Friday, November 22, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints JuneJune 05: വിശുദ്ധ ബോനിഫസ്

June 05: വിശുദ്ധ ബോനിഫസ്

ജര്‍മ്മനിയുടെ ഏറ്റവും വലിയ അപ്പസ്തോലനും, മദ്ധ്യസ്ഥനുമാകാന്‍ ദൈവീകാനുഗ്രഹത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ബെനഡിക്ടന്‍ സന്യാസിയായിരുന്നു വിശുദ്ധ ബോനിഫസ്. 716-ൽ വിശുദ്ധന്റെ ആദ്യ പ്രേഷിത ദൗത്യം അത്ര കണ്ടു വിജയിച്ചില്ല. 718-ല്‍ രണ്ടാമതായി ശ്രമിക്കും മുന്‍പ്‌ വിശുദ്ധന്‍ റോമിലേക്ക് പോവുകയും പാപ്പായുടെ അംഗീകാരം നേടുകയും ചെയ്തു. ഇതിനിടെ ദിവ്യനായ മെത്രാന്‍ വില്ലിബ്രോര്‍ഡിന്റെ കീഴില്‍ വിശുദ്ധന്‍, ഫ്രിസിയ മുഴുവനെയും ക്രിസ്തീയ വിശ്വാസത്തിലേക്ക് പരിപൂർണ്ണമായി മാറ്റി. 722 നവംബര്‍ 30ന് ഗ്രിഗറി രണ്ടാമന്‍ പാപ്പാ ബോനിഫസിനെ മെത്രാനായി അഭിഷേകം ചെയ്തു. 724-ല്‍ വിശുദ്ധന്റെ ശ്രദ്ധ ഹെസ്സിയന്‍ ജനതക്ക്‌ മേല്‍ പതിഞ്ഞു, അവരുടെ ഇടയില്‍ വിശുദ്ധന്‍ തന്റെ പ്രേഷിത പ്രവര്‍ത്തങ്ങള്‍ നവീകരിക്കപ്പെട്ട ആവേശത്തോടു കൂടി തുടര്‍ന്നു. ഏദറിലുള്ള ഗെയിസ്മര്‍ ഗ്രാമത്തിലെ ജനത, തോര്‍ എന്ന ദൈവത്തിന്റെ വാസസ്ഥലമായിട്ടു പരിഗണിച്ചിരുന്ന ഒരു വലിയ ഓക്ക് മരം വിശുദ്ധന്‍ വെട്ടി വീഴ്ത്തി.

ആ മരമുപയോഗിച്ച്‌ ബോനിഫസ് വിശുദ്ധ പത്രോസിന്റെ നാമധേയത്തില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു. ഈ ധീരമായ പ്രവര്‍ത്തി ജര്‍മ്മനിയില്‍ സുവിശേഷത്തിന്റെ അന്തിമമായ വിജയം ഉറപ്പ്‌ വരുത്തുന്നതായിരുന്നു. എന്നാല്‍ നിന്ദ്യമായ ജീവിതം നയിച്ചിരുന്ന അവിടത്തെ പുരോഹിതവൃന്ദവും രാജസദസ്സിലെ പുരോഹിതരും നിരന്തരം കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും വിശുദ്ധന്‍ തന്റെ പ്രയത്നം നിശബ്ദമായും, വിവേകത്തോടും കൂടെ അഭംഗുരം തുടര്‍ന്നു. ദൈവത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ചുകൊണ്ട് വിശുദ്ധന്‍ തന്റെ പ്രയത്നത്തിന്റെ വിജയത്തിനായി ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കുകയും, ഇംഗ്ലണ്ടിലെ തന്റെ ആത്മീയ സഹോദരി-സഹോദരന്‍മാരോട് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിക്കുകയും ചെയ്തു.

അതിനാല്‍ തന്നെ ദൈവം തന്റെ ദാസനെ ഉപേക്ഷിച്ചില്ല. എണ്ണമില്ലാത്ത വിധം അനേകർ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വന്നു. 732-ല്‍ ഗ്രിഗറി മൂന്നാമന്‍, വിശുദ്ധനെ മെത്രാപ്പോലീത്തയാക്കികൊണ്ട് തിരുവസ്ത്ര ധാരണത്തിനുള്ള ഉത്തരീയം (Pallium) അയച്ചുകൊടുത്തു. അന്നു മുതല്‍ വിശുദ്ധ ബോണിഫസ് തന്റെ മുഴുവന്‍ കഴിവും സമയവും, ജെര്‍മ്മനിയിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു. കഴിവും, യോഗ്യതയുമുള്ള മെത്രാന്‍മാരെ അദ്ദേഹം നിയമിക്കുകയും, രൂപതയുടെ അതിര്‍ത്തി നിശ്ചയിക്കുകയും, അല്‍മായരുടേയും, പുരോഹിതന്‍മാരുടെയും ആത്മീയ ജീവിതം നവീകരിക്കുകയും ചെയ്തു. 742നും 747നും ഇടക്ക്‌ വിശുദ്ധന്‍ ദേശീയ സുനഹദോസുകള്‍ വിളിച്ചുകൂട്ടി.

744-ല്‍ ജെര്‍മ്മനിയിലെ ആത്മീയ ജീവിതത്തിന്റെ കേന്ദ്രമായി മാറിയ ഫുള്‍ഡാ ആശ്രമം വിശുദ്ധ ബോനിഫസ് സ്ഥാപിച്ചു. 745-ല്‍ വിശുദ്ധന്‍ തന്റെ അതിരൂപതയായി മായെന്‍സിനെ തിരഞ്ഞെടുക്കുകയും, പതിമൂന്നോളം രൂപതകളെ അതില്‍ അംഗമായി ചേര്‍ക്കുകയും ചെയ്തു. ഇതോടു കൂടി ജര്‍മ്മനിയിലെ സഭാ-സവിധാനം പൂര്‍ണ്ണമാവുകയായിരുന്നു. വിശുദ്ധന്റെ തിരക്കേറിയ ജീവിതത്തിന്റെ അവസാന നാളുകള്‍, തന്റെ മുന്‍ഗാമികളെപോലെ സുവിശേഷ പ്രഘോഷണങ്ങള്‍ക്കായാണ് അദ്ദേഹം ചിലവഴിച്ചിരുന്നത്. 754-ല്‍ ഫ്രിസിയയിലെ ജനങ്ങള്‍ വിശ്വാസത്തില്‍ നിന്നും അകന്നു പോയതായി ബോനിഫസിന് വിവരം ലഭിച്ചു.

തന്റെ 74-മത്തെ വയസ്സില്‍ യുവത്വത്തിന്റേതായ ഊര്‍ജ്ജസ്വലതയോട് കൂടി വിശുദ്ധന്‍ ജനങ്ങളെ തിരികെ വിശ്വാസത്തിലേക്ക്‌ കൊണ്ട് വരുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എന്നാല്‍ ആ ദൗത്യം വിശുദ്ധന് പൂര്‍ണ്ണമാക്കുവാന്‍ കഴിഞ്ഞില്ല. വിശ്വാസ സമൂഹത്തെ ആഴമായ ബോധ്യത്തിലേക്ക് നയിക്കാന്‍ ഡോക്കുമിലേക്ക് പോകുന്ന വഴിയില്‍ വെച്ച് അപരിഷ്‌കൃതരായ ഒരു സംഘം അവിശ്വാസികള്‍, വിശുദ്ധനെ കീഴ്പ്പെടുത്തി വധിക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍

1. ഫ്രീസിയായിലെ അഡലാര്‍

2. റോമന്‍ പടയാളികളായ അപ്പളോണിയസ്, മാര്‍സിയന്‍, നിക്കനോര്‍

3.പേറൂജിയായില്‍ വച്ചു വധിക്കപ്പെട്ട ഫ്ലോരെന്‍സിയസ്, ജൂലിയന്‍, സിറയാക്കൂസ്,

മര്‍സെല്ലിനൂസ്, ഫവുസ്തിനൂസ്

4. സെനായിസ്, സിറിയാ, വലേറിയ, മാര്‍സിയാ

5. ടയറിളെ ഡോറൊത്തെയ്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...