Saturday, November 23, 2024
Homeഅനുദിന വിശുദ്ധര്‍Daily Saints OctoberOctober 12: വിശുദ്ധ വിൽഫ്രിഡ്

October 12: വിശുദ്ധ വിൽഫ്രിഡ്

വിശുദ്ധ വിൽഫ്രിഡ് നോർത്തംബ്രിയയിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. ലിൻഡ്സിഫാർനെ എന്ന സ്ഥലത്ത് ആയിരുന്നു വിദ്യാഭ്യാസം. ചെറുപ്പത്തിൽ തന്നെ അറിവ് നേടുന്നതിനും, സന്യാസ ജീവിതത്തോടും വളരെയേറെ താൽപ്പര്യമുള്ളവനായിരുന്നു വിശുദ്ധൻ. യുവാവായപ്പോൾ അദ്ദേഹം കാന്റർബറിയിലേക്കും പിന്നീട് റോമിലേക്കും ഒരു യാത്ര നടത്തി. തന്റെ മടക്കയാത്രയിൽ റിപ്പോണ്‍, സ്റ്റാംഫോഡ് എന്നീ സ്ഥലങ്ങളിൽ സന്യാസ ആശ്രമങ്ങൾ സ്ഥാപിക്കുകയും, എ.ഡി 664-ലെ വിറ്റ്ബി സിനഡിലെ റോമൻ ആചാരങ്ങളുടെ പ്രധാന വക്താവ്‌ എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിക്കുകയും ചെയ്തു.

അധികം താമസിയാതെ യോർക്കിലെ മെത്രാനായി നിയമിതനായ വിശുദ്ധ വിൽഫ്രിഡ് സമർപ്പിത ജീവിതത്തിനായി ഫ്രാൻസിലേക്ക് പുറപ്പെട്ടു. ഇദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ സ്ഥാനത്ത് ചാഡ്‌ യോർക്കിലെ മെത്രാനായി അഭിഷിക്തനാവുകയും നാലു വർഷത്തോളം ആ പദവിയിൽ തുടരുകയും ചെയ്തു. ഇക്കാലയളവിൽ വിൽഫ്രിഡ് ഔണ്ട്ളെ എന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിക്കുകയും മേഴ്സിയായിലെ മെത്രാനായി വർത്തിക്കുകയും ചെയ്തു. തുടർന്ന് ആർച്ച്‌ ബിഷപ്പ് തിയോഡർ ഇദ്ദേഹത്തെ യോർക്കിലെ മെത്രാനായി അഭിഷേകം ചെയ്തു.

ഒമ്പത് വർഷക്കാലം വിശുദ്ധ വിൽഫ്രിഡ് ഈ രൂപതയെ ഭരിച്ചു. ഹെക്സ്ഹാമിലെ ആശ്രമവും ഇദ്ദേഹം തന്നെയാണ് സ്ഥാപിച്ചത്. ഇക്കാലത്ത് നോർത്തംബ്രിയയിലെ രാജാവായ എഗ്ഫിർത്തിന്റെ അപ്രീതിക്ക് വിശുദ്ധൻ പാത്രമായതിനാൽ ആർച്ച്‌ ബിഷപ്പ് തിയോഡർ വിശുദ്ധന്റെ രൂപതയെ ഇദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ നാല് ഭാഗങ്ങളായി വിഭജിച്ചു. ഇതിനെതിരെ നിവേദനം കൊടുക്കുന്നതിനായി വിൽഫ്രിഡ് റോമിലേക്ക് പോയി ഇദ്ദേഹത്തിന്റെ നിവേദനം സ്വീകരിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തുവെങ്കിലും നോർത്തംബ്രിയയിൽ തിരിച്ചെത്തിയപ്പോൾ പോപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം (Pope’s Bull) കളവായി നിർമ്മിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ തടവിലാക്കി.

തടവിൽ നിന്ന് മോചിതനായ ശേഷം വിശുദ്ധൻ സസെക്സിലേക്ക് പോയി. അവിടത്തെ വിജാതീയർക്കിടയിൽ അഞ്ചു വർഷത്തോളം അദ്ദേഹം സുവിശേഷം പ്രഘോഷിച്ചു നടന്നു. ഇക്കാലയളവിൽ സസെക്സിൽ കടുത്ത ക്ഷാമം ഉണ്ടായി. മൂന്ന് വർഷക്കാലം നീണ്ടു നിന്ന ഈ ക്ഷാമത്തിന്റെ ഫലമായി അവിടത്തെ ജനങ്ങൾ ദുരിതവും പട്ടിണി മൂലവും നിരാശയിലായി. ഇതിൽ മനംനൊന്ത വിശുദ്ധൻ അവരെ മീൻ പിടിക്കുന്നതിനു പഠിപ്പിച്ചു. ഇത് അവർക്ക് വിശുദ്ധനോടുണ്ടായിരുന്ന ആദരവ് വർദ്ധിപ്പിക്കുകയും ചെയ്തു. വിശുദ്ധൻ വഴി പല അനുഗ്രഹങ്ങളും അവർക്ക് ലഭിച്ചുവെങ്കിലും കൂടുതൽ സ്വർഗ്ഗീയാനുഗ്രഹങ്ങൾക്കായുള്ള പ്രതീക്ഷ അവരിൽ ഉളവാക്കുകയും ചെയ്തു. അവർക്കിടയിലുള്ള അദ്ദേഹത്തിന്റെ കഠിന പരിശ്രമങ്ങൾ വിജയം കണ്ടു തുടങ്ങി.

സെൽസി എന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ആർച്ച്‌ ബിഷപ്പ് തിയോഡർ മരണക്കിടക്കയിലായപ്പോൾ വിൽഫ്രിഡിനോടുള്ള തന്റെ പ്രവർത്തിയിൽ പശ്ചാത്താപ വിവശനാവുകയും കാന്റർബറിയിൽ തന്റെ പിൻഗാമിയായി വിശുദ്ധനെ നിശ്ചയിക്കുകയും ചെയ്തു. വിശുദ്ധൻ ഈ പദവി നിഷേധിച്ചുവെങ്കിലും ഇതു വഴി അദ്ദേഹം തന്റെ നോർത്തംബ്രിയയിലേക്കുള്ള തിരിച്ചു വരവ് സുരക്ഷിതമാക്കി. എന്നിരുന്നാലും അദ്ദേഹത്തിന്റെ ശത്രുക്കൾ നോർത്തംബ്രിയയിലെ ഇദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കിയതിനാൽ വിശുദ്ധൻ മേഴ്സിയായിലേക്ക് പോവുകയും അവിടത്തെ ലിച്ച്ഫീൽഡ് എന്ന സ്ഥലത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു.

അവിടെ അദ്ദേഹം ഏതാണ്ട് പത്ത് വർഷത്തോളം കഠിന പ്രയത്നം ചെയ്തു. എന്നിരുന്നാലും മെത്രാന്മാരും പ്രഭുക്കളുമടങ്ങിയ നോർത്തംബ്രിയൻ സമിതി ഇദ്ദേഹത്തെ വിചാരണക്കായി ഇദ്ദേഹത്തെ തിരിച്ചു വിളിക്കുകയും കുറ്റക്കാരനെന്നു വിധിക്കുകയും ചെയ്തു. ഒരിക്കൽ കൂടി വിശുദ്ധൻ റോമിൽ നിവേദനം നൽകി. ഇക്കാലത്ത് നോർത്തംബ്രിയയിലും റോമിലെ വിധിന്യായം സ്വീകരിച്ചു തുടങ്ങിയിരുന്നു. വിശുദ്ധന്റെ നിവേദനം റോമിൽ സ്വീകരിക്കുകയും വിശുദ്ധന് അനുകൂലമായ വിധിയുണ്ടാവുകയും ചെയ്തു.

ഇതര വിശുദ്ധര്‍

1. ഫ്രഞ്ച് യോദ്ധാക്കളായ അമിക്കൊസും അമേലിയൂസും

2. അന്‍സാര്‍ബസ്സിലെ ദോമ്നിന

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...