Sunday, November 24, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints AugustAugust 27: വിശുദ്ധ മോനിക്ക

August 27: വിശുദ്ധ മോനിക്ക

വടക്കന്‍ ആഫ്രിക്കയിലെ തഗാസ്തെയില്‍ ഏതാണ്ട് 331-ലാണ് വിശുദ്ധ മോനിക്ക ജനിച്ചത്. തങ്ങളുടെ നിശബ്ദമായ മാര്‍ഗ്ഗങ്ങളിലൂടെ പുരാതന സഭയില്‍ സ്വാധീനം ചെലുത്തിയ പുണ്യവതികള്‍ക്കൊരുദാഹരണമാണ് വിശുദ്ധ മോനിക്ക. തന്റെ കണ്ണുനീരും പ്രാര്‍ത്ഥനകളും വഴി വിശുദ്ധ, മഹാനായ അഗസ്റ്റിനെ തിരുസഭക്ക് നല്‍കുകയും, അതുമൂലം ഭൂമിയിലെ ദൈവരാജ്യത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഒരു സ്ഥാനം നേടുകയും ചെയ്തു. ‘വിശുദ്ധ അഗസ്റ്റിന്റെ കുമ്പസാരങ്ങള്‍’ (The Confessions of St. Augustin) എന്ന കൃതിയില്‍ പറയും പ്രകാരം മോനിക്കയുടെ പിതാവിനെ പരിപാലിച്ച അതേ പരിചാരികയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് വിശുദ്ധയും വളര്‍ന്നത്. പാട്രിഷ്യസ് എന്ന വിജാതീയനായിരുന്നു അവളെ വിവാഹം ചെയ്തത്. മറ്റുള്ള സ്വഭാവ ദൂഷ്യങ്ങള്‍ക്ക്‌ പുറമേ വളരെയേറെ മുന്‍കോപിയുമായിരുന്നു അവളുടെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ ഒപ്പമുള്ള ജീവിതത്തിലെ സഹനം വഴിയാണ് വിശുദ്ധക്ക് അപാരമായ സഹനശക്തിയുണ്ടായതെന്ന്‍ അനുമാനിക്കപ്പെടുന്നു.

തന്റെ ഭര്‍ത്താവിന്റെ ദേഷ്യമടങ്ങിയതിനു ശേഷം മാത്രമേ വിശുദ്ധ അദ്ദേഹത്തെ ഗുണദോഷിച്ചിരുന്നുള്ളു. കൂടാതെ ദുഷിച്ച മനസ്സുകള്‍ക്കുടമകളായിരുന്ന പരിചാരകര്‍ അവളുടെ അമ്മായിയമ്മയെ ഏഷണികള്‍ പറഞ്ഞു പിടിപ്പിച്ച് വിശുദ്ധക്കെതിരായി തിരിക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധ ആ പ്രതിബന്ധങ്ങളെയെല്ലാം ദയയോടും, സഹതാപത്തോടും കൂടി നേരിട്ടു. മൂന്ന് മക്കളെ നല്‍കി ദൈവം വിശുദ്ധയെ അനുഗ്രഹിച്ചു: നവിജിയൂസ്, പെര്‍പ്പെച്ചുവ, അഗസ്റ്റിന്‍ എന്നിവരായിരിന്നു അവര്‍.

യൗവ്വനത്തിലായിരുന്നു അഗസ്റ്റിന്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്. ഒരുപക്ഷേ പാപപങ്കിലമായ അവന്റെ ജീവിതം കാരണം മോനിക്ക അവന്റെ ജ്ഞാനസ്നാനം നീട്ടിവെച്ചതാകുവാനും സാധ്യതയുണ്ട്. അഗസ്റ്റിന് പത്തൊന്‍പത് വയസ്സ് പ്രായമുള്ളപ്പോള്‍ അവന്റെ പിതാവ് മരണപ്പെട്ടു. അതിനോടകം തന്നെ തന്റെ അനുതാപവും, പ്രാര്‍ത്ഥനയും വഴി വിശുദ്ധ അദ്ദേഹത്തിന്റെ മാനസാന്തരം നേടിയെടുത്തിരുന്നു. എല്ലാ തരത്തിലുള്ള പാപങ്ങളും, ധാരാളിത്തവും വഴി യുവാവായ അഗസ്റ്റിന്‍ തന്റെ അമ്മക്ക് എന്നും തലവേദനയായിരുന്നു. അവളുടെ കണ്ണുനീരും, എല്ലാ ശ്രമങ്ങളും വൃഥാവിലായപ്പോള്‍, അവസാനം അവള്‍ മകനെ തന്റെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുക വരെയുണ്ടായി. എന്നാല്‍ ഒരു ദര്‍ശനത്തേ തുടര്‍ന്ന്‍ അവള്‍ അവനെ വീണ്ടും വീട്ടില്‍ പ്രവേശിപ്പിച്ചു.

അഗസ്റ്റിന്‍ റോമിലേക്ക് പോകുവാന്‍ പദ്ധതിയിട്ടപ്പോള്‍ വിശുദ്ധയും അവനെ അനുഗമിക്കുവാന്‍ തീരുമാനിച്ചു, എന്നാല്‍ വിശുദ്ധ തുറമുഖത്തെത്തിയപ്പോഴേക്കും അവന്‍ കപ്പല്‍ കയറിയിരുന്നു. പിന്നീട് അവള്‍ അവനെ പിന്തുടര്‍ന്ന് മിലാനില്‍ എത്തി. അവിടെ വെച്ച് വിശുദ്ധ അംബ്രോസ് അവളെ അനുമോദിക്കുകയും, ഇതുപോലൊരു മാതാവിനെ ലഭിച്ചതില്‍ അഗസ്റ്റിനെ അഭിനന്ദിക്കുകയും ചെയ്തു. മിലാനില്‍ വെച്ചാണ് വിശുദ്ധ തന്റെ മകന്റെ മതപരിവര്‍ത്തനത്തിനുള്ള പാത തയ്യാറാക്കുന്നത്. അവസാനം അവളുടെ കണ്ണുനീര്‍ ആനന്ദമായി മാറിയ ആ നിമിഷം വന്നു ചേര്‍ന്നു.

അഗസ്റ്റിന്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും, വിശുദ്ധയുടെ അശ്രാന്ത പരിശ്രമത്തിനു വിരാമമാവുകയും ചെയ്തു. ആഫ്രിക്കയിലേക്ക് തിരികെ വരുന്നതിനിടയില്‍ തന്റെ 66-ത്തെ വയസ്സില്‍ ഓസ്റ്റിയായില്‍ വെച്ചാണ് വിശുദ്ധ മരണപ്പെടുന്നത്. വിശുദ്ധ അഗസ്റ്റിന്റെ ജീവചരിത്രത്തില്‍ വിശുദ്ധയുടെ മരണത്തെ കുറിച്ച് വിവരിക്കുന്ന ഭാഗം ഏറ്റവും ഹൃദയഭേദകവും മനോഹരവുമാണ്.

ഇതര വിശുദ്ധര്‍

1. പേഴ്സ്യന്‍ കന്യകയായ അന്തൂസ

2. ആള്‍സിലെ സെസെരിയൂസ്

3. റൂഫൂസും കാര്‍പൊഫോറൂസും

4. വെയില്‍സിലെ ഡെക്കുമെന്‍

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...