Monday, November 25, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints AprilApril 06: വിശുദ്ധ സെലസ്റ്റിന്‍ മാര്‍പാപ്പ

April 06: വിശുദ്ധ സെലസ്റ്റിന്‍ മാര്‍പാപ്പ

വിശുദ്ധ സെലസ്റ്റിന്‍ പാപ്പാ ഒരു റോം നിവാസിയും ആ നഗരത്തിലെ പുരോഹിത വൃന്ദങ്ങള്‍ക്കിടയില്‍ ഒരു ശ്രേഷ്ടമായ വ്യക്തിത്വത്തിന്നുടമയുമായിരുന്നു. അന്നത്തെ പാപ്പായായ ബോനിഫസിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിശുദ്ധ സെലസ്റ്റിനെ തിരഞ്ഞെടുക്കുവാന്‍ തീരുമാനമായി. അങ്ങനെ 422 സെപ്റ്റംബറില്‍ മുഴുവന്‍ വിശ്വാസികളുടെയും പുരോഹിത പ്രമുഖരുടെയും അംഗീകാരത്തോടെ വിശുദ്ധന്‍ മാര്‍പാപ്പായായി. വിശുദ്ധ ഓസ്റ്റിന്‍, സെലസ്റ്റിനെ അദ്ദേഹത്തിന്റെ ഉന്നതിയില്‍ അഭിനന്ദിക്കുകയും അക്രമങ്ങളും അടിച്ചമര്‍ത്തലും നടത്തി കൊണ്ടിരിന്ന ഫുസ്സാലയിലെ മെത്രാനായിരുന്ന ആന്റണിയേ പിന്തുണക്കുകയില്ലെന്ന് സത്യം ചെയ്യിപ്പിക്കുകയും ചെയ്തു.

വിശുദ്ധ ഓസ്റ്റിന്റെ ശിഷ്യനായിരിന്നു ആന്‍റണി. പില്‍കാലത്ത് വിശുദ്ധ ഓസ്റ്റിന്‍ ആന്റണിയേ സഭാപരമായ ഉന്നതികളിലേക്കുയര്‍ത്തി. ഈ ഉയര്‍ച്ച ആന്റണിയെ അഹങ്കാരത്തിനും പാപത്തിനും അടിമയാക്കി. അതിനാല്‍ അദ്ദേഹത്തിന്റെ ജീവിതരീതികളെ ചോദ്യം ചെയ്തു കൊണ്ട് നുമീദിയായില്‍ ഒരു സമ്മേളനം കൂടി. തന്നെ നിന്ദിച്ച നുമീദിയാ സമിതിയുടെ അദ്ധ്യക്ഷനായിരുന്ന മെത്രാപ്പോലീത്തയെ ആന്റണി തന്റെ വരുതിയിലാക്കി. തന്റെ നാട്യങ്ങളില്‍ പാപ്പയെ വശംവദനാക്കാം എന്ന പ്രതീക്ഷയില്‍ ആന്റണി റോമിലേക്ക് ഒരു കത്ത് എഴുതി. തന്റെ മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശങ്ങള്‍ വായിച്ച ബോനിഫസ് പാപ്പാ നുമീദിയായിലെ മെത്രാന്‍മാരോട് ആന്റണിക്ക് പഴയ അവകാശങ്ങള്‍ തിരികെനല്‍കുവാന്‍ ആവശ്യപ്പെട്ടു.

ഫുസ്സാലയില്‍ തിരികെ എത്തിയ ആന്റണി അവിടത്തെ ജനങ്ങളോട് തന്നെ നിയമപരമായ മെത്രാനായി അംഗീകരിച്ചില്ലെങ്കില്‍ അവരെ അനുസരിപ്പിക്കുവാന്‍ സൈന്യത്തെ വരുത്തുമെന്ന് ഭീഷണി മുഴക്കി. ബോനിഫസ് പാപ്പാ മരിച്ചപ്പോള്‍ വിശുദ്ധ ഓസ്റ്റിന്‍, വിശുദ്ധ സെലസ്റ്റിനെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചു. ആന്റണി ചെയ്തിട്ടുള്ള കുറ്റങ്ങള്‍ പൂര്‍ണ്ണമായും ബോധ്യപ്പെട്ട അദ്ദേഹം നുമീദിയാ സമിതിയുടെ വിധി അംഗീകരിക്കുകയും, ആന്റണിയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. ഇല്ലിറിക്കം ഭാഗങ്ങളിലെ അപ്പോസ്തോലിക വികാരിയെ തെസ്സലോണിക്കയിലെ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ട് അദ്ദേഹം ഉത്തരവിറക്കി.

ഗൗളിലെ വിയന്നെ, നാര്‍ബോന്നെ എന്നീ പ്രവിശ്യകളിലെ മെത്രാന്മാര്‍ക്ക് അവിടെ നിലനിന്നിരുന്ന അധാര്‍മ്മികതകളെ തിരുത്തുവാനും, മരണശയ്യയിലായിരിക്കുന്ന ഒരു പാപിക്കും പാപവിമോചനം, അനുരഞ്ജനം എന്നിവയെ നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കത്തുകളെഴുതി. ഈ കത്തുകളുടെ തുടക്കത്തില്‍ വിശുദ്ധന്‍ ഇപ്രകാരം പറയുന്നു, “സ്ഥലങ്ങളുടേയോ ദൂരങ്ങളുടേയോ പരിമിധികള്‍ക്ക് എന്റെ ഇടയപരമായ കര്‍ത്തവ്യത്തെ അടക്കിനിര്‍ത്തുവാന്‍ സാധ്യമല്ല, യേശു ആദരിക്കപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും അത് ബാധകമാണ്.”

ഇതിനിടെ കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായിരുന്ന നെസ്റ്റോരിയൂസില്‍ നിന്നും വിശുദ്ധന് രണ്ട് എഴുത്തുകള്‍ ലഭിച്ചു. അതില്‍ സഭാ സിദ്ധാന്തങ്ങള്‍ക്കെതിരായ വിശുദ്ധന്റെ സിദ്ധാന്തങ്ങള്‍ തന്മയത്വത്തോടുകൂടി അവതരിപ്പിക്കപ്പെട്ടിരുന്നു. അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്ന വിശുദ്ധ സിറിലില്‍ നിന്നും നെസ്റ്റോരിയൂസിന്റെ തെറ്റുകളെകുറിച്ചുള്ള വിവരണവും പാപ്പാക്ക് ലഭിച്ചു. അതിനാല്‍ തന്നെ 430-ല്‍ റോമില്‍ ഒരു സിനഡ്‌ കൂടുകയും അതില്‍ നെസ്റ്റോരിയൂസിന്റെ എഴുത്തുകളെ ക്കുറിച്ച് പരിശോധിക്കുകയും അദ്ദേഹത്തിന്റെ മതനിന്ദയെ അപലപിക്കുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധന്‍ നെസ്റ്റോരിയൂസിനെ സഭയില്‍ നിന്ന് പുറത്താക്കുവാന്‍ തീരുമാനിച്ചു.

പത്തു ദിവസത്തിനുള്ളില്‍ തന്റെ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ നെസ്റ്റോരിയൂസിനെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ്‌ നടപ്പില്ലാക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. ഈ നിയമം നടപ്പിലാക്കുവാന്‍ വിശുദ്ധ സിറിലിനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ നെസ്റ്റോരിയൂസാകട്ടെ തന്റെ പിടിവാദത്തില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് എഫേസൂസില്‍ ഒരു പൊതുസമിതി വിളിച്ചു കൂട്ടുകയും ആര്‍ക്കാഡിയൂസ്, പ്രൊജെക്റ്റസ് എന്നീ മെത്രാന്‍മാരേയും, ഒരു പുരോഹിതനേയും റോമില്‍ നിന്നും തന്റെ പ്രതിനിധികളായി ഈ സമിതിയിലേക്കയച്ചു. വിശുദ്ധ സിറിലിനെ സഹായിക്കുക എന്ന കര്‍ത്തവ്യം കൂടി അവര്‍ക്കുണ്ടായിരുന്നു. ഇപ്രകാരം നെസ്റ്റോരിയൂസിനെ സഭയില്‍ നിന്നു പുറത്താക്കി. ഇതേ തുടര്‍ന്ന് വിശുദ്ധ സിറിലുമായി അകന്നു നിന്ന പൌരസ്ത്യ മെത്രാന്‍മാരെ അദ്ദേഹവുമായി അനുരഞ്ജിപ്പിക്കുവാന്‍ പാപ്പാക്ക് വളരെയേറെ കഷ്ടതകള്‍ സഹിക്കേണ്ടതായി വന്നു.

ഇതിനിടെ സെവേരിയാനുസ്‌ എന്ന ബ്രിട്ടിഷ് മെത്രാന്റെ മകനായ അഗ്രിക്കോള എന്ന പുരോഹിതന്‍ പെലാജിയന്‍ സിദ്ധാന്തത്തിന്റെ വിഷവിത്തുകള്‍ ബ്രിട്ടണില്‍ വിതച്ചു. പുരോഹിതനാകും മുമ്പ് ഇദ്ദേഹം വിവാഹിതനായിരുന്നു. ഇതറിഞ്ഞ ഉടനെ തന്നെ പരിശുദ്ധ പാപ്പാ തന്റെ വികാരിയായിരുന്ന ഓക്സേരെയിലെ വിശുദ്ധ ജെര്‍മാനൂസിനെ അങ്ങോട്ടയച്ചു. അദ്ദേഹത്തിന്റെ ആവേശവും, തീക്ഷണതയും ആ വിപത്തിനെ വിജയകരമായി തടഞ്ഞു.

കൂടാതെ വിശുദ്ധ സെലസ്റ്റിന്‍ പാപ്പാ റോമാക്കാരനായ വിശുദ്ധ പല്ലാഡിയൂസിനെ സ്കോട്ട്കള്‍ക്കിടയില്‍ വിശ്വാസം പ്രചരിപ്പിക്കുന്നതിനായി വടക്കെ ബ്രിട്ടണിലേക്കും, അയര്‍ലന്‍ഡിലേക്കും അയക്കുകയും ചെയ്തിട്ടുണ്ടെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. വിശുദ്ധ പാട്രിക്കിന്റെ നിരവധി ജീവചരിത്രകാരന്‍മാര്‍ ഐറിഷ് ജനതക്കിടയില്‍ വിശ്വാസം പ്രചരിപ്പിക്കുവാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത് വിശുദ്ധ സെലസ്റ്റിന്‍ ആണെന്ന് അവകാശപ്പെടുന്നു.

432 ആഗസ്റ്റ്‌ 1ന് ഏതാണ്ട് പത്തുവര്‍ഷത്തോളം പരിശുദ്ധ സിംഹാസനത്തിലിരുന്നതിനു ശേഷം വിശുദ്ധനായ ഈ പാപ്പാ ദൈവസന്നിധിയിലേക്ക് യാത്രയായി. പ്രിസ്സില്ലായിലെ സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ പിന്നീട് വിശുദ്ധ പ്രാക്സേഡിന്റെ ദേവാലയത്തിലേക്ക്‌ കൊണ്ട് വന്നു.

ഇതര വിശുദ്ധര്‍

1. സ്കോട്ടിലെ ബെര്‍ത്താങ്ക്

2. ടിമോത്തിയും ഡിയോജെനസ്സും

3. വിഞ്ചെസ്റ്റര്‍ ബിഷപ്പായ എല്‍സ്റ്റാര്‍

4. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഏവുടിക്കിയൂസ്

5. പന്നോണിയായിലെ ഫ്ലോരെന്‍സിയോസും ജെര്‍മിനിയാനൂസും സത്തൂരൂസും

6. ഫോണ്ടനെനിലെ ജെന്നാര്‍ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...