1581-ല്‍ സ്പെയിനിലെ കാറ്റലോണിയയിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ ജനിച്ചത്. ജെസ്യൂട്ട് സഭയില്‍ അംഗമായ വിശുദ്ധന്‍, ടാരഗോണയിലെ തന്റെ പൗരോഹിത്യ പഠനം കഴിഞ്ഞ ഉടനെ പാല്‍മയിലുള്ള മോണ്ടെസിയോണേ കോളേജിലേക്ക് അയക്കപ്പെട്ടു. അവിടെ വെച്ചാണ് വിശുദ്ധന്‍ വിനയാന്വിതനായ ചുമട്ട്കാരനായിരുന്ന അല്‍ഫോണ്‍സെ റോഡ്രിഗസ് (ഇദ്ദേഹവും ഒരു വിശുദ്ധനാണ്) എന്ന സഹോദരനെ കണ്ട് മുട്ടുന്നത്. അദ്ദേഹമാണ് വിശുദ്ധന്റെ ആത്മാവില്‍ ആഫ്രിക്കയിലെ അടിമകളെ രക്ഷിക്കുവാനുള്ള ആഗ്രഹത്തിന്റെ അഗ്നിജ്വാലകള്‍ ജ്വലിപ്പിച്ചത്. 1610 ഏപ്രിലില്‍ തന്റെ മേലധികാരികളുടെ അനുവാദത്തോട് കൂടി വിശുദ്ധന്‍ ന്യൂ ഗ്രാനഡായിലേക്ക് യാത്ര തിരിച്ചു. പിന്നീട് ഒരിക്കലും അദ്ദേഹം തന്റെ സ്വദേശമായ സ്പെയിനിലേക്ക് തിരികെ വന്നില്ല.
1615 ആയപ്പോഴേക്കും പീറ്റര്‍ തന്റെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കാര്‍ട്ടാജെനായില്‍ ഒരു പുരോഹിതനായി അഭിഷിക്തനായി. ഈ തിരക്കേറിയ തുറമുഖ നഗരത്തില്‍ ചുട്ടുപൊള്ളുന്ന ചൂടിലാണ് പുരോഹിതനായ പീറ്റര്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട അടിമച്ചന്തയായിരുന്നു കാര്‍ട്ടാജെനാ. ആയിരകണക്കിന് കറുത്തവര്‍ഗ്ഗക്കാരെ കൊണ്ട് വരികയും ഒരുമിച്ച് പാര്‍പ്പിക്കുകയും, ഏറ്റവും കൂടുതല്‍ തുകക്ക് ലേല പ്രകാരം വില്‍ക്കുകയും ചെയ്യുന്ന സ്ഥലമായിരിന്നു അത്.
ആഫ്രിക്കയില്‍ നിന്നും പിടികൂടുന്ന ഈ അടിമകളെ ആറുപേരുടെ കൂട്ടമായി ചങ്ങലയാല്‍ ബന്ധിതരാക്കി, 100-200 പേരെ ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമായ കപ്പലില്‍ 600-800 ഓളം അടിമകളെ കപ്പലിന്റെ താഴത്തെ അറകളില്‍ കുത്തിനിറച്ചായിരുന്നു കൊണ്ട് വന്നിരുന്നത്. അവരോടുള്ള പെരുമാറ്റം വളരെയേറെ ക്രൂരമായിരുന്നതിനാല്‍ യാത്രക്കിടയില്‍ തന്നെ മൂന്നിലൊരാള്‍ എന്ന കണക്കില്‍ മരണപ്പെടുമായിരുന്നു.
ഈ ജനങ്ങളുടെ ഇടയിലായിരുന്നു വിശുദ്ധ പീറ്ററിന് തന്റെ പ്രേഷിതപ്രവര്‍ത്തനം നടത്തേണ്ടിയിരുന്നത്. ഓരോ അടിമകപ്പലുകള്‍ എത്തുമ്പോള്‍ തന്നെ വിശുദ്ധന്‍ അവിടെ ചെല്ലുകയും അവരെകാണുകയും പതിവായിരുന്നു. അവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പോവുകയും, അവര്‍ക്ക് ഭക്ഷണവും, വെള്ളവും, മരുന്നും, വസ്ത്രങ്ങളും നല്‍കുമായിരുന്നു. വിശുദ്ധന്‍ പറഞ്ഞിരിക്കുന്നത് പോലെ “നാം അവരോട് നമ്മുടെ അധരങ്ങള്‍ കൊണ്ട് സംസാരിക്കുന്നതിന് മുന്‍പ് നമ്മുടെ കൈകള്‍ കൊണ്ട് സംസാരിക്കേണ്ടി വരും.” എന്നിരുന്നാലും അവരില്‍ ഭൂരിഭാഗം പേരേയും വിശുദ്ധന്‍ ദൈവമാര്‍ഗ്ഗത്തിലേക്ക് കൊണ്ട് വന്നു. ദൈവത്തിന്റെ വാഗ്ദാനത്തിന്റെ പ്രതീക്ഷയുടേതായ ആശ്വാസമായിരുന്നു വിശുദ്ധന്‍ അവര്‍ക്ക് നല്‍കിയത്. ഏതാണ്ട് മൂന്ന്‍ ലക്ഷത്തോളം പേര്‍ വിശുദ്ധന്റെ കൈകളാല്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയുണ്ടായി.
കറുത്തവര്‍ഗ്ഗക്കാരായ അടിമകള്‍ക്കിടയില്‍ ഇരുപത്തി ഏഴോളം വര്‍ഷക്കാലം സമര്‍പ്പിത സേവനം ചെയ്തതിനു ശേഷം വിശുദ്ധ പീറ്റര്‍ ക്ലാവെര്‍, 1654 സെപ്റ്റംബര്‍ 8-ന് കാര്‍ട്ടാജെനായില്‍ വെച്ച് മരണപ്പെട്ടു. 1888 ജനുവരി 15-ന് ലിയോ പതിമൂന്നാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുകയും, നീഗോകളുടെ പ്രത്യേക മാധ്യസ്ഥനായി പ്രഖ്യാപിക്കുകയും ചെയ്തു. അടിമകളുടെ പ്രേഷിതനാകുവാന്‍ വിശുദ്ധന് പ്രചോദനം നല്‍കിയ വിനയാന്വിതനായ ചുമട്ട് കാരനായിരുന്ന അല്‍ഫോണ്‍സെ റോഡ്രിഗസിനേയും ഇതേസമയത്ത് തന്നെ വിശുദ്ധനായി പ്രഖ്യാപിക്കുകയുണ്ടായി.
ഇതര വിശുദ്ധര്‍
1. ഐറിഷു കന്യകയായിരുന്ന ഓസ്‌മാന്നാ
2. ഓമര്‍
3.മെഴ്സിയായിലെ ബെറ്റെലിന്‍
4. അയര്‍ലന്‍റിലെ കിയെറാന്‍