Friday, October 18, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints JuneJune 20: വിശുദ്ധ സില്‍വേരിയൂസ്

June 20: വിശുദ്ധ സില്‍വേരിയൂസ്

അഗാപിറ്റൂസിന്റെ മരണ വാര്‍ത്ത റോമില്‍ എത്തിയപ്പോള്‍ രാജാവായിരുന്ന തിയോദാഹദ്, കിഴക്കന്‍ ഗോത്തിക്ക്കാരുടെ ആക്രമണത്തെ ഭയന്ന്, തനിക്ക് അടുപ്പമുള്ള ഒരു ഗോത്തിക്ക് വംശജന്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചു. പാപ്പായായിരുന്ന ഹോര്‍മിസ്ദാസിന്റെ മകനായ സില്‍വേരിയൂസിനെയായിരുന്നു അതിനായി രാജാവ് അദ്ദേഹം കണ്ടെത്തിയത്. ഐക്യം നിലനിര്‍ത്തുക എന്ന കാരണത്താല്‍ പുരോഹിത വൃന്ദം മനസ്സില്ലാ മനസ്സോടെ രാജാവിന്റെ ആഗ്രഹമനുസരിച്ച് സബ്-ഡീക്കനായിരുന്ന സില്‍വേരിയൂസിനെ പാപ്പായായി തിരഞ്ഞെടുത്തു. റോമില്‍ സില്‍വേരിയൂസിന്റെ അഭിഷേകം നടന്ന് കൊണ്ടിരിക്കുമ്പോള്‍, ചക്രവര്‍ത്തിയുടെ ഭാര്യയായിരുന്ന തിയോഡോറ, ക്രിസ്തുവിന്റെ ഏകസ്വഭാവ സിദ്ധാന്ത വാദിയായിരുന്ന അന്തിമസിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി വാഴിക്കുവാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുകയായിരുന്നു.

കോണ്‍സ്റ്റാന്റിനോപ്പിളിലെ പാപ്പാ പ്രതിനിധിയായി വര്‍ത്തിച്ചിരുന്നവനും ബോനിഫസ് രണ്ടാമന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടവനുമായ വിജിലിയൂസിനെ പാപ്പാ പദവി വാഗ്ദാനം ചെയ്തുകൊണ്ട് തിയോഡോറ ചക്രവര്‍ത്തിനി റോമിലേക്കയച്ചു. വിജിലിയൂസ് റോമിലെത്തുമ്പോഴേക്കും സില്‍വേരിയൂസ് പരിശുദ്ധ സഭയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും, തന്റെ പുതിയ ദൗത്യനിര്‍വഹണം ആരംഭിക്കുകയും ചെയ്തു തുടങ്ങിയിരുന്നു. ചക്രവര്‍ത്തിയുടെ ജെനറല്‍ ആയിരുന്ന ബെലിസാരിയൂസ് റോമിലേക്ക് പടനീക്കം നടത്തി തുടങ്ങി. കിഴക്കന്‍ സൈന്യം റോമിന്റെ സമീപത്തെത്തിയപ്പോള്‍ റോമാക്കാര്‍ പാപ്പായുടെ ഉപദേശത്തിനായി സില്‍വേരിയൂസിനെ സമീപിച്ചു.

കിഴക്കന്‍ സൈന്യത്തെ പ്രതിരോധിക്കുന്നത് കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയ പാപ്പാ കീഴടങ്ങുവനാണ് ഉപദേശിച്ചത്. 536 ഡിസംബര്‍ തുടക്കത്തില്‍ സൈന്യം റോം കീഴടക്കി. ചക്രവര്‍ത്തിനിയുടെ നിര്‍ബന്ധം കാരണം ബെലിസാരിയൂസ്, സില്‍വേരിയൂസ് പാപ്പായെ തന്റെ താവളത്തിലേക്ക് വിളിപ്പിക്കുകയും, പാപ്പാ അവളുടെ താല്‍പ്പര്യമനുസരിച്ച് സ്ഥാനത്യാഗം ചെയ്യണമെന്നും അല്ലെങ്കില്‍ മരിക്കുവാന്‍ തയ്യാറായിക്കൊള്ളുവാനും അറിയിച്ചു. എന്നാല്‍ ജെനറലിന്റെ ആദ്യ തന്ത്രം സില്‍വേരിയൂസിന്റെ അടുക്കല്‍ ഫലിച്ചില്ല. അതിനാല്‍ അദ്ദേഹം, വിറ്റിജെസ് രാജാവിന്റെ കീഴില്‍ തിരിച്ചടിച്ചുകൊണ്ടിരുന്ന ഗോത്തുകള്‍ക്ക് സില്‍വേരിയൂസ് പാപ്പാ നഗരകവാടം തുറന്നു കൊടുത്തു എന്ന് കുറ്റം ആരോപിക്കുകയും അതിനായി കൃത്രിമമായ രേഖകള്‍ തയാറാക്കുകയും ചെയ്തു.

തുടര്‍ന്ന്‍ ജെനറല്‍, ചക്രവര്‍ത്തിനിയുടെ ആഗ്രഹമനുസരിച്ച് സില്‍വേരിയൂസ് പാപ്പായോട് സ്ഥാനത്യാഗം ചെയ്യുവാനും, അന്തിമസിനെ പാത്രിയാര്‍ക്കീസാക്കുവാനും ഉത്തരവിട്ടു. എന്നാല്‍ സില്‍വേരിയൂസ് ഇതു നിരാകരിച്ചു. ജനറലാകട്ടെ രണ്ടാമതൊരു അവസരം കൊടുത്തില്ല; വിശുദ്ധനെ പിടികൂടുകയും വിശുദ്ധന്റെ എതിര്‍പ്പിനെ വകവെക്കാതെ വിശുദ്ധന്റെ സഭാവസ്ത്രം ഊരിയെടുക്കുകയും, വിശുദ്ധനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. പാപ്പാക്ക് സംഭവിച്ച ഈ മര്യാദകേടിനെ കുറിച്ച് ഒരു സബ്-ഡീക്കന്‍ വഴിയാണ് പുരോഹിതവൃന്ദം അറിയുന്നത്. അതേ തുടര്‍ന്ന്‍ ജനറല്‍ പുതിയ പാപ്പാ തിരഞ്ഞെടുപ്പിനുള്ള ഉത്തരവ് ഇറക്കുകയും, തുടര്‍ന്ന് മര്‍ക്കടമുഷ്ടിയിലൂടെ സ്ഥാനമോഹിയായ വിജിലിയൂസ് പാപ്പായായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

വിശുദ്ധ സില്‍വേരിയൂസിനെ ലിസ്യായിലെ തുറമുഖ നഗരമായ പടാരയിലേക്കാണ് നാട് കടത്തിയത്. ഇക്കാര്യങ്ങളറിഞ്ഞ ആ പ്രദേശത്തെ മെത്രാന്‍ അസ്വസ്ഥനാവുകയും അദ്ദേഹം പാപ്പാക്ക് നേരിടേണ്ടി വന്ന അന്യായത്തെ കുറിച്ച് ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയെ നേരിട്ടറിയിക്കുകയും ചെയ്തു. ഇതില്‍ വാസ്തവമുണ്ടെന്ന് തോന്നിയ ചക്രവര്‍ത്തി ന്യായപൂര്‍വ്വമായ വിചാരണക്കായി വിശുദ്ധനെ റോമില്‍ എത്തിക്കുവാന്‍ ഉത്തരവിട്ടു. കൂടാതെ അദ്ദേഹം നിരപരാധിയാണെന്ന് തെളിയുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ പാപ്പാ പദവി തിരികെ ഏല്‍പ്പിക്കുവാന്‍ ഉത്തരവിടുകയും ചെയ്തു.

എന്നാല്‍ വിശുദ്ധന്‍ റോമിലെത്തിയ ഉടന്‍ തന്നെ, പുതിയ പാപ്പാ അദ്ദേഹത്തെ ഗെയിറ്റാ ഉള്‍ക്കടലിലെ ഒരു ദ്വീപായ പല്‍മാരിയായിലേക്ക് നാടുകടത്തുവാന്‍ ഉത്തരവിട്ടു. ഈ ദ്വീപില്‍ വെച്ചാണ് പാപ്പാ സ്വയം സ്ഥാനത്യാഗം ചെയ്യുന്നത്. നിരവധി ക്രൂരമായ പീഡനങ്ങളും, പട്ടിണിയും സഹിച്ചുകൊണ്ട്, സഭയുടെ ഒരു രക്തസാക്ഷിയായിട്ടാണ് സില്‍വേരിയൂസ് പാപ്പാ മരണപ്പെടുന്നത്. വിശുദ്ധന്‍ നാടുകടത്തപ്പെട്ട ആ ദ്വീപില്‍ തന്നെയാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. പിന്നീട് വിശുദ്ധന്റെ കല്ലറ നിരവധി അത്ഭുതകരമായ രോഗശാന്തികളുടെ കേന്ദ്രമായി മാറി.

ഇതര വിശുദ്ധര്‍

1. മാഗ്സിബര്‍ഗിലെ ആര്‍ച്ചു ബിഷപ്പായ അഡല്‍ബെര്‍ട്ട്

2. തെറുവാന്‍ ബിഷപ്പായ ബായിന്‍

3. ബെനിഞ്ഞൂസ്

4. കനിങ്കടലിന് സമീപം ടോമിയില്‍ വച്ചു വധിക്കപ്പെട്ട പോളും സിറിയാക്കൂസും

5. നോര്‍ത്ത് ഹാംപ്ടണ്‍ഷയറിലെ കായിസ്റ്റോറിലെ എഡ്ബുര്‍ഗാ കന്യാസ്ത്രീ

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...