1559-ല്‍ നേപ്പിള്‍സിലെ ബ്രിണ്ടിസിയിലായിരുന്നുവിശുദ്ധ ലോറന്‍സ് ജനിച്ചത്. ജൂലിയസ് സീസര്‍ എന്നായിരുന്നു വിശുദ്ധന്റെ ആദ്യത്തെ നാമം. വെനീസിലെ സെന്റ് മാര്‍ക്ക് കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം വിശുദ്ധന്‍ ലോറന്‍സ് കപ്പൂച്ചിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. അവിടെ വെച്ചാണ് ജൂലിയസ് സീസറിന് ലോറന്‍സ് എന്ന പേര് ലഭിക്കുന്നത്. പാദുവായിലെ സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ നിരവധി ഭാഷകളില്‍ പ്രാവീണ്യം നേടി. ഹീബ്രു, ജര്‍മ്മന്‍, ഗ്രീക്ക്, ബോഹേമിയന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലും, ബൈബിള്‍ ലിഖിതങ്ങളിലും അഗാധമായ അറിവ് നേടുകയും ചെയ്തു.
ഒരു പുരോഹിതാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിശുദ്ധ ലോറന്‍സ് ബ്രിണ്ടീസി ‘നല്ല സുവിശേഷകന്‍’ എന്ന പ്രസിദ്ധി നേടിയിരുന്നു. പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം വടക്കന്‍ ഇറ്റലി മുഴുവനും വിശുദ്ധന്‍ തന്റെ സുവിശേഷ പ്രഘോഷണങ്ങളാല്‍ അമ്പരപ്പിച്ചു. ഒരു കപ്പൂച്ചിന്‍ ആശ്രമം സ്ഥാപിക്കുവാനുള്ള ദൗത്യവുമായി പാപ്പാ വിശുദ്ധനെ ജര്‍മ്മനിയിലേക്കയച്ചു. ജര്‍മ്മനിയിലെത്തിയ വിശുദ്ധന്‍ അധികം താമസിയാതെ റുഡോള്‍ഫ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ ചാപ്ലയിന്‍ ആയി നിയമിതനാവുകയും, 1601-ല്‍ ഹംഗറിയെ ഭീഷണിപ്പെടുത്തികൊണ്ടിരുന്ന മുസ്ലീമുകള്‍ക്കെതിരെ പോരാടികൊണ്ടിരുന്ന ക്രിസ്തീയ പടയാളികള്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനം നേടുകയും ചെയ്തു.
വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി യൂറോപ്പിലെ കത്തോലിക്കരുടെ സഹായത്തിനായി ഒരു കത്തോലിക്കാ സഖ്യം രൂപം കൊണ്ടു. ഫിലിപ്പ് മൂന്നാമനെ കത്തോലിക്കാ സഖ്യത്തില്‍ ചേരുവാന്‍ പ്രേരിപ്പിക്കുക എന്ന ദൗത്യവുമായി ചക്രവര്‍ത്തി വിശുദ്ധനെ സ്പെയിനിലേക്കയച്ചു. അവിടെയെത്തിയ വിശുദ്ധന്‍ മാഡ്രിഡില്‍ ഒരു ആശ്രമം സ്ഥാപിക്കുകയുണ്ടായി. സ്പെയിനിനും സാവോയി രാജ്യത്തിനും ഇടയിലുണ്ടായിരുന്ന കുഴപ്പങ്ങള്‍ പരിഹരിച്ചുകൊണ്ട് അവര്‍ക്കിടയില്‍ സമാധാനം കൈവരുത്തുവാന്‍ വിശുദ്ധന് സാധിച്ചു. ദരിദ്രരോടും, രോഗികളോടും, സഹായമാവശ്യമുള്ളവരോടും വിശുദ്ധന്‍ കാണിച്ചിരുന്ന അനുകമ്പ അപാരമായിരുന്നു.
1602-ല്‍ തന്റെ കപ്പൂച്ചിന്‍ മിനിസ്റ്റര്‍ ജെനറല്‍ ആയി നിയമിതനായ വിശുദ്ധന്‍, തന്റെ സഭയിലെ എല്ലാ ആശ്രമങ്ങളിലും സന്ദര്‍ശനം നടത്തുകയും, ഏതാണ്ട് ഒമ്പതിനായിരത്തോളം വരുന്ന സന്യാസിമാരെ വളരെയേറെ കാര്യക്ഷമതയോട് കൂടി നയിക്കുകയും വഴി വിശുദ്ധ ലോറന്‍സ് കപ്പൂച്ചിന്‍ സന്യാസ സമൂഹത്തെ കത്തോലിക്കാ സഭാ പുനരുദ്ധാരണത്തിലെ ഒരു നിര്‍ണ്ണായക ശക്തിയാക്കി മാറ്റി. ട്രെന്റ് സുനഹദോസിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധനും ഒരു സജീവ പങ്കാളിയായിരുന്നു.
“സഭയുടെ കഷ്ടകാലങ്ങളില്‍ സഭയെ സഹായിക്കുവാന്‍ ദൈവകടാക്ഷത്താല്‍ അയക്കപ്പെടുന്ന സവിശേഷ വ്യക്തിത്വങ്ങളില്‍ ഒരു ഉന്നതമായ സ്ഥാനം വിശുദ്ധനുണ്ട്” എന്നായിരുന്നു ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ വിശുദ്ധനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 1619-ല്‍ മര്‍ദ്ദകനായ ഗവര്‍ണറില്‍ നിന്നും നേപ്പിള്‍സിലെ ജനങ്ങളെ രക്ഷിക്കുവാന്‍ ഫിലിപ്പ് മൂന്നാമന്റെ സഹായം ആവശ്യപ്പെടുന്നതിനായി വിശുദ്ധന്‍ സ്പെയിനിലേക്കൊരു യാത്ര നടത്തി. രാജാവ് താമസിച്ചിരുന്ന ലിസ്ബണ്‍ പട്ടണത്തില്‍ ലോറന്‍സ് എത്തിയപ്പോഴേക്കും അദ്ദേഹം രോഗബാധിതനായി മരണപ്പെട്ടു. വിശുദ്ധന്റെ മൃതദേഹം സ്പെയിനിലേക്ക് കൊണ്ട് വരികയും അവിടുത്തെ വില്ലാഫ്രാങ്കാ ഡെല്‍ ബീര്‍സോയിലെ ‘പുവര്‍ ക്ലെയേഴ്സ്’ദേവാലയത്തില്‍ അടക്കം ചെയ്യുകയും ചെയ്തു.
ഇതര വിശുദ്ധര്‍
1. മാഴ്സേയിലെ വിക്ടര്‍
2. വേര്‍ഡൂണ്‍ ബിഷപ്പായിരുന്ന അര്‍ബോഗാസ്റ്റ്
3. മോയെന്‍ മൗത്തീയെര്‍ ആശ്രമത്തിലെ ജോണും ബെനിഞ്ഞൂസും
4. ട്രോസിസിലെ ക്ലാവുദീയൂസ്, യുസ്തൂസ്, യുക്കുന്തിനൂസ്
5. ഡാനിയേല്‍ പ്രവാചകന്‍