Friday, November 22, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints AprilApril 07: വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ

April 07: വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ

1651-ല്‍ റെയിംസിലാണ് ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ ജനിച്ചത്. വിശുദ്ധനു 16 വയസ്സുള്ളപ്പോള്‍ അദ്ദേഹം ആ നാട്ടിലെ കത്രീഡലിലെ ചാപ്റ്റര്‍ അംഗമായിരുന്നു. 1678-ല്‍ വിശുദ്ധന്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു. പട്ടം സ്വീകരിച്ച ഉടനെ തന്നെ അദ്ദേഹം ഒരു പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയത്തിന്റെ അധികാരിയായി നിയമിതനായി. 1679-ല്‍ വിശുദ്ധന്‍, അഡ്രിയാന്‍ ന്യേല്‍ എന്ന് പേരായ ഒരു അത്മായനെ കണ്ടുമുട്ടി. അദ്ദേഹം ആണ്‍കുട്ടികള്‍ക്ക് വേണ്ടിയൊരു സ്കൂള്‍ തുടങ്ങുവാനായി ആഗ്രഹിക്കുന്ന കാര്യം വിശുദ്ധനെ അറിയിച്ചു. അതേ തുടര്‍ന്ന് അദ്ദേഹം രണ്ട് സ്കൂളുകള്‍ ആരംഭിച്ചു. വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനം വിശുദ്ധനു വളരെയേറെ ഇഷ്ടമായിരുന്നു. അദ്ദേഹം അദ്ധ്യാപകരോടു വളരെ താല്പര്യപൂര്‍വ്വം ഇടപെടുകയും ക്രമേണ അവരെ തന്റെ ഭവനത്തില്‍ താമസിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു. തന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ വിദ്യാഭ്യാസ പദ്ധതിയേക്കുറിച്ച് വിശുദ്ധന്‍ അവര്‍ക്ക്‌ പരിശീലനം നല്‍കി. കുറെപേര്‍ വിശുദ്ധന്‍റെ ആശയങ്ങളെ തള്ളികളഞ്ഞു കൊണ്ട് ജോലി ഉപേക്ഷിച്ച് പോയെങ്കിലും വേറെ കുറെപേര്‍ വിശുദ്ധനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. അങ്ങനെ ‘ബ്രദേഴ്സ് ഓഫ് ദി ക്രിസ്ത്യന്‍ സ്കൂള്‍’സിന്’ ആരംഭമായി.

വിദ്യാഭ്യാസത്തെ നന്മചെയ്യുവാനുള്ള നല്ലൊരവസരമായി കണ്ട്‌ വിശുദ്ധന്‍ തന്റെ ‘കാനന്‍’ പട്ടം ഉപേക്ഷിക്കുകയും, പാരമ്പര്യമായി തനിക്ക്‌ ലഭിച്ചതെല്ലാം പാവങ്ങള്‍ക്ക്‌ വീതിച്ചു കൊടുക്കുകയും ചെയ്തു. വിശുദ്ധന്‍ തന്റെ അദ്ധ്യാപകരെ മതപരമായ ഒരു ആത്മീയ-സമൂഹമായി രൂപാന്തരപ്പെടുത്തി. വളരെപെട്ടെന്ന്‍ തന്നെ അദ്ദേഹത്തിന്റെ സ്കൂളില്‍ നിന്നും നിരവധി ആണ്‍കുട്ടികള്‍ ‘ബ്രദേഴ്സില്‍’ പ്രവേശം ആവശ്യപ്പെട്ടു തുടങ്ങി. അതിനാല്‍ വിശുദ്ധന്‍ അവരെ ആത്മീയ അദ്ധ്യാപകരാക്കുവാനുള്ള പരിശീലനം നല്‍കുന്നതിനായി ഒരു ജൂനിയര്‍ പരിശീലന കേന്ദ്രവും സ്ഥാപിച്ചു.

നിരവധി പാസ്റ്റര്‍മാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് വിശുദ്ധന്‍- ആദ്യം റെയിംസിലും പിന്നീട് പാരീസിലും, അവസാനം സെന്റ്‌-ഡെനിസിലും അദ്ധ്യാപകര്‍ക്ക്‌ പരിശീലനം കൊടുക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. വിദ്യാഭ്യാസരംഗത്ത്‌ താന്‍ പുതിയൊരു സമ്പ്രദായത്തിനു അടിത്തറയിടുകയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. മാത്രമല്ല കൈതൊഴിലുകാര്‍ക്ക്‌ വേണ്ട പരിശീലനം നല്‍കുന്നതിനായും വിശുദ്ധന്‍ വിദ്യാലങ്ങള്‍ സ്ഥാപിച്ചു. ഇംഗ്ലണ്ടിലെ രാജാവായ ജെയിംസിന്റെ അപേക്ഷ പ്രകാരം കുലീന വര്‍ഗ്ഗത്തിലുള്ളവര്‍ക്ക്‌ വരെ വിശുദ്ധന്‍ വിദ്യാലയം സ്ഥാപിച്ചു.

അസാധാരണമായ ബുദ്ധിവൈഭവത്തോട് കൂടി മുന്നോട്ട് പോയ വിശുദ്ധന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരിന്നു. 1719- ലെ നോമ്പുകാലത്ത്‌ അതി ഗുരുതരമായൊരു അപകടത്തിനു വിധേയനായ വിശുദ്ധന്‍ ദുഃഖവെള്ളിയാഴ്ച ദിനം ഇഹലോകവാസം വെടിഞ്ഞു. 1900-ത്തില്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെയേ വിശുദ്ധനായി പ്രഖ്യാപിച്ചു. തുടര്‍ന്ന് പിയൂസ്‌ പന്ത്രണ്ടാമന്‍ പാപ്പാ വിശുദ്ധനെ സ്കൂള്‍ അദ്ധ്യാപകരുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍

1. എസ്പെയിനിലെ അയ്‌ബെര്‍ട്ട്

2. സിറിയായിലെ അഫ്രാറ്റെസ്

3. വെയില്‍സിലെ ബ്രിനാക്ക്

4. സിലിസിയായിലെ കള്ളിയോപ്പൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...