back to top
Saturday, September 6, 2025
Homeഅനുദിന വിശുദ്ധര്‍Daily Saints OctoberOctober 27: വിശുദ്ധ ഫ്രൂമെന്റിയൂസ്

October 27: വിശുദ്ധ ഫ്രൂമെന്റിയൂസ്

ടൈറില്‍ നിന്നുള്ള ഫിനീഷ്യന്‍ സഹോദരന്‍മാരായ എദേസിയൂസും, ഫ്രൂമെന്റിയൂസുമാണ് അബീസ്സിനിയായില്‍ ക്രൈസ്തവ വിശ്വാസം എത്തിച്ചത്‌. ബാലന്മാരായിരിക്കെ തന്നെ അവര്‍ അവരുടെ അമ്മാവനായ മെട്രോപിയൂസിനോപ്പം അബീസ്സിനിയായിലെക്കൊരു കടല്‍ യാത്രനടത്തി. വിശുദ്ധ ഫ്രൂമെന്റിയൂസ് എതാണ്ട് 383-ല്‍ അക്സുമിലെ ആദ്യ മെത്രാനും കൂടാതെ അബീസ്സിനിയായിലെ അപ്പോസ്തോലനും ആയി.

ചെങ്കടലിലെ ഒരു തീരത്ത് അവരുടെ കപ്പല്‍ അടുത്തപ്പോള്‍ പരിസര പ്രദേശങ്ങളിലെ ആളുകള്‍ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയുമൊഴികെ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും കൊലപ്പെടുത്തി. ബാലന്മാരായ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയും പിടികൂടി അടിമകളാക്കി അക്സുമിലെ രാജാവിന്റെ പക്കല്‍ എത്തിച്ചു. ഇത് ഏതാണ്ട് 316-ല്‍ ആണ് സംഭവിച്ചത്‌. അധികം താമസിയാതെ തന്നെ ബാലന്മാര്‍ രാജാവിന്റെ പ്രീതിക്ക് പാത്രമായി. രാജാവ്‌ ഇവരെ തന്റെ മരണത്തിന് മുന്‍പ്‌ ഇവരെ സ്വതന്ത്രരാക്കുകയും വിശ്വസ്ത പദവികളിലേക്ക് നിയമിക്കുകയും ചെയ്തു.

രാജാവിന്റെ മരണശേഷം വിധവയായ രാജ്ഞി, മകനായ ഇറാസനെസിനെ പഠിപ്പിക്കുന്നതിലും രാജ്യഭരണത്തില്‍ തന്നെ സഹായിക്കുന്നതിനായി ഇവരെ ചുമതലപ്പെടുത്തുകയും ചെയ്തു. അവര്‍ അവിടെ തങ്ങുകയും തങ്ങളുടെ സ്വാധീനമുപയോഗിച്ച് ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. അനേകര്‍ക്ക് ക്രിസ്തീയ വിശ്വാസം പകര്‍ന്ന് നല്കാന്‍ വിശുദ്ധ ഫ്രൂമെന്റിയൂസിന് കഴിഞ്ഞു. ആദ്യമായി അവര്‍ ക്രിസ്ത്യന്‍ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുകയും പൊതുസ്ഥലങ്ങളില്‍ കൂടിച്ചേരുന്നതിനും അവിടെ വച്ച് തങ്ങളുടെ ആരാധനകള്‍ നടത്തുന്നതിനും വേണ്ട അനുവാദം നേടികൊടുക്കുകയും ചെയ്തു.

അനേകം പ്രദേശവാസികള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. രാജകുമാരന് പ്രായപൂര്‍ത്തിയായപ്പോള്‍ എദേസിയൂസ് ടൈറിലുള്ള തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുക്കലേക്ക് തിരിച്ചുപോയി. പിന്നീട് അദ്ദേഹം അബീസ്സിനിയായിലേക്ക് തിരിച്ചു വന്നില്ല. എന്നാല്‍ അബീസ്സിനിയായെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ തല്‍പ്പരനായ ഫ്രൂമെന്റിയൂസാകട്ടെ അലെക്സാണ്ട്രിയ വരെ എദേസിയൂസിനെ പിന്തുടര്‍ന്നു. അവിടെ വച്ച് വിശുദ്ധ അത്തനാസിയൂസിനോട് ഒരു മെത്രാനെയും കുറച്ചു വൈദികരെയും അബീസ്സിനിയായിലേക്ക്‌ അയക്കുവാന്‍ ആവശ്യപ്പെട്ടു.

ഫ്രൂമെന്റിയൂസ് തന്നെയാണ് ഇതിനു പറ്റിയ ആള്‍ എന്ന് മനസ്സിലാക്കിയ വിശുദ്ധ അത്തനാസിയൂസ് 328-ല്‍ ഫ്രൂമെന്റിയൂസിനെ അവിടത്തെ മെത്രാനായി വാഴിക്കുകയും ചെയ്തു. ഇത്‌ സംഭവിച്ചത്‌ 340നും 346നും ഇടക്കാണെന്നാണ് കരുതപ്പെടുന്നത്. ഫ്രൂമെന്റിയൂസ് അബീസ്സിനിയായിലേക്ക്‌ തിരിച്ച് വരികയും അക്സുമില്‍ തന്റെ മെത്രാന്‍ ഭരണം ആരംഭിക്കുകയും ചെയ്തു. അപ്പോള്‍ അധകാരത്തിലേറിയ രാജാവായ ഐസനാസും ക്രിസ്തീയ വിശ്വാസം പ്രഘോഷിച്ചു കൊണ്ട് ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ അതീവ പ്രയത്നം നടത്തിയ ഫ്രൂമെന്റിയൂസ് ധാരാളം പള്ളികള്‍ പണിയുകയും അബീസ്സിനിയാ മുഴുവന്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു.

അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ അബൂന (ഞങ്ങളുടെ പിതാവ്‌) അല്ലെങ്കില്‍ അബ്ബാ സലാമ (സമാധാനത്തിന്റെ പിതാവ്‌) എന്ന പേരുകളിലായിരുന്നു വിളിച്ചിരുന്നത്. അബീസ്സിനിയന്‍ സഭാധികാരി ഇപ്പോഴും ഈ പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. 365-ല്‍ കോണ്‍സ്റ്റാന്റിയൂസ് ചക്രവര്‍ത്തി ഐസനാസ് രാജാവിനും അദ്ദേഹത്തിന്റെ സഹോദരനുമായി ഒരു കത്തെഴുതുകയും അതില്‍ ഫ്രൂമെന്റിയൂസിനെ മാറ്റി പകരം അരിയന്‍ മെത്രാനായ തിയോഫിലൂസിനെ നിയമിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഈ ആവശ്യം വൃഥാവിലായി. ലാറ്റിന്‍ ജനത ഈ വിശുദ്ധന്റെ തിരുന്നാള്‍ ഒക്ടോബര്‍ 27നും, ഗ്രീക്ക്കാര്‍ നവംബര്‍ 30നും കോപ്റ്റിക് ക്രിസ്ത്യാനികള്‍ ഡിസംബര്‍ 18നുമാണ് ആഘോഷിക്കുന്നത്. പുതിയ നിയമത്തിന്റെ ആദ്യ എത്യോപ്യന്‍ തര്‍ജ്ജമ ഇദ്ദേഹമാണ് നടത്തിയതെന്നാണ് അബീസ്സിനിയക്കാര്‍ വിശ്വസിക്കുന്നത്.

ഇതര വിശുദ്ധര്‍

1. അയര്‍ലണ്ടിലെ അബ്ബാന്‍

2. ഈജിപ്തിലെ അബ്രഹാം

3.കപ്പിത്തോളിനായും ദാസി എറോത്തെയിസും

4.കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സിറിയാക്കൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

ഒരു നിമിഷം...