893-ല്‍ ജര്‍മ്മനിയിലെ ഒരു ഉന്നത പ്രഭുവായിരുന്ന ബുര്‍ച്ചാര്‍ഡിന്റെ മകളായിരുന്ന തിറ്റ്ബെര്‍ഗായുടേയും ഹക്ക്ബാള്‍റഡ് പ്രഭുവിന്റേയും, മകനായിട്ടാണ് വിശുദ്ധ ഉള്‍റിക്ക് ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സ് മുതല്‍ തന്നെ ഉള്‍റിക്ക് സെന്റ് ഗാല്‍ ഗ്വിബോറേറ്റ് ആശ്രമത്തില്‍ ചേര്‍ന്ന് പഠനമാരംഭിച്ചിരുന്നു. ആ ആശ്രമത്തിനു സമീപം ഏകാന്തവാസം നയിച്ചിരുന്ന പുണ്യവതിയായിരുന്ന ഒരു കന്യക, ഉള്‍റിക്ക് ഭാവിയില്‍ ഒരു മെത്രാനായി തീരുമെന്നും, ഇതിനായി നിരവധി യാതനകളും, കഷ്ടതകളും നേരിടേണ്ടി വരുമെന്നും മുന്‍കൂട്ടി പ്രവചിക്കുകയും, അവയെ നേരിടുവാനുള്ള ധൈര്യം സംഭരിക്കുവാന്‍ അവനെ ഉപദേശിക്കുകയും ചെയ്തു. വളരെയേറെ ദുര്‍ബ്ബലമായിരുന്ന ശരീരപ്രകൃതിയോട് കൂടിയിരുന്ന ഒരു യുവാവായിരുന്നു ഉള്‍റിക്ക്, അതിനാല്‍ അവനെ അറിയുന്നവരെല്ലാം ഉള്‍റിക്ക് അധികകാലം ജീവിച്ചിരിക്കുകയില്ലെന്ന് വിധിയെഴുതി.
വിശുദ്ധന്‍ വളര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിഭയും, നിഷ്കളങ്കതയും, ആത്മാര്‍ത്ഥമായ ഭക്തിയും, ക്ഷമയും, മാന്യമായ പെരുമാറ്റവും മറ്റുള്ള സന്യാസിമാരുടെ സ്നേഹാദരങ്ങള്‍ക്ക് വിശുദ്ധനെ പാത്രമാക്കി. ഇതിനോടകംതന്നെ തന്റെ വിദ്യാഭ്യാസത്തില്‍ എടുത്ത് പറയാവുന്ന പുരോഗതി ഉള്‍റിക്ക് കൈവരിച്ചിരുന്നു. അധികം താമസിയാതെ ഉള്‍റിക്കിന്റെ പിതാവ് അവനെ ആ ആശ്രമത്തില്‍ നിന്നും ഓസ്‌ബെര്‍ഗിലേക്ക് നഗരത്തിലേക്ക് മാറ്റുകയും അവിടത്തെ മെത്രാനായിരുന്ന അഡാല്‍ബറോണിന്റെ ശിക്ഷ്യത്വത്തില്‍ ഏല്‍പ്പിക്കുകയും ചെയ്തു. അധികം താമസിയാതെ ഉള്‍റിക്കിനെ പ്രാരംഭ സഭാപദവിയിലേക്കുയര്‍ത്തുകയും തന്റെ ബസലിക്കയിലെ ശുശ്രൂഷകനായി നിയമിക്കുകയും ചെയ്തു. ഉള്‍റിക്ക് അവിടത്തെ തന്റെ കര്‍ത്തവ്യങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിനെ സമയത്തിന്റെ നല്ലൊരുഭാഗം പ്രാര്‍ത്ഥനക്കും, പഠനത്തിനുമായിട്ടായിരുന്നു വിനിയോഗിച്ചിരുന്നത്.
വിശുദ്ധന്റെ വരുമാനത്തിന്റെ നല്ലൊരുഭാഗം പാവങ്ങള്‍ക്കായിരുന്നു നല്‍കിയിരുന്നത്. ഉള്‍റിക്ക് റോമിലേക്കൊരു തീര്‍ത്ഥയാത്ര പോയി. ഈ തീര്‍ത്ഥാടനത്തിനിടക്ക് മെത്രാനായിരുന്ന അഡാല്‍ബറോണ്‍ മരണപ്പെടുകയും ഹില്‍റ്റിന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാവുകയും ചെയ്തു. തിരിച്ചുവന്നതിനു ശേഷം വിശുദ്ധന്‍ തന്റെ പഴയ ജീവിതമാരംഭിച്ചു. പ്രലോഭനങ്ങളില്‍, പ്രത്യേകിച്ച് തന്റെ വിശുദ്ധിക്ക് ഭീഷണിയാകാവുന്ന പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍ വിശുദ്ധന്‍ തന്റെ പരമാവധി ശ്രമിച്ചു. ഇതിനേക്കുറിച്ച് മറ്റുള്ളവരോട് വിശുദ്ധന്‍ ഇപ്രകാരം ഉപദേശിക്കുമായിരുന്നു “ഇന്ധനം എടുത്ത് മാറ്റുക, അതിനൊപ്പം അഗ്നിയേ തന്നെയാണ് നിങ്ങള്‍ മാറ്റുന്നത്.”
924-ല്‍ മെത്രാനായിരുന്ന ഹില്‍റ്റിന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ജര്‍മ്മനിയിലെ രാജാവായിരുന്ന ഹെന്രി ഫൗളര്‍ വിശുദ്ധനെ അടുത്ത മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തു. അപ്രകാരം തന്റെ 31-മത്തെ വയസ്സില്‍ ഉള്‍റിക്ക് ഓസ്‌ബര്‍ഗിലെ മെത്രാനായി അഭിഷിക്തനായി. അധികം താമസിയാതെ ഹംഗറിക്കാരും, സ്ക്ലാവോണിയന്‍സും രാജ്യം ആക്രമിച്ചു കൊള്ളയടിച്ചു. അവര്‍ ഓസ്‌ബെര്‍ഗ് നഗരവും കൊള്ളയടിച്ച് അവിടത്തെ ബസലിക്ക അഗ്നിക്കിരയാക്കുകയും ചെയ്തു.
പുതിയ മെത്രാന്‍ ഒട്ടുംതന്നെ സമയം നഷ്ടപ്പെടുത്താതെ ഒരു താല്‍ക്കാലിക ദേവാലയം പണികഴിപ്പിക്കുകയും ആക്രമണത്തിന്റെ യാതനകളും മറ്റും അനുഭവിച്ചുകൊണ്ടിരിക്കുന്ന തന്റെ കുഞ്ഞാടുകളെ വിളിച്ചു കൂട്ടി അവര്‍ക്ക് വേണ്ടവിധത്തിലുള്ള ആശ്വാസവും ഉപദേശങ്ങളും നല്‍കുകയും ചെയ്തു. തങ്ങള്‍ അനുഭവിച്ച കഷ്ടപ്പടുകള്‍ക്ക് പകരമായി നല്ലൊരു ഇടയനെ ദൈവം നല്‍കിയിരിക്കുന്നതായി കണ്ട് അവിടത്തെ ജനങ്ങള്‍ വളരെയേറെ സന്തോഷിച്ചു. തന്റെ ജനങ്ങള്‍ക്ക് തന്റെ സാന്നിധ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് വളരെ നല്ലപോലെ അറിയാമായിരുന്ന വിശുദ്ധന്‍ കൊട്ടാരത്തില്‍ പോലും പോവാതെ തന്‍റെ കുഞ്ഞാടുകള്‍ക്കിടയില്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തി.
എല്ലാ ദിവസവും പുലര്‍ച്ചെ മൂന്ന്‍ മണിക്കെഴുന്നേറ്റ് മാറ്റിന്‍സിലും, ലോഡ്സിലും വിശുദ്ധന്‍ തന്റെ ശുശ്രൂഷകള്‍ നടത്തിയതിനു ശേഷം സങ്കീര്‍ത്തനങ്ങളും മറ്റ് പ്രാര്‍ത്ഥനകളും ചൊല്ലും. പ്രഭാതത്തില്‍ മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും, വിശുദ്ധ കുര്‍ബ്ബാനയും നിര്‍വഹിക്കും. അതിനു ശേഷം തന്റെ സ്വകാര്യ പ്രാര്‍ത്ഥനകള്‍. പിന്നീട് വിശുദ്ധ കുര്‍ബ്ബാനയും കഴിഞ്ഞ് ദേവാലയം വിട്ട് ആശുപത്രികളില്‍ പോയി രോഗികളെ ആശ്വസിപ്പിക്കുക വിശുദ്ധന്റെ പതിവായിരുന്നു. കൂടാതെ എല്ലാ ദിവസവും ദരിദ്രരായ പന്ത്രണ്ട് ആളുകളുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്ക് അകമഴിഞ്ഞ് ദാനധര്‍മ്മങ്ങള്‍ നല്‍കുകയും ചെയ്യും. ബാക്കിയുള്ള ദിവസം മുഴുവനും ജനങ്ങള്‍ക്ക് പ്രബോധനം നല്‍കുകയും രോഗികളെ സന്ദര്‍ശിക്കുകയും ചെയ്തുകൊണ്ട് ഒരു നല്ല ഇടയന്റെ ചുമതലകള്‍ വിശുദ്ധന്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു.
സായാഹ്നത്തിലായിരുന്നു വിശുദ്ധന്‍ തന്റെ ലളിതമായ ഭക്ഷണം കഴിച്ചിരുന്നത്. തന്റെ ഭക്ഷണവും വിശുദ്ധന്‍ പാവപ്പെട്ടവരുമായി പങ്ക് വെക്കുകയും ചെയ്തു വന്നു. ഉപവാസ ദിവസങ്ങളിലൊഴികെ പാവപ്പെട്ടവര്‍ക്കും അപരിചിതര്‍ക്കും മാംസം വിളമ്പിയിരുന്നുവെങ്കിലും വിശുദ്ധന്‍ അതിന്റെ സ്വാദ് പോലും നോക്കാറില്ല. വളരെ കുറച്ചു സമയം മാത്രമായിരുന്നു വിശുദ്ധന്‍ ഉറങ്ങിയിരുന്നത്. നോമ്പ് ദിവസങ്ങളില്‍ വിശുദ്ധന്‍ തന്റെ ജീവിതത്തിന്റെ കാഠിന്യവും, ഭക്തിയും ഇരട്ടിയാക്കും. വര്‍ഷത്തിലൊരിക്കല്‍ വിശുദ്ധന്‍ തന്റെ രൂപത മുഴുവന്‍ സന്ദര്‍ശിക്കുകയും, വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം തന്റെ പുരോഹിതരുമായി കൂടികാഴ്ച നടത്തുകയും ചെയ്തു.
ഹെന്രി ഒന്നാമന്റെ മരണത്തോടെ ഒത്തോ ഒന്നാമന്‍ ജെര്‍മ്മനിയില്‍ അധികാരത്തിലെത്തി, അദ്ദേഹവും അദ്ദേഹത്തിന്റെ നിയമപ്രകാരമല്ലാത്ത മകനായ ല്യുട്ടോള്‍ഫും തമ്മില്‍ ഒരു ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെട്ടു. വിശുദ്ധ ഉള്‍റിക്ക് കലാപകാരികള്‍ക്കെതിരായി കടുത്ത നിലപാടെടുത്തതിനാല്‍ കലാപകാരികള്‍ വിശുദ്ധന്റെ രൂപതയെ കൊള്ളയടിച്ചു. എന്നാല്‍ പാലാറ്റിനിലെ നാടുവാഴിയായിരുന്ന അര്‍നോള്‍ഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിശുദ്ധന്‍ രാജാവില്‍ നിന്നും ല്യുട്ടോള്‍ഫിനും മറ്റുള്ള കലാപകാരികള്‍ക്കും പൊതുമാപ്പ് നേടികൊടുത്തു.
വിശുദ്ധ ഉള്‍റിക്ക് ഓസ്‌ബെര്‍ഗ് നഗരത്തിനു ചുറ്റും കനത്ത മതിലുകള്‍ പണിതു. കൊള്ളക്കാരില്‍ നിന്നും, ആക്രമകാരികളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുവാനായി കോട്ടകള്‍ പണിയുകയും ചെയ്തു. അക്രമികളായ ഹംഗറിക്കാര്‍ രണ്ടാമതും ആക്രമണമഴിച്ചുവിടുകയും ഓസ്‌ബെര്‍ഗ് നഗരത്തെ ഉപരോധിക്കുകയും ചെയ്തു. അതേതുടര്‍ന്ന് ദൈവത്തിന്റെ ആ നല്ല ഇടയന്‍ മലമുകളില്‍ മോശ പ്രാര്‍ത്ഥിച്ചതു പോലെ തന്റെ കുഞ്ഞാടുകള്‍ക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുകയും അവരെ വിളിച്ചു കൂട്ടി ഭക്തിപരമായ പ്രദിക്ഷിണങ്ങള്‍ നടത്തുകയും ചെയ്തു.
വിശുദ്ധന്റെ പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടു, ആക്രമണകാരികള്‍ പെട്ടെന്നുണ്ടായ ഭയത്തില്‍ തങ്ങളുടെ ഉപരോധം മതിയാക്കി വിറളിപൂണ്ട് ഓടിപ്പോയി. വഴിമദ്ധ്യേ ഒത്തോ അവരെ തടയുകയും ഒന്നൊഴിയാതെ എല്ലാവരേയും വധിക്കുകയും ചെയ്തു. 962-ല്‍ മാര്‍പാപ്പാ ഒത്തോയെ ചക്രവര്‍ത്തിയായി വാഴിക്കുകയുണ്ടായി. വിശുദ്ധ ഉള്‍റിക്ക് തന്റെ കത്രീഡല്‍ പുനര്‍നിര്‍മ്മിക്കുകയും ഓസ്‌ബെര്‍ഗിന്റെ മാധ്യസ്ഥയായിരുന്ന വിശുദ്ധ അഫ്രായുടെ ആദരണാര്‍ത്ഥം ആ ദേവാലയം ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു. തന്റെ മരണത്തിനു മുന്‍പ് മെത്രാന്‍ പദവിയില്‍ നിന്നും വിരമിച്ച് സന്യാസപരമായ ജീവിതം നയിക്കുവാന്‍ വിശുദ്ധന്‍ ആഗ്രഹിച്ചുവെങ്കിലും ജനങ്ങളുടെ ഭയങ്കരമായ എതിര്‍പ്പിനെ തുടര്‍ന്ന് തന്റെ തീരുമാനം മാറ്റി.
വിശുദ്ധന്‍ റോമിലേക്ക് രണ്ടാമതൊരു തീര്‍ത്ഥയാത്ര കൂടി നടത്തി. ഈ യാത്രയില്‍ മാര്‍പാപ്പായില്‍ നിന്നും വിശുദ്ധന് ബഹുമാനത്തിന്റേയും, ആദരവിന്റെയും വിശേഷ അടയാളങ്ങളായി നിരവധി മുദ്രകള്‍ ലഭിച്ചു, കൂടാതെ രാവെന്നായില്‍ വെച്ച് ഒത്തോ ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ ഭക്തയായ പത്നിയും വിശുദ്ധനെ ബഹുമാനപൂര്‍വ്വം സ്വീകരിച്ചു ആദരിക്കുകയും ചെയ്തു. 973 മെയ് മാസത്തില്‍ ഒത്തോ ഒന്നാമന്‍ ചക്രവര്‍ത്തി മരിച്ചു. അതിനു ശേഷം വിശുദ്ധന്റെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങി. തന്റെ അവസാന രോഗാവസ്ഥയില്‍ വിശുദ്ധന്‍ തന്റെ ഭക്തി ഇരട്ടിപ്പിച്ചു.
തന്റെ കഠിന യാതനകള്‍ക്കിടയില്‍ വിശുദ്ധന്‍ അനുഗ്രഹിച്ച ചാരം കുരിശു രൂപത്തില്‍ നിലത്ത് വിരിക്കുകയും അവിടെ കിടക്കുകയും ചെയ്തു. ആ സ്ഥിതിയില്‍ കിടന്നുകൊണ്ട് തന്റെ പുരോഹിതരുടെ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ 973 ജൂലൈ 4-ന് തന്റെ 80-മത്തെ വയസ്സില്‍ വിശുദ്ധ ഉള്‍റിക്ക് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അമ്പത് വര്‍ഷത്തോളം വിശുദ്ധന്‍ മെത്രാന്‍ പദവിയിലിരുന്നു. സെന്റ് എഫ്രാ ദേവാലയത്തിലായിരുന്നു വിശുദ്ധനെ അടക്കം ചെയ്തത്. ആ ദേവാലയത്തിന് ഇപ്പോള്‍ വിശുദ്ധന്റെ നാമമാണ് നല്‍കപ്പെട്ടിരിക്കുന്നത്. ഉള്‍റിക്കിന്റെ വിശുദ്ധിക്ക് നിരവധി അത്ഭുതങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. 993-ല്‍ ജോണ്‍ പതിനഞ്ചാമന്‍ പാപ്പാ ഉള്‍റിക്കിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഇതര വിശുദ്ധര്‍
1. ലോഡി ബിഷപ്പായിരുന്ന ആള്‍ബെര്‍ട്ട് ക്വാട്രെല്ലി
2. ക്രീറ്റിലെ ആന്‍ഡ്രൂ
3. ലിയോണ്‍സ് ആര്‍ച്ചു ബിഷപ്പായിരുന്ന ഔറെലിയന്‍
4. ആര്‍ത്വ ബ്ലാഞ്ചിയിലെ ബര്‍ത്താ