ഏതാണ്ട് 333-ല്‍ ട്രിയറിലുള്ള ഒരു റോമന്‍ പ്രഭു കുടുംബത്തിലാണ് അംബ്രോസ് ജനിച്ചത്. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം റോമിലേക്ക് പോയി. അധികം താമസിയാതെ അദ്ദേഹം അവിടുത്തെ സ്ഥാനപതിയായി നിയമിതനാവുകയും മിലാനില്‍ താമസം ഉറപ്പിക്കുകയും ചെയ്തു. മെത്രാന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി നാസ്ഥികരും കത്തോലിക്കരും തമ്മിലുള്ള ഒരു തര്‍ക്കം പരിഹരിക്കുന്നതിനിടക്ക് വിശ്വാസ സ്ഥിരീകരണത്തിനായി തയ്യാറെടുത്ത് കൊണ്ടിരുന്ന അദ്ദേഹം സന്ദര്‍ഭവശാല്‍ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതേ തുടര്‍ന്ന്‍ അദ്ദേഹം പൂര്‍ണ്ണ മനസ്സോടുംകൂടി ദൈവശാസ്ത്ര പഠനത്തിനായി ഉത്സാഹിച്ചു. കൂടാതെ തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. വളരെ ഉത്സാഹിയായ ഒരു മത-പ്രബോധകന്‍ ആയിരുന്നു അംബ്രോസ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുഖാന്തിരം വിശുദ്ധ ആഗസ്റ്റിന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും മാമോദീസ മുങ്ങുകയും ചെയ്തു.
നിര്‍മ്മലനും ഭയരഹിതനുമായ വിശുദ്ധ അംബ്രോസ് എതിരാളിയുടെ ശക്തിയെ വകവെക്കാതെ ഗ്രാഷിയന്‍ ചക്രവര്‍ത്തിയുടെ ഘാതകനായ മാക്സിമസിനോട് തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുവാനും അനുതപിക്കുവാനും ആവശ്യപ്പെട്ടു. എന്നാല്‍ മാക്സിമസ് ഈ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്‍ അംബ്രോസ് മാക്സിമസിനെ സഭയില്‍ നിന്നും പുറത്താക്കി. തെസ്സലോണിക്കക്കാരെ കൂട്ടകുരുതി നടത്തി എന്ന കാരണത്താല്‍ അദ്ദേഹം പിന്നീട് തിയോഡോസിയൂസ് ചക്രവര്‍ത്തിയേയും ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി.
ചക്രവര്‍ത്തിയുടെ പാപത്തെ ദാവീദ് രാജാവിന്റെ ചതിയോടും, വഞ്ചനയോടും ഉപമിച്ചുകൊണ്ട് വിശുദ്ധന്‍ തിയോഡോസിയൂസ് ചക്രവര്‍ത്തിയോട് പറഞ്ഞു. “നീ പാപത്തിന്റെ കാര്യത്തില്‍ ദാവിദ് രാജാവിനെ പിന്തുടര്‍ന്നിരിക്കുന്നു, അതിനാല്‍ അനുതാപത്തിന്റെ കാര്യത്തിലും അദ്ദേഹത്തെ തന്നെ മാതൃകയാക്കൂ.” ഇത് കേട്ടമാത്രയില്‍ തന്നെ തിയോഡോസിയൂസ് ചക്രവര്‍ത്തി വളരെ വിനീതനായി താന്‍ ചെയ്ത പാപങ്ങളെ ഓര്‍ത്ത് തനിക്ക് വിധിച്ച അനുതാപ പ്രവര്‍ത്തികള്‍ നിര്‍വഹിച്ചു.
ഒരു മതപ്രബോധകന്‍, ദൈവസ്തുതി ഗീതങ്ങള്‍ ചിട്ടപ്പെടുത്തുന്ന ഗാനരചയിതാവ് എന്നീ നിലകളിലും നമുക്ക് പലപ്പോഴും ഈ വിശുദ്ധനെ കാണാവുന്നതാണ്. രത്നങ്ങളെപോലെ അമൂല്യമായ പതിനാലോളം ഭക്തിഗീതങ്ങള്‍ വിശുദ്ധന്റേതായിട്ടുണ്ട്. പൂര്‍ണ്ണമായും മത വിശ്വാസത്തിലും ആരാധനയിലും അടിയുറച്ച ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നതിനാല്‍ തന്നെ അദ്ദേഹം രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളെല്ലാം തന്നെ പുരാതന ക്രിസ്തീയ ആരാധനാ രീതികളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട മഹത്തായ രചനകള്‍ ആയിരുന്നു. തിരുസഭയിലെ നാല് ലാറ്റിന്‍ വേദപാരംഗതന്‍മാരില്‍ ഒരാളായാണ് വിശുദ്ധ അംബ്രോസിനെ കണക്കാക്കുന്നത്.
ഇതര വിശുദ്ധര്‍
1. അലക്സാണ്ട്രിയായിലെ അഗാത്തോ
2. ചാര്‍ത്രേയിലെ ബിഷപ്പായിരുന്ന അനിയാനൂസ്
3. സ്കോട്ടിലെ ബൂയിത്ത്
4. ബുര്‍ഗൊണ്ടോഫാരാ
5. ഫ്രാന്‍സിലെ മാര്‍ട്ടിന്‍