Saturday, November 23, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints OctoberOctober 11: വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമൻ

October 11: വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമൻ

1881 നവംബർ 25ന് ഇറ്റലിയിലെ ബെർഗാമൊ രൂപതയിൽപ്പെട്ട സോട്ടോയിൽ ആയിരുന്നു ഏയ്‌ഞ്ചലോ ഗ്യുസെപ്പെ റോണ്‍കാല്ലി എന്ന വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്റെ ജനനം. 14 അംഗ കുടുംബത്തിലെ നാലാമനായാണ് വിശുദ്ധൻ ജനിച്ചത്. പാട്ട വ്യവസ്ഥയിൽ കൃഷിചെയ്തു ജീവിച്ചിരുന്ന ഒരു കുടുംബമായിരിന്നു അദ്ദേഹത്തിന്റേത്. മൂത്ത അമ്മാവനായ സവേരിയോ ആയിരിന്നു കുടുംബകാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. വിവാഹം കഴിക്കാതിരുന്ന ഈ അമ്മാവനായിരുന്നു കുടുംബം നോക്കി നടത്തിയിരുന്നത്. സവേരിയോ തന്നെയായിരുന്നു ഏയ്‌ഞ്ചലോയുടെ തലതൊട്ടപ്പനും മതപരമായ കാര്യങ്ങളിലെ ഗുരുവും.

ക്രിസ്തീയ കുടുംബാന്തരീക്ഷവും ഫാ. ഫ്രാൻസെസ്കോ റെബൂസ്സിനിയുടെ കീഴിലെ ഭക്തിനിർഭരമായ ഇടവക ജീവിതവും വഴി ഏയ്‌ഞ്ചലോക്ക് അതിശക്തമായ ക്രിസ്തീയ വിശ്വാസ പരിശീലനം ലഭിച്ചിരുന്നു. 1892-ൽ ഏയ്‌ഞ്ചലോ ബെർഗാമൊ സെമിനാരിയിൽ ചേർന്നു. ഇവിടെ വച്ചാണ് ആത്മീയ കുറിപ്പുകൾ എഴുതുന്ന പതിവ് വിശുദ്ധൻ ആരംഭിച്ചത്. ഇത് അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു. ഈ കുറിപ്പുകളെല്ലാം കൂട്ടിചേർത്താണ് ‘ഒരു ആത്മാവിന്റെ കുറിപ്പുകൾ’ എന്ന ലേഖന രൂപത്തിലാക്കിയത്.

ബെർഗാമൊ സെമിനാരിയുടെ ആത്മീയ ഡയറക്ടറായ ഫാ. ലൂയിജി ഇസ്സാച്ചിയുടെ നിർദ്ദേശ പ്രകാരം 1896-ൽ വിശുദ്ധൻ സെക്കുലർ ഫ്രാൻസിസ്ക്കൻ സഭയിൽ ചേർന്നു. 1897 മെയ് 23ന് ഇദ്ദേഹം ഇവിടത്തെ ജീവിത നിയമ സംഹിതകൾ തയ്യാറാക്കി. 1901 മുതൽ 1905 വരെ റോമൻ പൊന്തിഫിക്കൽ സെമിനാരിയിലെ ഒരു വിദ്യാർത്ഥിയായിരുന്നു വിശുദ്ധൻ. 1904 ആഗസ്റ്റ് 10ന് റോമിലെ പിസ്സാ ദെൽ പോപോളോയിലെ മോണ്ടെ സാന്റോ സാന്താ മരിയ പള്ളിയിലെ പുരോഹിതനായി അഭിഷിക്തനായി. 1905-ൽ ബെർഗാമൊയിലെ പുതിയ മെത്രാനായി നിയമിതനായ ഗിയാകൊമോ മരിയ റാഡിനി ടെടെസ്ചിയുടെ സെക്രട്ടറിയായി നിയമിതനായി.

1915-ൽ ഇറ്റലി യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ സൈന്യത്തിലെ മെഡിക്കൽ കോർപ്പിൽ സർജന്റ് ആയി നിയമിതനാവുകയും മുറിവേറ്റ സൈനികർക്കുള്ള സൈനിക പാതിരിയായി സേവനത്തിൽ ഏർപ്പെട്ടു. യുദ്ധം അവസാനിച്ചപ്പോൾ യുവാക്കളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു വിദ്യാർത്ഥി ഭവനം (Student House) ഇദ്ദേഹം തുടങ്ങിവച്ചു. 1919-ൽ സെമിനാരിയിലെ ആത്മീയ ഡയറക്ടർ ആയി വിശുദ്ധന്‍ നിയമിതനായെങ്കിലും 1921-ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പാ ഇദ്ദേഹത്തെ റോമിലേക്ക് വിളിക്കുകയും വിശ്വാസ പ്രചാരണ സമിതിയുടെ അധ്യക്ഷനായി നിയമിക്കുകയും ചെയ്തു.

1925-ൽ പിയൂസ്‌ പതിനൊന്നാമൻ പാപ്പാ ഇദ്ദേഹത്തെ ബൾഗേറിയയിലെ ‘അപ്പസ്തോലിക് വിസിറ്റർ’ ആയി നിർദ്ദേശിക്കുകയും അരിയോപോളിസ് രൂപതയുടെ ‘എപ്പിസ്കോപ്പേറ്റ്’ ആയി ഉയർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അപ്പസ്തോലിക സന്ദേശമായി അദ്ദേഹം തിരഞ്ഞെടുത്ത ‘അനുസരണയും സമാധാനവും’ (Oboedientia et Pax) പിന്നീടുള്ള ജീവിതം മുഴുവനും വിശുദ്ധനെ നയിക്കുന്ന സന്ദേശമാറി. 1925 മാർച്ച് 19ന് ബൾഗേറിയയിലേക്ക് തിരിച്ച് വരികയും അവിടുത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. അവിടെ വച്ച് അദ്ദേഹത്തിന് അപ്പോസ്തോലിക പ്രതിനിധി എന്ന സ്ഥാനം നൽകുകയും 1935 വരെ ഇത് തുടരുകയും ചെയ്തു. ഇക്കാലയളവിൽ അദ്ദേഹം അവിടത്തെ ക്രിസ്ത്യൻ സമൂഹങ്ങൾ സന്ദർശിക്കുകയും മാത്രമല്ല മറ്റ് ക്രിസ്ത്യൻസമൂഹവുമായി നല്ല ബന്ധം വച്ചുപുലർത്തുകയും ചെയ്തു.

1935-ൽ തുർക്കിയിലെയും ഗ്രീസിലെയും അപ്പസ്തോലിക പ്രതിനിധിയായി നിർദ്ദേശിക്കപ്പെട്ടു. കത്തോലിക്കർക്കിടയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയേറെ തീവ്രമായതായിരുന്നു. കൂടാതെ ഓർത്തഡോക്സ് സഭയും ഇസ്ലാമിക ലോകവുമായുള്ള ഇദ്ദേഹത്തിന്റെ ബഹുമാനത്തോടെയുള്ള ഇടപഴകലും സംഭാഷണ രീതിയും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. 1944 ഡിസംബറിൽ പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ ഇദ്ദേഹത്തെ ഫ്രാൻസിലെ തന്റെ സ്ഥാനപതിയായി നിയമിച്ചു.

പിയൂസ് പന്ത്രണ്ടാമന്റെ നിര്യാണത്തിനു ശേഷം ഇദ്ദേഹത്തെ അടുത്ത മാർപാപ്പയായി 1958 ഒക്ടോബർ 28ന് ജോണ്‍ ഇരുപത്തിമൂന്നാമൻ എന്ന നാമധേയത്തോടുകൂടി തിരഞ്ഞെടുത്തു. അഞ്ചു വർഷം നീണ്ടു നിന്ന ഇദ്ദേഹത്തിന്റെ പാപ്പാ ജീവിതം വഴി ലോകം മുഴുവനും സൗമ്യനും മാന്യനും ഊർജ്ജസ്വലനുമായ ഒരു നല്ല ഇടയന്റെ ചിത്രമാണ് സമ്മാനിച്ചത്. തടവുകാരെയും രോഗികളെയും സന്ദർശിക്കുകയും ചെയ്യുക വഴി കാരുണ്യത്തിന്റെ ക്രിസ്തീയ മാതൃക അദ്ദേഹം ലോകത്തിന് തുറന്നു നല്കി.

‘അമ്മയും അധ്യാപികയും’ എന്ന തലക്കെട്ടിൽ ക്രിസ്തു മതവും സമൂഹ പുരോഗതിയും എന്ന വിഷയത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ ഇടയലേഖനം ലോകമെങ്ങും വളരെയേറെ അഭിനന്ദിക്കപ്പെട്ടിട്ടുള്ളതാണ്. ഇദ്ദേഹം റോമൻ സിനഡ് വിളിച്ചു കൂട്ടുകയും, തിരുസഭാ ചട്ടങ്ങൾ നവീകരിക്കുന്നതിനായി ഒരു സമിതിയെ നിയമിക്കുകയും, രണ്ടാം വത്തിക്കാൻ കൗണ്‍സിൽ വിളിച്ചുകൂട്ടുകയും ചെയ്തു. വിശ്വാസികൾ ഇദ്ദേഹത്തിൽ ദൈവത്തിന്റെ നന്മ ദർശിക്കുകവഴി ‘നല്ല പാപ്പാ’ എന്നാണ് വിളിച്ചിരുന്നത്. ക്രിസ്തുവിൽ അഗാധമായ വിശ്വാസവും ക്രിസ്തുവിനെ പുൽകുവാനുള്ള ഉത്കടമായ ആഗ്രഹവും ഉള്ള ജോണ്‍ ഇരുപത്തിമൂന്നാമൻ പാപ്പാ 1963 ജൂണ്‍ 3ന് ക്രിസ്തുവിൽ അന്ത്യനിദ്ര പ്രാപിച്ചു.

ഇതര വിശുദ്ധര്‍

1. പാരിഡു ബിഷപ്പായിരുന്ന അജില്‍ബെര്‍ട്ട്

2. കൊഴ്സിക്കയിലെ അലക്സാണ്ടര്‍ സാവുളി

3. അനസ്റ്റാസിയൂസ്, പ്ലാസിഡ്, ജെനേസിയൂസ്

4. അന്‍സീലിയോ

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...