Wednesday, October 16, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints FebruaryFebruary 10: വിശുദ്ധ സ്കോളാസ്റ്റിക

February 10: വിശുദ്ധ സ്കോളാസ്റ്റിക

തന്റെ സഹോദരനായ നര്‍സിയായിലെ വിശുദ്ധ ബെനഡിക്ടിനെ പോലെ യുവത്വത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ തന്റെ ജീവിതം ദൈവത്തിനായി സമര്‍പ്പിച്ച ഒരു വിശുദ്ധയായിരുന്നു വിശുദ്ധ സ്കൊളാസ്റ്റിക്ക. കന്യകയായിരുന്ന സ്കൊളാസ്റ്റിക്കയെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണ്. ദൈവത്തോടുള്ള സംവാദങ്ങളെ കുറിച്ചുള്ള തന്റെ രണ്ടാമത്തെ ഗ്രന്ഥത്തില്‍ (Book of Dialogues – Ch. 33 & 34) വിശുദ്ധ ഗ്രിഗറി മാര്‍പാപ്പാ വിശുദ്ധരായ ഈ സഹോദരീ സഹോദരന്‍മാരുടെ അവസാന കൂടികാഴ്ചയെക്കുറിച്ച് നമുക്കായി വിവരിച്ചിട്ടുണ്ട്: “അവന്റെ സഹോദരിയും ചെറുപ്പത്തില്‍ തന്നെ ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ടവളുമായ സ്കൊളാസ്റ്റിക്ക, വര്‍ഷത്തിലൊരിക്കല്‍ അവനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ അവസരങ്ങളില്‍ അവന്‍ അവളെ കാണുന്നതിനായി ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ളതും ആശ്രമത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും കുറച്ചകലെയുള്ള ഒരു ഭവനത്തില്‍ പോകുമായിരുന്നു. ഈ സന്ദര്‍ശനത്തിലും അവന്‍ തന്റെ കുറച്ച് ശിക്ഷ്യന്‍മാരുമായി അവളെ കാണുവാനായി പോയി. പകല്‍ മുഴുവന്‍ അവര്‍ അവിടെ ഗാനങ്ങളും, ദൈവ സ്തുതികളും, ആത്മീയ ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളുമായി ചിലവഴിച്ചു.

“ഇരുട്ടായി തുടങ്ങിയപ്പോള്‍ അവര്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചു. പിന്നീട് ഒരുപാട് വൈകുംവരെ അവരുടെ സംഭാഷണം തുടര്‍ന്നു. അതിനുശേഷം വിശുദ്ധയായ ആ കന്യകാ സ്ത്രീ തന്റെ സഹോദരനോടു പറഞ്ഞു “ഈ രാത്രിയില്‍ ദയവായി എന്നെ ഉപേക്ഷിച്ച് പോകരുത് സഹോദരാ, നമുക്ക് നേരം വെളുക്കും വരെ സ്വര്‍ഗ്ഗത്തിലെ ആനന്ദത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കാം.” ‘നീ എന്താണ് പറയുന്നത് സഹോദരീ’ അദ്ദേഹം പ്രതിവചിച്ചു. ‘നിനക്കറിയാമോ എനിക്ക് ആശ്രമത്തില്‍ നിന്നും അധികനേരം മാറി നില്‍ക്കുവാന്‍ കഴിയുകയില്ല.’ ആ സമയം ആകാശം വളരെ തെളിഞ്ഞതായിരുന്നു. ഒരു കാര്‍മേഘം പോലും കാണുവാന്‍ കഴിയുകയില്ലായിരുന്നു.

തന്റെ സഹോദരന്റെ നിഷേധാത്മകമായ മറുപടി കേട്ട സഹോദരി തന്റെ കൈകള്‍ മടക്കി മേശയില്‍ വെച്ച് അതിന്മേല്‍ തന്റെ തലവച്ച് കുനിഞ്ഞിരുന്നു തീക്ഷണമായി പ്രാര്‍ത്ഥിക്കുവാനാരംഭിച്ചു. അവള്‍ പിന്നീട് തല ഉയര്‍ത്തി നോക്കിയപ്പോള്‍ പെട്ടെന്ന്‍ തന്നെ ശക്തമായ മിന്നലും അതേ തുടര്‍ന്ന്‍ ശക്തമായ ഇടിമുഴക്കവും ഉണ്ടായി. വിശുദ്ധ ബെനഡിക്ടിനും ശിഷ്യന്‍മാര്‍ക്കും വാതിലിനു പുറത്തേക്ക് ഒരടിപോലും വെക്കുവാന്‍ കഴിയാത്തത്ര ശക്തമായിരുന്നു അത്. തന്റെ പ്രാര്‍ത്ഥനക്കിടക്ക് ധാരധാരയായി കണ്ണുനീര്‍ ഒഴിക്കികൊണ്ട് ആ വിശുദ്ധയായ കന്യകാസ്ത്രീ തെളിഞ്ഞ ആകാശത്തില്‍ നിന്നും ശക്തിയായി മഴപെയ്യിച്ചു.

അവളുടെ പ്രാര്‍ത്ഥന അവസാനിച്ച ഉടനെ ശക്തമായ കൊടുങ്കാറ്റും വീശുവാനാരംഭിച്ചു. വാസ്തവത്തില്‍ ഇവ രണ്ടും തികച്ചും ഒരേപോലെയായിരുന്നു, കാരണം അവള്‍ മേശയില്‍ നിന്നും തല ഉയര്‍ത്തിയപ്പോള്‍ ഇതിനോടകം തന്നെ പുറത്ത് ഇടിമുഴങ്ങുന്നുണ്ടായിരുന്നു, അവള്‍ പ്രാര്‍ത്ഥന അവസാനിപ്പിച്ചപ്പോള്‍ മഴയും ആരംഭിച്ചു. “തനിക്ക് ഈ സാഹചര്യത്തില്‍ ആശ്രമത്തിലേക്ക് മടങ്ങുവാന്‍ കഴിയുകയില്ല എന്ന് മനസ്സിലാക്കിയ വിശുദ്ധ ബെനഡിക്ട് വളരെ പരുഷമായി അവളോടു പരാതി പറഞ്ഞു ‘ദൈവം നിന്നോടു ക്ഷമിക്കട്ടെ സഹോദരീ. നീ എന്താണീ ചെയ്തത്?” ഇത് കേട്ട വിശുദ്ധ സ്കൊളാസ്റ്റിക്ക ഇപ്രകാരം മറുപടി പറഞ്ഞു “ഞാന്‍ നിന്നോടു ആവശ്യപ്പെട്ടപ്പോള്‍ നീ അത് ശ്രവിച്ചില്ല, അതിനാല്‍ ഞാന്‍ ദൈവത്തിങ്കലേക്ക് തിരിയുകയും അവന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്തു. ഇപ്പോള്‍ നിനക്ക് സാധിക്കുമെങ്കില്‍, എന്നെ ഇവിടെ വിട്ടിട്ട് നിന്റെ ആശ്രമത്തിലേക്ക് തിരികെ പോയ്ക്കോളൂ.”

അത് തീര്‍ച്ചയായും അവന് സാധിക്കുകയില്ലായിരുന്നു. അവന് തന്റെ താല്‍പ്പര്യത്തിനു വിപരീതമായി അവിടെ തുടരുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. രാത്രി മുഴുവന്‍ അവര്‍ വിശുദ്ധ ചിന്തകളും, ആന്തരിക ജീവിത ചിന്തകളും പരസ്പരം പങ്കുവെച്ചു. അടുത്ത ദിവസം രാവിലെ വിശുദ്ധ സ്കൊളാസ്റ്റിക്ക തന്റെ മഠത്തിലേക്കും, വിശുദ്ധ ബെനഡിക്ട് തന്റെ ആശ്രമത്തിലേക്കും തിരികെ പോയി.

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വിശുദ്ധ ബെനഡിക്ട് തന്റെ മുറിയില്‍ ആകാശത്തേക്ക് നോക്കി കൊണ്ട് നില്‍ക്കുമ്പോള്‍ തന്റെ സഹോദരിയുടെ ആത്മാവ് തന്റെ ശരീരം ഉപേക്ഷിച്ച് ഒരു പ്രാവിന്റെ രൂപത്തില്‍ സ്വര്‍ഗ്ഗീയ രാജധാനിയിലേക്ക് പ്രവേശിക്കുന്നതായി കണ്ടു. അവളുടെ നിത്യമഹത്വത്തില്‍ ആനന്ദഭരിതനായ സഹോദരന്‍ ഗാനങ്ങളും സ്തുതികളുമായി ദൈവത്തിനു നന്ദി പറഞ്ഞു. തന്റെ സഹോദരിയുടെ മരണത്തെ കുറിച്ച് തന്റെ ശിഷ്യന്‍മാരെ അറിയിച്ചതിനു ശേഷം വിശുദ്ധ ബെനഡിക്ട് താന്‍ അവള്‍ക്കായി ഒരുക്കിയ കല്ലറയില്‍ അടക്കുവാനായി അവളുടെ മൃതദേഹം കൊണ്ട് വരുവാനായി അവരില്‍ കുറച്ച് പേരെ അയച്ചു.

ജീവിതകാലത്ത് തങ്ങളുടെ ആത്മാക്കള്‍ ദൈവത്തില്‍ ഒന്നായിരുന്നത് പോലെ ഈ വിശുദ്ധരായ സഹോദരീ-സഹോദരന്മാരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ ഒരേ കല്ലറയിലാണ് അടക്കം ചെയ്തിരിക്കുന്നത്. മോണ്ടെ കാസ്സിനോയിലാണ് വിശുദ്ധ സ്കൊളാസ്റ്റിക്കയുടെ കബറിടം സ്ഥിതിചെയ്യുന്നത്.

ഇതര വിശുദ്ധര്‍

1. റോമിലെ സോട്ടിക്കൂസ്, ഇറനേയൂസ്, ഹയാസിന്ത്, അമാര്‍സിയൂസ്

2. ബസ്ലഹമ്മിലെ ആന്‍ഡ്രൂവും അപ്പോണിയൂസും

3. ഫ്രാന്‍സിലെ ആര്‍ദാനൂസ്

4. ഫ്രാന്‍സിലെ ബാള്‍ഡെഗുണ്ടിസ് പോയിറ്റിയെഴ്സ് മഠാധിപതി

5. ഫ്രാന്‍സിലെ ഡെസിഡെരാത്തൂസ് ക്ലര്‍മോണ്ട് ബിഷപ്പ്

6. ജര്‍മ്മനിയിലെ എര്‍ലൂഫ്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...