Sunday, November 24, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints MarchMarch 09: റോമിലെ വിശുദ്ധ ഫ്രാന്‍സെസ്

March 09: റോമിലെ വിശുദ്ധ ഫ്രാന്‍സെസ്

റോമിലെ ‘ഒബ്ലാട്ടി ഡി ടോര്‍ ഡെ സ്പെച്ചി’ (Oblati di Tor de Specchi) എന്ന സ്ഥാപനത്തിന്റെ സ്ഥാപകയായിരുന്നു വിശുദ്ധ ഫ്രാന്‍സെസ്. ഉന്നതകുല ജാതയും സമ്പന്നയുമായിരുന്ന വിശുദ്ധ, തന്റെ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്‍ തന്റെ സ്വത്തു മുഴുവന്‍ ഉപേക്ഷിക്കുകയും പരിപൂര്‍ണ്ണ ദാരിദ്ര്യത്തില്‍ ജീവിക്കുകയും ചെയ്തു. തന്റെ കാവല്‍ മാലാഖയുമായി ചിരപരിചിതമായ സംഭാഷണത്തിനുള്ള സവിശേഷ വരം വിശുദ്ധക്ക് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭിച്ചിരുന്നു. വിശുദ്ധ ഫ്രാന്‍സെസയുടെ ജീവിതത്തെ കുറിച്ച് വായിക്കുന്ന ഒരാള്‍ക്ക്, ഭൗതീകലോകത്തിലുമധികമായി ആത്മീയലോകത്താണ് അവള്‍ ജീവിച്ചിരുന്നതെന്ന വസ്തുതയാണ് മനസ്സിലാക്കുവാന്‍ സാധിക്കുക. വാസ്തവത്തില്‍ അതായിരുന്നു അവളുടെ ജീവിതത്തിന്റെ സവിശേഷതയും. വിശുദ്ധരും അനുഗ്രഹീതരുമായ ആത്മാക്കളുമായി വിശുദ്ധ അടുത്ത ബന്ധം പുലര്‍ത്തിയിരിന്നു.

കന്യകയായിരുന്നപ്പോഴത്തേതും, അമ്മയായിരുന്നപ്പോഴത്തേതും, ആത്മീയജീവിതം നയിച്ചപ്പോഴത്തേതുമായ വിശുദ്ധ ഫ്രാന്‍സെസിന്റെ ജീവിതത്തിലെ മൂന്ന്‍ ഘട്ടങ്ങളിലും പ്രത്യേകപദവിയുള്ള മൂന്ന്‍ മാലാഖമാര്‍ വിശുദ്ധയെ അകമ്പടി സേവിച്ചിരിന്നു. നരകത്തിന്റെ കടന്നാക്രമണങ്ങളില്‍ വീഴാതെ പടിപടിയായി അവള്‍ ആത്മീയ പൂര്‍ണ്ണതയിലേക്ക് ആനയിക്കപ്പെട്ടു. പകലും, രാത്രിയും തന്റെ കാവല്‍ മാലാഖ നിഗൂഡമായ ഒരു ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നതായി വിശുദ്ധ കണ്ടു. മൂന്ന് ചെറിയ സ്വര്‍ണ്ണനിറമുള്ള നാരുകള്‍ കൊണ്ട് ആ മാലാഖ നിരന്തരമായി സ്വര്‍ണ്ണനിറമുള്ള നൂലുകള്‍ നെയ്യുകയും അത് തന്റെ കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്നതായും അവള്‍ കണ്ടു.

പിന്നീട് വളരെ ശ്രദ്ധയോടെ ഗോളാകൃതിയില്‍ ചുറ്റിയെടുക്കുന്നതായും വിശുദ്ധ കണ്ടു. വിശുദ്ധയുടെ മരണത്തിന് 6 മാസം മുന്‍പ് മാലാഖ തന്റെ ജോലി മാറ്റിയതായി വിശുദ്ധ കണ്ടു, നൂല് ഉണ്ടാക്കികൊണ്ടിരുന്ന ജോലി മാറ്റി, തന്റെ കയ്യിലുള്ള മനോഹരമായ നൂലുകള്‍ കൊണ്ട് വ്യത്യസ്ഥ വലിപ്പത്തിലുള്ള മൂന്ന്‍ ചവിട്ടുപായകള്‍ (Carpet) മാലാഖ നെയ്തു. ഈ ചവിട്ടുപായകള്‍, വിശുദ്ധ കന്യകയായിരുന്നപ്പോഴത്തേതും, അമ്മയായിരുന്നപ്പോഴത്തേതും, ആത്മീയജീവിതം നയിച്ചപ്പോഴത്തേതുമായ ജീവിത പ്രവര്‍ത്തികളെ പ്രതിനിധീകരിക്കുന്നു.

വിശുദ്ധ ഫ്രാന്‍സെസെയുടെ മരണത്തിനു കുറച്ച് മുന്‍പ്, മാലാഖ വളരെധൃതിയോട് കൂടിയായിരുന്നു തന്റെ ജോലി ചെയ്തിരുന്നതെന്ന് വിശുദ്ധ ശ്രദ്ധിച്ചു. മാത്രമല്ല മാലാഖയുടെ മുഖം മുന്‍പെങ്ങുമില്ലാത്ത വിധം സന്തോഷഭരിതമായിരുന്നു. അവസാന ചവിട്ടുപായ അതിനു വേണ്ടുന്ന നീളത്തില്‍ നെയ്തുകഴിഞ്ഞ അതേ നിമിഷം തന്നെ വിശുദ്ധയുടെ ആത്മാവ് നിത്യാനന്ദം പുല്‍കി.

ഇതര വിശുദ്ധര്‍

1. ഫ്രോയിഡ് മോന്തിലെ ആന്‍റണി

2. യോര്‍ക്ക് ബിഷപ്പായ ബോസോ

3. പുവര്‍ക്ലെയറിലെ ബോളോഞ്ഞായിലെ കത്രീന

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...