Thursday, October 17, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints JulyJuly 23: വിശുദ്ധ ബ്രിജെറ്റ്

July 23: വിശുദ്ധ ബ്രിജെറ്റ്

സ്വീഡനിലെ ഒരു കുലീന കുടുംബത്തിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ ബ്രിജെറ്റ് ജനിച്ചത്‌. വളരെ വിശുദ്ധമായൊരു ജീവിതമായിരുന്നു ബ്രിജെറ്റ് നയിച്ചിരുന്നത്. തന്റെ പത്താമത്തെ വയസ്സില്‍ വിശുദ്ധ രക്ഷകനായ കര്‍ത്താവിന്റെ പീഡാസഹനങ്ങളെപ്പറ്റിയുള്ള ഒരു പ്രബോധനം കേള്‍ക്കുവാനിടയായി. അടുത്ത രാത്രിയില്‍ ചോരചിന്തിക്കൊണ്ട് കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ ദര്‍ശനം വിശുദ്ധക്കു ലഭിച്ചു. കൂടാതെ കര്‍ത്താവ്‌ തന്റെ സഹനങ്ങളെപ്പറ്റി അവള്‍ക്ക് വെളിപ്പെടുത്തികൊടുക്കുകയും ചെയ്തു. അതിനു ശേഷം വിശുദ്ധ കര്‍ത്താവിന്റെ സഹനങ്ങളെപ്പറ്റി ധ്യാനിക്കുക പതിവായിരുന്നു. ഇതിനെപ്പറ്റി ധ്യാനിക്കുമ്പോഴൊക്കെ ഹൃദയം നൊന്ത് കരയുമായിരിന്നു. അത്രക്ക് ശക്തമായിരുന്നു വിശുദ്ധയുടെ ധ്യാനം.

ബ്രിജെറ്റിന് വിവാഹ പ്രായമായപ്പോള്‍ അവളുടെ മാതാപിതാക്കള്‍ അവളെ നെരിസിയായിലെ രാജകുമാരനായിരുന്ന ഉള്‍ഫോക്ക് വിവാഹം ചെയ്തു കൊടുത്തു. തന്റെ ജീവിതമാതൃക കൊണ്ട് വിശുദ്ധ തന്റെ ഭര്‍ത്താവിനേയും ദൈവഭക്തിയിലധിഷ്ടിതമായ ഒരു ജീവിതത്തിലേക്ക്‌ നയിച്ചു. മാതൃപരമായ സ്നേഹത്തോട് കൂടിത്തന്നെ തന്റെ മക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുവാനായി വിശുദ്ധ തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. ദരിദ്രരെ സഹായിക്കുന്ന കാര്യത്തില്‍ വളരെയേറെ ഉത്സാഹവതിയായിരുന്നു വിശുദ്ധ. രോഗികളെ സ്വീകരിക്കുവാനായി ഒരു ഭവനം തന്നെ അവള്‍ നിര്‍മ്മിച്ചു. അവിടെ വെച്ച് പലപ്പോഴും വിശുദ്ധ അവരുടെ പാദങ്ങള്‍ കഴുകി ചുംബിക്കുമായിരുന്നു.

വിശുദ്ധ യാക്കോബിന്റെ ശവകുടീരം സന്ദര്‍ശിക്കുന്നതിനായി വിശുദ്ധ തന്റെ ഭര്‍ത്താവിനൊപ്പം കോമ്പോസ്റ്റെല്ലായിലേക്കൊരു തീര്‍ത്ഥാടനം നടത്തി. അവരുടെ മടക്കയാത്രയില്‍ അറാസില്‍ വെച്ച് അവളുടെ ഭര്‍ത്താവിന് മാരകമായ അസുഖം പിടിപ്പെട്ടു. എന്നാല്‍ ആ രാത്രിയില്‍ വിശുദ്ധ ഡിയോണിസിയൂസ് ബ്രിജെറ്റിനു പ്രത്യക്ഷപ്പെടുകയും അവളുടെ ഭര്‍ത്താവിന്റെ രോഗശാന്തിയുള്‍പ്പെടെ സംഭവിക്കാനിരിക്കുന്ന പല കാര്യങ്ങളും അവള്‍ക്ക്‌ വെളിപ്പെടുത്തികൊടുത്തു.

ബ്രിജെറ്റ്- ഉള്‍ഫോക്ക് ദമ്പതികള്‍ക്ക് എട്ട് മക്കളുണ്ടായിരുന്നു. വിശുദ്ധ കാതറിന്‍ ഈ ദമ്പതികളുടെ ഒരു മകളായിരുന്നു. ഉള്‍ഫോ പിന്നീട് ഒരു സിസ്റ്റേറിയന്‍ സന്യാസിയായെങ്കിലും അധികം താമസിയാതെ തന്നെ മരണപ്പെട്ടു. അതിനു ശേഷം ഒരു സ്വപ്നത്തിലൂടെ തന്നെ വിളിക്കുന്ന കര്‍ത്താവിന്റെ സ്വരം കേട്ട വിശുദ്ധ കൂടുതല്‍ കഠിനമായ ജീവിതരീതികള്‍ സ്വീകരിച്ചു. ദൈവം അവള്‍ക്ക്‌ നിരവധി രഹസ്യങ്ങള്‍ വെളിപ്പെടുത്തി കൊടുത്തു. അധികം വൈകാതെ വിശുദ്ധ ‘ഓര്‍ഡര്‍ ഓഫ് ദി മോസ്റ്റ്‌ ഹോളി സേവ്യര്‍’ എന്ന സന്യാസി സഭയും വാഡ്‌സ്റ്റേനയില്‍ സന്യാസിമാര്‍ക്കും, കന്യാസ്ത്രീകള്‍ക്കുമായി രണ്ടു ആശ്രമങ്ങളും സ്ഥാപിച്ചു.

പിന്നീട് റോമില്‍ എത്തിയ വിശുദ്ധ നിരവധി ആളുകളുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹം ആളികത്തിച്ചു. പിന്നീട് ബ്രിജെറ്റ് ജെറൂസലേമിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി, ജെറൂസലേമില്‍ നിന്നും മടങ്ങി വരുന്ന വഴിക്ക്‌ വിശുദ്ധക്ക് കലശലായ പനി പിടിപ്പെട്ടു. ഒരു വര്‍ഷം മുഴുവനും വിശുദ്ധ രോഗത്താല്‍ കഷ്ടപ്പെട്ടു. അവള്‍ മുന്‍കൂട്ടി പ്രവചിച്ച ദിവസം തന്നെ വിശുദ്ധ ഇഹലോകവാസം വെടിഞ്ഞു കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അവളുടെ മൃതദേഹം ഡ്‌സ്റ്റേനയിലെ ആശ്രമത്തിലേക്ക്‌ മാറ്റി. ബോനിഫസ് ഒമ്പതാമനാണ് ബ്രിജെറ്റിനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയത്. സ്വീഡന്റെ മാധ്യസ്ഥ വിശുദ്ധയാണ് വിശുദ്ധ ബ്രിജെറ്റ്.

ഇതര വിശുദ്ധര്‍

1. റവേന്നായിലെ പ്രഥമ ബിഷപ്പായിരുന്ന അപ്പോളിനാരിസ്

2. റോമന്‍കാരനായ അപ്പൊളോണിയൂസും എവുജിനും ‍

3. മാര്‍സെയിനൈല്‍ ജോണ്‍ കാസ്സിയന്‍

4. ഹെരുന്തോ, റോമൂളാ, റെടേംപ്താ

5. റവേന്നാ ബിഷപ്പായിരുന്ന ;ലിബേരിയൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...