെ നല്ല ദൈവഭക്തിയുണ്ടായിരുന്ന കാസിമിര്‍ ഭക്തിപരമായ കാര്യങ്ങള്‍ക്കും, അനുതാപത്തിനും തന്നെ തന്നെ സമര്‍പ്പിച്ചു. തന്റെ വിനയത്തിനും, ആത്മനിയന്ത്രണത്തിനും എതിരായി വരുന്ന എല്ലാത്തിനേയും അവന്‍ ഭയപ്പെടുകയും, തന്റെ രാത്രികളുടെ ഒരു നല്ല ഭാഗം പ്രാര്‍ത്ഥനക്കും, ധ്യാനത്തിനുമായി ചിലവഴിക്കുകയും ചെയ്തു. പ്രത്യേകിച്ച് രക്ഷകന്റെ സഹനങ്ങളെക്കുറിച്ചുള്ള ധ്യാനത്തിന് അദ്ദേഹം സമയം കണ്ടെത്തി.

കാസിമിറിന്‍റെ വസ്ത്രധാരണ വളരെ ലളിതമായിരുന്നു. എപ്പോഴും ദൈവസന്നിധിയില്‍ കഴിഞ്ഞിരുന്നതിനാല്‍ സദാസമയവും അവന്‍ ശാന്തനും, പ്രസരിപ്പു നിറഞ്ഞവനുമായിരുന്നു. ദൈവത്തോടുള്ള അവന്റെ സ്നേഹം, പാവങ്ങളോടുള്ള കരുണയായി പ്രകടിപ്പിക്കപ്പെട്ടു. പാവങ്ങളുടെ ഉന്നമനത്തിനായി അവന്‍ തനിക്കുള്ളതെല്ലാം ചിലവഴിച്ചു, മാത്രമല്ല തന്റെ പിതാവിന്റേയും, ബൊഹേമിയയിലെ രാജാവായിരുന്ന തന്റെ സഹോദരനായിരുന്ന ലാഡിസ്ലാവൂസിന്റേയും പക്കല്‍ അവനുണ്ടായിരുന്ന സ്വാധീനമുപയോഗിച്ച് ദരിദ്രര്‍ക്കായി തനിക്കു കഴിയുന്നതെല്ലാം അവന്‍ ചെയ്തു.

പരിശുദ്ധ അമ്മയോടുള്ള അപാരമായ ഭക്തിയാല്‍ വിശുദ്ധന്‍ എപ്പോഴും ലാറ്റിന്‍ സ്തുതിയായ “ഓംനി ഡൈ മാരിയേ” (Omni die Mariae) ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു. വിശുദ്ധന്‍റെ ആഗ്രഹ പ്രകാരം ആ സ്തുതിയുടെ ഒരു പകര്‍പ്പ് അവനോടു കൂടെ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ബിറ്റില്‍സ്റ്റോണിന്റെ പരിഭാഷയില്‍ ഈ സ്തോത്രഗീതത്തെ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. “ദിനംതോറും, ദിനംതോറും മറിയത്തിനായി പാടുവിന്‍” (Daily, daily sing to Mary) എന്ന ഈ സ്തോത്രഗീതം വിശുദ്ധ കാസിമിറിന്റെ ഗീതം എന്നാണു വിളിക്കപ്പെടുന്നത്. എന്നാല്‍ വിശുദ്ധ കാസിമിറിനും മൂന്ന് നൂറ്റാണ്ടു മുന്‍പേ രചിക്കപ്പെട്ടിട്ടുള്ളതാണ്.

അക്കാലത്ത് ഹംഗറിയിലെ ചില പ്രഭുക്കന്‍മാര്‍ തങ്ങളുടെ രാജാവായിരുന്ന മത്തിയാസ് കോര്‍വിനൂസിന്റെ കീഴില്‍ സന്തുഷ്ടരായിരുന്നില്ല, അതിനാല്‍ 1471-ല്‍ അവര്‍ പോളണ്ടിലെ രാജാവിനോട് അദ്ദേഹത്തിന്റെ മകനായ കാസിമിറിനെ തങ്ങളുടെ രാജാവായി വാഴിക്കുവാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. ആ സമയത്ത് പതിനഞ്ചു വയസ്സ് പോലും പൂര്‍ത്തിയായിട്ടില്ലാതിരുന്ന വിശുദ്ധന്‍ ഇതില്‍ ഒട്ടും തല്‍പ്പരനല്ലാതിരുന്നിട്ടുകൂടി തന്റെ പിതാവിനോട്‌ അനുസരണക്കേടു കാണിക്കാതിരിക്കുന്നതിനായി ഒരു സൈന്യത്തേയും നയിച്ചുകൊണ്ട് അതിര്‍ത്തിയിലേക്ക് പോയി. എന്നാല്‍, മത്തിയാസ് ഒരു വലിയ സൈന്യത്തെ സജ്ജമാക്കിയിട്ടുള്ളതിനാലും, തന്റെ സ്വന്തം സൈനികരില്‍ തന്നെ വലിയൊരു ഭാഗം തങ്ങളുടെ കൂലി കിട്ടിയിട്ടില്ല എന്ന കാരണത്താല്‍ ആ ഉദ്യമത്തില്‍ നിന്നും കൊഴിഞ്ഞുപോയതിനാലും വിശുദ്ധന്‍ തന്റെ സൈനീക ഉദ്യോഗസ്ഥന്‍മാരുമായി കൂടിയാലോചിച്ചു അവിടെ നിന്നും തിരികെ പോരുവാന്‍ തീരുമാനിച്ചു.

ഇതിനിടക്ക് സിക്സറ്റസ് നാലാമന്‍ പാപ്പ, രാജകുമാരനെ യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും, രാജകുമാരനെ അവന്റെ ആഗ്രഹപ്രകാരം ജീവിക്കുവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടൊരു ദൗത്യസംഘത്തെ കാസിമിര്‍ രാജാവിന്റെ പക്കലേക്കയച്ചു. രാജകുമാരന്‍ ചെയ്യുന്നത് ശരിയാണെന്ന ഉറച്ചവിശ്വാസമായിരുന്നു പാപ്പായെ ഇതിനു പ്രേരിപ്പിച്ചത്. എന്നാല്‍, തന്റെ അഭിലാഷമായിരുന്ന സൈനീക ഉദ്യമത്തിന്റെ പരാജയത്തില്‍ രോഷംപൂണ്ട കാസിമിര്‍ രാജാവ് തന്റെ മകനായ വിശുദ്ധ കാസിമിറിനെ ക്രാക്കോവില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുകയും, ഡോബ്സ്കി കൊട്ടാരത്തിലേക്ക് നാടുകടത്തുകയും ചെയ്തു. യാതൊരു എതിര്‍പ്പും കൂടാതെ വിശുദ്ധന്‍ അതനുസരിക്കുകയും മൂന്ന് മാസക്കാലത്തോളം ആ കൊട്ടാരത്തില്‍ തടവില്‍ കഴിയുകയും ചെയ്തു.

യുദ്ധത്തില്‍ നടക്കുന്ന അനീതിയെക്കുറിച്ച് മനസ്സിലാക്കിയ വിശുദ്ധന്‍, പരസ്പര വിനാശകരവും, തുര്‍ക്കികള്‍ക്ക് യൂറോപ്പിന്റെ ആധിപത്യം സ്ഥാപിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന ഈ യുദ്ധങ്ങളില്‍ ഇനി ഒരിക്കലും പങ്കെടുക്കുകയില്ലെന്ന് ഉറച്ച തീരുമാനമെടുത്തു. വീണ്ടുമൊരിക്കല്‍കൂടി തന്റെ പിതാവും, ഹംഗറിയിലെ പ്രഭുക്കളും ആവശ്യപ്പെട്ടിട്ടുപോലും വിശുദ്ധന്‍ പിന്നീടൊരിക്കലും ആയുധം തന്റെ കയ്യില്‍ എടുത്തില്ല. അദ്ദേഹം തന്റെ പഠനങ്ങളിലേക്കും, പ്രാര്‍ത്ഥനകളിലേക്കും തിരികെ പോന്നു. തന്റെ പിതാവിന്റെ അഭാവത്തില്‍ അദ്ദേഹം കുറേക്കാലം പോളണ്ടിലെ വൈസ്രോയിയായി സേവനമനുഷ്ട്ടിച്ചു.

ചക്രവര്‍ത്തിയായിരുന്ന ഫ്രഡറിക് മൂന്നാമന്റെ മകളെ വിവാഹം കഴിക്കുവാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെങ്കിലും വിശുദ്ധന്‍ അത് നിരാകരിച്ചു. ശ്വാസ-കോശ സംബന്ധമായ അസുഖം മൂലം 1484-ല്‍ തന്റെ 26-മത്തെ വയസ്സില്‍ വിശുദ്ധന്‍ മരണപ്പെട്ടു. വില്‍നായിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടത്തെ സെന്റ്‌ സ്റ്റാന്‍സിലാവൂസ് ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഈ കബറിടത്തില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1521-ലാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. പോളണ്ടുകാര്‍ “സമാധാന സ്ഥാപകന്‍” എന്ന വിശേഷണം നല്‍കി വിശുദ്ധ കാസിമിറിനെ ഇന്നും ബഹുമാനിക്കുന്നു.

ഇതര വിശുദ്ധര്‍

1. മേയ് ദ്വീപിലെ അഡ്രിയനും കൂട്ടരും

2. അഗാത്തോഡോറൂസ്, ബാസില്‍, എവുജീന്‍, എല്‍പീഡിയൂസു, എഥെരിയൂസ്, കാപിറ്റോ,

എഫ്രേം, നെസ്റ്റേര്‍, അര്‍കേഡിയൂസ്

3. ട്രെവെസിലെ ബാസിനൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...