Friday, October 18, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints JuneJune 18: വിശുദ്ധന്‍മാരായ മാര്‍ക്കസും, മാര്‍സെല്ല്യാനൂസും

June 18: വിശുദ്ധന്‍മാരായ മാര്‍ക്കസും, മാര്‍സെല്ല്യാനൂസും

റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ഇരട്ട സഹോദരന്‍മാരായിരുന്നു വിശുദ്ധ മാര്‍ക്കസും വിശുദ്ധ മാര്‍സെല്ല്യാനൂസും. തങ്ങളുടെ യുവത്വത്തില്‍ തന്നെ വിശുദ്ധര്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു, അധികം താമസിയാതെ രണ്ട് പേരും വിവാഹിതരായി. 284-ല്‍ ഡയോക്ലീഷന്‍ അധികാരത്തിലേറിയപ്പോള്‍ അവിശ്വാസികള്‍ മതപീഡനം അഴിച്ചുവിട്ടു; ഇതേ തുടര്‍ന്നു മതമര്‍ദ്ദകര്‍ വിശുദ്ധരായ ഇരട്ടസഹോദരന്‍മാരെ പിടികൂടി തടവിലിടുകയും ശിരഛേദം ചെയ്തു കൊല്ലുവാന്‍ വിധിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ വിധി നടപ്പാക്കുന്നതിന് മുമ്പ് മുപ്പത്‌ ദിവസത്തെ കാലാവധി നേടിയെടുക്കുവാന്‍ വിശുദ്ധന്‍മാരുടെ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞു. ഈ കാലാവധിക്കുള്ളില്‍ അവര്‍ വിജാതീയരുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ സമ്മതിക്കും എന്ന പ്രതീക്ഷയിലായിരുന്നു അത്. വിശുദ്ധരുടെ മാതാപിതാക്കളായ ട്രാന്‍ക്വില്ലീനസും, മാര്‍ഷ്യയും അതീവദുഃഖത്താല്‍ തീരുമാനം മാറ്റുവാന്‍ വിശുദ്ധരോടു കണ്ണുനീരോട് കൂടി കെഞ്ചി അപേക്ഷിച്ചു. എന്നാല്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന വിശുദ്ധ സെബാസ്റ്റ്യന്‍ ഉടനടി തന്നെ റോമിലെത്തുകയും ദിവസവും വിശുദ്ധരുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും അവര്‍ക്ക്‌ ധൈര്യം പകര്‍ന്നു നല്‍കുകയും ചെയ്തു.

ഈ കൂടികാഴ്ചകളുടെ ഫലമായി വിശുദ്ധരുടെ പിതാവും, മാതാവും, ഭാര്യമാരും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. കൂടാതെ നിക്കോസ്ട്രാറ്റസ് എന്ന് പേരായ പൊതു രേഖകളുടെ എഴുത്ത്കാരനും, ക്രോമാറ്റിയൂസ് എന്ന ന്യായാധിപനും വിശ്വാസത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ വന്നു. ക്രോമാറ്റിയൂസാകട്ടെ തന്റെ ന്യായാധിപ പദവി ഉപേക്ഷിച്ചുകൊണ്ട് വിശുദ്ധരെ സ്വതന്ത്രരാക്കി. രാജകൊട്ടാരത്തില്‍ ജോലിചെയ്യുന്ന ഒരു ക്രിസ്ത്യാനി വിശുദ്ധരെ രാജകൊട്ടാരത്തിലെ തന്റെ മുറിയില്‍ ഒളിവില്‍ പാര്‍പ്പിച്ചു. എന്നാല്‍ ഒരു വഞ്ചകന്‍ ഇക്കാര്യം ഒറ്റിക്കൊടുത്തതിന്റെ ഫലമായി വിശുദ്ധരെ പിടികൂടി വീണ്ടും തടവിലടക്കുകയും ചെയ്തു. ക്രോമാറ്റിയൂസിന്റെ പിന്‍ഗാമിയായി നിയമിതനായ ഫാബിയാന്‍ വിശുദ്ധരെ തൂണുകളില്‍ ബന്ധനസ്ഥരാക്കി കാലുകള്‍ തൂണുമായി ചേര്‍ത്ത് ആണിയടിക്കുവാന്‍ ഉത്തരവിട്ടു. ഒരു രാത്രിയും, പകലും വിശുദ്ധന്‍മാര്‍ ഈ നിലയില്‍ കഴിച്ചു കൂട്ടി. അടുത്ത ദിവസം വിശുദ്ധരെ അവര്‍ കുന്തം കൊണ്ടുള്ള ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കി.

286-ലാണ് വിശുദ്ധര്‍ രക്തസാക്ഷിത്വം വരിച്ചത്. 1782-ല്‍ റോമിലെ വിശുദ്ധ കൊസ്മാസിന്റെയും, വിശുദ്ധ ഡാമിയന്റെയും ദേവാലയത്തില്‍, രക്തസാക്ഷിയായിരുന്ന വിശുദ്ധ ഫെലിക്സ് രണ്ടാമന്‍ പാപ്പായുടെ ശവകുടീരത്തിനു സമീപത്തായി ഈ രണ്ട് വിശുദ്ധരുടെയും അവരുടെ പിതാവായിരുന്ന വിശുദ്ധ ട്രാന്‍ക്വില്ലീനസിന്റെയും ശവകുടീരങ്ങള്‍ കണ്ടെത്തി. ഈ വിശുദ്ധരുടെ മാദ്ധ്യസ്ഥത്താല്‍ ബാഡാജോസ്‌ പട്ടണം പലവിധ അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടതിനാല്‍ സ്പെയിനില്‍ ഈ വിശുദ്ധരെ പ്രത്യേകമായി ആദരിച്ചു വരുന്നു.

ഇതര വിശുദ്ധര്‍

1. ബെല്‍ജിയത്തിലെ അലെനാ

2. ബോര്‍ഡോ ബിഷപ്പായ അമാന്തൂസ്

3. സിസിലിയിലെ കലോജെരൂസ്

5. സ്പയിനിലെ സിറിയാക്കൂസ്

6. ജര്‍മ്മനിയിലെ സ്കോണാവിലെ എലിസബത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...