Thursday, October 17, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints AugustAugust 28: തിരുസഭയുടെ വേദപാരംഗതനായ വിശുദ്ധ അഗസ്റ്റീനോസ്

August 28: തിരുസഭയുടെ വേദപാരംഗതനായ വിശുദ്ധ അഗസ്റ്റീനോസ്

പുരാതന ക്രിസ്തീയ ലോകത്തു ഏറ്റവും ആഴമായ പാണ്ഡിത്യമുള്ള ഒരാളായിരുന്നു വിശുദ്ധ അഗസ്റ്റീനോസ്. അഗസ്റ്റിന്‍ എന്ന പേരിലും ഔറേലിയുസ് അഗസ്തീനോസ് എന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. 354 നവംബര്‍ 13-ന് ഉത്തരാഫ്രിക്കയിലെ തഗാസ്തെയിലാണ് ഔറേലിയുസ് അഗസ്തീനോസ് ജനിച്ചത്. വിശുദ്ധന്റെ മാതാവായിരുന്ന മോനിക്ക ഒരു ദൈവഭക്തയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിതാവായിരുന്ന പട്രീഷ്യസ് ഒരു അവിശ്വാസിയായിരുന്നു. നല്ല രീതിയിലുള്ള ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചിരുന്ന അഗസ്തിനോസ് അപ്പോഴും ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. കാര്‍ത്തേജില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ മനിക്കേയ വാദത്തില്‍ അദ്ദേഹം ആകൃഷ്ടനാവുകയും പാപത്തിന്റെ വഴിയില്‍ ജീവിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഇത് അവന്റെ അമ്മയായ മോനിക്കയെ സങ്കടത്തിലാക്കി.

തന്റെ കൂടെയായിരിക്കുവാന്‍ അമിതമായി ആഗ്രഹിച്ചിരുന്ന തന്റെ മാതാവിനെ കബളിപ്പിച്ച് അവന്‍ റോമിലെത്തി. അവനെയോര്‍ത്ത് കരയുവാനും, പ്രാര്‍ത്ഥിക്കുവാനും മാത്രമേ മോനിക്കയ്ക്ക് സാധിക്കുമായിരുന്നുള്ളൂ. അവളുടെ സങ്കടം കണ്ടു ഒരിക്കല്‍ ഒരു മെത്രാന്‍ ഇങ്ങനെ പറഞ്ഞു, “ഒരുപാട് കണ്ണുനീരിന്റെ ഈ പുത്രന്‍ നഷ്ടപ്പെടുകയില്ല”. എന്നാല്‍ തിന്മയുടെ ശക്തി അഗസ്തീനോസിനെ കൂടുതല്‍ ധാര്‍മ്മികാധപതനത്തിലേക്കായിരുന്നു നയിച്ചുകൊണ്ടിരുന്നത്.

പതിയെ പതിയെ, തുടര്‍ച്ചയായ മോനിക്കയുടെ പ്രാര്‍ത്ഥന ഫലം കണ്ട് തുടങ്ങി. സുഖലോലപരമായ ജീവിതത്തിന്റെ ശൂന്യതയെയും, മനുഷ്യ ഹൃദയത്തിന്റെ അഗാധതയേയും അദ്ദേഹം മനസ്സിലാക്കി. ഭൗതീകമായ സുഖങ്ങള്‍ ആ അഗാധതയിലേക്കെറിയുന്ന ചെറിയ കല്ലുകളാണെന്ന വസ്തുത അദ്ദേഹത്തിന് പതിയെ പതിയെ ബോധ്യമായി തുടങ്ങി. ‘ദൈവത്തില്‍ വിശ്രമിക്കാത്തിടത്തോളം കാലം ഹൃദയം അസ്വസ്ഥമായിരിക്കും’ എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി.

മോനിക്കയുടെ കണ്ണുനീരിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി അഗസ്തിനോസ് മാനസാന്തരപ്പെടുകയും, 387-ലെ ഈസ്റ്റര്‍ രാത്രിയില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. മിലാനിലെത്തിയ വിശുദ്ധന്റെ മാതാവായ മോനിക്ക വളരെ സന്തോഷത്തോട് കൂടിയാണ്, അഗസ്റ്റിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സംഭവമായ ജ്ഞാനസ്നാനത്തിനു സാക്ഷ്യം വഹിച്ചത്. അഗസ്തിനോസും തന്റെ മാതാവിനൊപ്പം ആഫ്രിക്കയിലേക്ക് മടങ്ങി. മടക്കയാത്രയില്‍ ഓസ്തിയായില്‍ വെച്ച് അവന്റെ മാതാവ് മരണമടഞ്ഞു. തന്റെ മകന് ഒരു രണ്ടാം ജന്മം നല്‍കുവാന്‍ കഴിഞ്ഞുവെന്ന സന്തോഷത്താലാണ് അവള്‍ മരിച്ചത്.

388-ല്‍ അദ്ദേഹം തഗാസ്തെയില്‍ തിരിച്ചെത്തുകയും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സാധാരണ ജീവിതം നയിച്ചു വരികയും ചെയ്തു. പിന്നീട് തന്റെ സ്വത്തുക്കളെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു നല്‍കിയതിനു ശേഷം 391-ല്‍ ഹിപ്പോയില്‍ വെച്ച് അഗസ്തിനോസ് പൗരോഹിത്യ പട്ടം സ്വീകരിക്കുകയുണ്ടായി. 394-ല്‍ മെത്രാനായിരുന്ന വലേരിയൂസിന്റെ സഹായിയായി തീര്‍ന്ന വിശുദ്ധന്‍, വലേരിയൂസിന്റെ മരണത്തോടെ തന്റെ 41-മത്തെ വയസ്സില്‍ ഹിപ്പോയിലെ മെത്രാനായി അഭിഷിക്തനായി. 396 മുതല്‍ 430 വരെ ഹിപ്പോയിലെ മെത്രാനായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

തിരുസഭയുടെ ഏറ്റവും സ്വാധീനമുള്ള ദൈവശാസ്ത്രജ്ഞനായിരുന്നു വിശുദ്ധന്‍. പ്രത്യേകിച്ച് ത്രിത്വൈക ദൈവം, പുണ്യം, സഭ എന്നിവയെ കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ വിശുദ്ധന്റെ ജ്ഞാനം വളരെ വലുതായിരിന്നു. ഒരു നല്ല പ്രഭാഷകനും എഴുത്ത് കാരനും അപാരമായ ആത്മീയതയുമുള്ള ആളായിരുന്നു അദ്ദേഹം. വിശുദ്ധന്റെ രചനകളില്‍ ഏറ്റവും കൂടുതലായി അറിയപ്പെടുന്ന ‘കൺഫഷൻസ്’ എന്ന കൃതിയില്‍ അദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ തെറ്റുകള്‍, അദ്ദേഹത്തിന്റെ കഷ്ടപ്പാടുകള്‍, മതപരമായ നിരീക്ഷണങ്ങള്‍ എന്നിവയും ഈ രചനയില്‍ കാണാവുന്നതാണ്.

‘ദി സിറ്റി ഓഫ് ഗോഡ്’ എന്ന കൃതിയും വിശുദ്ധന്റെ പ്രസിദ്ധമായ ഒരു രചനയാണ്. വിശുദ്ധന്റെ പ്രസംഗങ്ങള്‍, പ്രത്യേകിച്ച് വിശുദ്ധ യോഹന്നാന്റെ സുവിശേഷങ്ങളേയും, സങ്കീര്‍ത്തനങ്ങളേയും ആസ്പദമാക്കിയുള്ളവയായിരിന്നു. അഗസ്തീനോസിന്റെ സഭാ ജീവിതം മതവിരുദ്ധ വാദങ്ങള്‍ക്കെതിരേയുള്ള പോരാട്ടങ്ങളാല്‍ നിറഞ്ഞതായിരുന്നു. ആ പോരാട്ടങ്ങളിലെല്ലാം തന്നെ അദ്ദേഹം വിജയം വരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന വിജയം, ‘ദൈവ കൃപയുടെ ആവശ്യകതയെ’ നിഷേധിക്കുന്ന പെലാജിയൂസിനെതിരായി നേടിയതായിരുന്നു.

ഈ വിജയം അദ്ദേഹത്തിന് ‘കൃപയുടെ പാരംഗതന്‍’ എന്ന വിശേഷണം നേടികൊടുത്തു. വിശുദ്ധന്റെ രചനകളില്‍ മുന്നിട്ട്‌ നിന്നിരുന്ന ദൈവത്തോടുള്ള അപാരമായ സ്നേഹത്തിന്റെ പ്രതീകമായി ക്രിസ്തീയ കലകളില്‍ ജ്വലിക്കുന്ന ഹൃദയവുമായി ചേര്‍ത്തുകൊണ്ടാണ് വിശുദ്ധനെ പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്‌. അഗസ്തീനിയൻ സന്യാസസമൂഹം ആഗസ്തീനോസിന്റെ സന്യാസാദർശങ്ങൾ പിന്തുടരുകയും, അദ്ദേഹത്തെ അവരുടെ ആത്മീയ പിതാവായി സ്വീകരിക്കുകയും ചെയ്തു. ഹിപ്പോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്.

ഇതര വിശുദ്ധര്‍

1. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ അലക്സാണ്ടര്‍

2. സായിന്‍റസിലെ ബിഷപ്പായിരുന്ന അംബ്രോസ്

3. ഫോര്‍ത്ത്നാത്തൂസ്, കായൂസ്, ആന്തെസ്സ്

4. ഉമ്പ്രിയായിലെ ഫക്കുന്തീനൂസു

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...