Thursday, October 17, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints AugustAugust 23: ലിമായിലെ വിശുദ്ധ റോസ

August 23: ലിമായിലെ വിശുദ്ധ റോസ

തെക്കേ അമേരിക്ക ലോകത്തിനു നല്‍കിയ ആദ്യ ‘വിശുദ്ധ പുഷ്പമാണ്‌’ ലിമായിലെ വിശുദ്ധ റോസ. 1586-ല്‍ പെറുവിന്റെ തലസ്ഥാനമായ ലിമായിലാണ് വിശുദ്ധ റോസാ ജനിച്ചത്. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹനശേഷിയും അസാധാരണമായിരുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്റെ മാതൃകയെ അനുകരിച്ചുകൊണ്ട് അവള്‍ ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേരുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തു. അനുതാപവും സഹനങ്ങളും നിറഞ്ഞ വളരെ കഠിനമായ ഒരു സന്യാസജീവിതമായിരുന്നു വിശുദ്ധ നയിച്ചത്. ഇന്ത്യാക്കാരെ സുവിശേഷവല്‍ക്കരിക്കുക എന്നതായിരുന്നു റോസായുടെ ആഗ്രഹം.

വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്, വിശുദ്ധ ജോണ്‍ മസിയാസ് എന്നിവര്‍ വിശുദ്ധയുടെ സുഹൃത്തുക്കള്‍ ആയിരുന്നു. അനുതാപത്തിലും, നന്മയിലും അധിഷ്ടിതമായ ഒരു ജീവിതമായിരുന്നു അവള്‍ നയിച്ചിരിന്നത്. വിശുദ്ധക്ക് അഞ്ച് വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ അവള്‍ തന്റെ നിഷ്കളങ്കത ദൈവത്തിനു വേണ്ടി കാത്ത് സൂക്ഷിക്കുമെന്ന് ദൃഡനിശ്ചയം ചെയ്തു.

ഒരു ചെറുപ്പക്കാരിയായിരിക്കുമ്പോള്‍ തന്നെ സാധാരണയിലും കവിഞ്ഞ കഠിനചര്യകളും, ഉപവാസങ്ങളും അവള്‍ അനുഷ്ഠിക്കുമായിരുന്നു. നോമ്പ് കാലം മുഴുവനും അവള്‍ ഭക്ഷണം കഴിക്കുമായിരുന്നില്ല. പകരം ഒരു ദിവസം വെറും അഞ്ച് നാരങ്ങ കൊണ്ട് ജീവന്‍ നിലനിര്‍ത്തി പോന്നു. അതിനു പുറമേ പിശാചിന്റെ നിരവധി പരീക്ഷണങ്ങള്‍ക്കും വിശുദ്ധ വിധേയയായിട്ടുണ്ട്.

വേദനാജനകമായ ശാരീരികാസ്വസ്ഥതകള്‍ കൂടാതെ കുടുംബത്തില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകളും, ശകാരങ്ങളും വിശുദ്ധക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ‘താന്‍ അര്‍ഹിക്കുന്നതിലും അധികമായി ദൈവം തന്നെ പരിപാലിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് അവള്‍ ഇതിനെയെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ഏതാണ്ട് പതിനഞ്ചു വര്‍ഷത്തോളം അവള്‍ കഠിനമായ ആത്മീയ സഹനങ്ങളും ഒറ്റപ്പെടലുകളും സഹിച്ചു.

1617 ഓഗസ്റ്റ് 24­-ന് പരിശുദ്ധ കന്യകയുടെ കാവല്‍ മാലാഖ അവളെ തന്റെ സ്വര്‍ഗ്ഗീയമണവാളന്റെ പക്കലേക്ക് കൂട്ടികൊണ്ട് പോയി. 1671-ല്‍ ക്ലമന്റ് പത്താമന്‍ പാപ്പായാണ് റോസായെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. തന്റെ വിശുദ്ധീകരണ ലേഖനത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “പെറു കണ്ട് പിടിക്കപ്പെട്ടതിനു ശേഷം ഇതുവരെ അനുതാപത്തിനു വേണ്ടി ഇത്രത്തോളം ജനകീയാവേശം ഉളവാക്കിയ മറ്റൊരു പ്രേഷിത ഉണ്ടായിട്ടില്ല.”

ഇതര വിശുദ്ധര്‍

1. ലാക്രെയിലെ അള്‍ട്രീജിയാനൂസും ഹിലരിനൂസും

2. ഫ്രാന്‍സിലെ ക്ലേര്‍മോണ്ട് ബിഷപ്പായിരുന്ന റീംസിലെ അപ്പൊളിനാരിസ്

3. ഓസ്തിയയിലെ ക്വിരിയാക്കൂസ്, മാക്സിമൂസ്, ആര്‍ക്കെലാവൂസ്

4. അഷേലീനാ

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...